എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ....

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ ദിനങ്ങൾ....

പരീക്ഷാ ചൂടിന്റെ സമയത്താണ് കോവിഡ് കാലം വന്നത്. എട്ടാം ക്ലാസ്സ് വരേയുള്ള കുട്ടികൾക്ക് പരീക്ഷയില്ല എന്ന TV ന്യൂസ് എന്റെ വീട്ടുകാർ എന്നേ കാണിക്കാതെ മൂന്നു ദിവസം ഒളിപ്പിച്ചു. ഒടുവിൽ എന്റെ കൂട്ടുകാരൻ ബൃഹത്ത് ഫോൺ ചെയ്തപ്പോഴാണ് ആ സത്യം ഞാനറിയുന്നത്. പൊട്ടിച്ചിരിക്കണോ തുള്ളിച്ചാടണോ എന്നറിയാതെ ഞാൻ നിന്നു പോയി. എങ്കിലും ഒരു വിഷമം കൂട്ടുകാരെ കാണാൻ പറ്റില്ലല്ലോ എന്ന്. എന്റെ കുന്നുമാ ചേച്ചി പറഞ്ഞു "എടാ കുറച്ചു ദിവസം എന്നെ നിന്റെ ഫ്രെന്റായിട്ടങ്ങ് കണ്ടാ മതീന്ന് ". കോവിഡ് 19 ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മനസ്സിലായി ഓ ഇനീ കുറച്ചു നാൾ കുന്നുമാ ചേച്ചിയേയും മുത്ത് ചേച്ചിയേയും ചേച്ചിമാരായിട്ട് മാത്രമല്ല ഫ്രെന്റായിട്ട് കണ്ടേ പറ്റു എന്ന്. ഞങ്ങൾ കുറേകളികൾ കളിച്ചു. സ്നേക്ക് ആന്റ് ലാഡർ, ലൂഡോ, അക്ഷരംവെട്ട്, കളംവെട്ട്, അന്താക്ഷരി, പബ്ജി, ചെസ്സ്. ഇങ്ങനെ പല കളികൾ. കൂട്ടുകാരുമായി കളിക്കുന്നതിനേക്കാൾ രസമാ ചേച്ചിമാരുമായി കളിക്കാൻ കാരണം എനിക്ക് സങ്കടമാകുമെന്ന് കരുതി അവർ എപ്പോഴും എന്നെ ജയിപ്പിക്കും. മറ്റൊരു കാര്യം വീട്ടിലെ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ എങ്ങനെയാണ് നടക്കുന്നത് എന്ന് ഞാനടുത്തറിഞ്ഞത് ഈ ലോക്ക്ഡൗൺകാലത്താണ്. അമ്മയുടെയും അപ്പാച്ചിയുടേയും കൂടെ ഞാനും ഒരു കൊച്ചു തൂമ്പയുമായി കൃഷി ചെയ്തു. എന്റെ കടുകു ചെടികളും മല്ലിച്ചെടികളുമൊക്കെ എന്റെ മുട്ടിനത്രയും വളർന്നു.വെള്ളമൊഴിക്കാൻ മറന്നു പോകുന്ന ദിവസം അമ്മ പറയുവാ ആ ചെടികൾ "എസ്രാ ചേട്ടാ... എസ്രാ ചേട്ടാ വെള്ളം താ..."എന്ന് പറഞ്ഞ് കരഞ്ഞെന്ന്. അമ്മ എന്നെ പറ്റിക്കുവാന്നെനിക്കറിയാം. അപ്പാച്ചിയും ഞാനും കൂടി കുറേ ബോൺസായ് ചെടികൾ നട്ടു, കേടായി കിടന്ന കൂളറും, ഇലക്ട്രിക്ക് ഉപകരണങ്ങളും നന്നാക്കി, കുറേ പാട്ടുകൾ പാടി ,മുത്തേച്ചി എന്നേ അഭിനയിപ്പിച്ച് ലിൽ ഡീഡ്സ് എന്ന ഷോർട്ട് ഫിലിം സീരീസ് ചെയ്തു. അങ്ങനെ ഉഷാറായിരുന്നു എന്റെ ലോക്ക്ഡൗൺ ദിനങ്ങൾ. എറ്റവും രസകരമായ മറ്റൊരു കാര്യം യൂട്യൂബ് നോക്കി ഞാൻ കുറേ പാചക പരീക്ഷണങ്ങളും ചെയ്തു എന്നതാണ്. ഞാനുണ്ടാക്കിയതിൽ പാലൈസ് ആയിരുന്നു എനിക്കേറ്റവും ഇഷ്ടം. അക്ഷരം വായിക്കാൻ എന്തു കൊണ്ടോ പേടിയായിരുന്ന ഞാൻ ടോട്ടോച്ചാൻ എന്ന നോവൽ വായിച്ചു പകുതിയായി. കുറച്ചു കണക്ക് ചെയ്ത് പഠിക്കണമെന്ന് അമ്മ എപ്പോഴും പറയും.... നാളെയാകട്ടെ നാളെയാകട്ടെ എന്നു നീട്ടിവച്ചിരിക്കയാ...
ലോക്ക് ഡൗൺ നീളുകയല്ലേ.ഞാൻ വീണ്ടും എന്റെ പ്രവർത്തനങ്ങൾ തുടരട്ടേ......

എസ്ര വി ബൈജു
5 ബി എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം