എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പുസ്തകത്തിൽ നിന്ന് പച്ചപ്പുള്ള ജീവിതത്തിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പുസ്തകത്തിൽ നിന്ന് പച്ചപ്പുള്ള ജീവിതത്തിലേയ്ക്ക്


നിർത്താതെയുള്ള മാക്‌സിൻറെ കരച്ചിൽ കേട്ടാണ് മീന അവിടെ എത്തിയത്. നോക്കുമ്പോഴോ… കുറെ പുസ്തകങ്ങളുടെ മുകളിൽ പെട്ടുപോയി മാക്സ്. മുകളിൽ ഇരുന്ന് കരയുകയാണ് പാവം.മീനയുടെ വീട്ടിൽ നിറയെ പുസ്തകങ്ങൾ ആണ്. അച്ഛനും അമ്മയും മിക്കപ്പോഴും പുസ്തകങ്ങൾ വാങ്ങി കൊണ്ടുവരും. കൂട്ടത്തിൽ മീനയ്ക്കായ് കുട്ടിക്കഥകളും ഉണ്ടാകും.എന്നാൽ അവൾക്ക് വായനയിൽ യാതൊരു താൽപര്യവും തോന്നിയില്ല. അച്ഛനുമമ്മയും പുസ്തകങ്ങൾ വായിക്കുമ്പോൾ മീനയ്ക്കായ് ചിലഭാഗങ്ങൾ ഉറക്കെ വായിച്ചു കേൾപ്പിക്കും. എന്നാൽ അതെല്ലാം വലിയ ശല്യം ആയാണ് മീന കണ്ടിരുന്നത്.മീനയുടെ പ്രിയപ്പെട്ട ചങ്ങാതി മാക്സിനും പുസ്തകങ്ങളെ പേടിയായിരുന്നു. ഒരിക്കൽ അടുക്കി വെച്ച പുസ്തകങ്ങളുടെ അടിയിൽ പെട്ട് അവൻറെ വാലിന് ചതവ് പറ്റിയതാണ്. അങ്ങനെ മീനയും മാക്സ് പൂച്ചയും പുസ്തകങ്ങളിൽ നിന്നും മാറി നടന്നു.അങ്ങനെയിരിക്കെയാണ് ഈ സംഭവം മീനയുടെ വീട്ടിൽ നടക്കുന്നത് . മീന പുസ്തകങ്ങളെ കോണിപ്പടികൾ ആക്കി മുകളിലേക്ക് കയറാൻ ഒരുങ്ങി. ഒന്നോ രണ്ടോ പടികൾ വെച്ചപ്പോഴേക്കും മീനയും മാക്സും പുസ്തകങ്ങളും എല്ലാം താഴെ.അപ്പോഴാണ് അത്ഭുതകരമായ ആ കാഴ്ച മീന കണ്ടത്.ഇത്രയും കാലം  പുസ്തകത്താളുകൾക്കിടയിൽ വീർപ്പുമുട്ടി കഴിഞ്ഞ രാജകുമാരനും രാജകുമാരിയും ആന, സിംഹം, കടുവ, മുയൽ തുടങ്ങിയ മൃഗങ്ങളുമെല്ലാം മുറിയിൽ ഒാടിച്ചാടി നടന്ന് ബഹളമുണ്ടാക്കുന്നു. ‘ഹോ, ഇതെന്തൊരു ശല്യം എല്ലാരും എവിടേക്കെങ്കിലും പോയാട്ടെ…’ മീനയ്ക്ക് ദേഷ്യം വന്നു. കൂട്ടത്തിൽ ഒരു മുയലിനെ ഒരു കഥാ പുസ്തകത്തിലേക്ക് കയറ്റിവിടാൻ അവൾ ഒരു ശ്രമം നടത്തി. പക്ഷേ ഡൊണാൾഡ് ഡക്കിൻ്റെ മൂന്ന് താറാകുഞ്ഞുങ്ങളാണ് വെളിയിലേക്ക് ഇറങ്ങി വന്നത്. ഇനി ഇപ്പോൾ ആകെ ഒരു വഴിയേ ഉള്ളൂ  ഓരോരുത്തരും എവിടെ നിന്നാണ് വന്നത് എന്ന് കണ്ടു പിടിക്കുക . അവരെ അങ്ങോട്ട് തന്നെ പറഞ്ഞു വിടുക. പക്ഷേ ഇതുവരെ അവൾ ആ പുസ്തകങ്ങൾ ഒന്നും വായിച്ചിട്ടില്ലല്ലോ... മീന ഓരോ പുസ്തകവും എടുത്ത് വായിക്കാൻ തുടങ്ങി.അപ്പോഴും മുറിയിൽ ഓടിയും ചാടിയും തലകുത്തി മറിഞ്ഞും മറ്റും സ്വാതന്ത്ര്യം ആഘോഷിച്ചു കൊണ്ടിരുന്നവർ അവളുടെ വായന ശ്രദ്ധിക്കാൻ തുടങ്ങി. ആറാം ക്ലാസുകാരിയായ മീന ഇപ്പോൾ കഥ വായിക്കുകയാണ് ആണ് രാജകുമാരനും രാജകുമാരിയും യക്ഷികളും ആന ,കടുവ ,സിംഹം,  താറാവ്, മുയൽ എല്ലാവരും ശ്രദ്ധയോടെ തങ്ങളുടെ കഥ കേട്ടുകൊണ്ടിരിക്കുന്നു. ഒാരോ പുസ്തകം വായിക്കുമ്പോഴും ഇത് തങ്ങളുടെ കഥയാണ് എന്ന് പറഞ്ഞുകൊണ്ട് ഓരോരുത്തരായി പുസ്തക താളുകളിലേക്ക് തിരികെ കയറിപ്പോയി . അവസാനം ഒരു പുസ്തകം മാത്രം വായിക്കാൻ ബാക്കിയായി അതിൻറെ പേര് അവൾ വായിച്ചെടുത്തു ‘പരിസ്ഥിതി ശുചീകരണവും രോഗപ്രതിരോധശേഷിയും’ പേരിൻ്റെ തുടക്കം മുതൽ വായിച്ചപ്പോഴേ അതിൽ എന്താണ് ഉണ്ടാവുക എന്ന് ഒരു ആകാംക്ഷ അവളുടെ മനസ്സിൽ ജനിച്ചിരുന്നു. ആ പുസ്തകത്തിൻ്റെ ഓരോ താളുകൾ മറിക്കുമ്പോഴും, അവളിൽ പരിസ്ഥിതിയോടുള്ള ഇഷ്ടവും അടുപ്പവും ഏറിവന്നു അവൾ ആ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ ,തൻറെ രോഗപ്രതിരോധശേഷി കൂട്ടണം എന്ന് ആഗ്രഹിച്ചു .അതിനെന്താ വേണ്ടത്... പരിസ്ഥിതി ശുചിയാക്കുകയും അതിനെ സംരക്ഷിക്കുകയും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും വേണം എന്ന് പുസ്തകത്തിൽ എഴുതിയിരുന്നത് അവൾ ഓർമിച്ചു. അവൾ തൻറെ വീടും പരിസരവും ശുചിയാക്കാൻ തീരുമാനിച്ചു. അവളൊരു ചൂലെടുത്തു മുറ്റത്തേക്കിറങ്ങി. അവളുടെ അമ്മ അതു കണ്ട് ആശ്ചര്യപ്പെട്ടു. സകല സമയവും ടിവിയും കണ്ടു മാക്സിൻറെ കൂടെ കളിച്ച് എന്തെങ്കിലും അങ്ങോട്ട് പറഞ്ഞാൽ ഉടനെ അലമുറയിട്ട് ബഹളം കൂട്ടുന്ന നിഷേധി ആയിരുന്ന തൻറെ മകൾ മീന തന്നെയാണോ ഇത് . എന്തായാലും അമ്മയ്ക്കൊരു കാര്യം അറിയാമായിരുന്നു,മീന എന്തു കാര്യം ചെയ്താലും അതിൻറെ ഒരു തുമ്പ് അവളുടെ മുറിയിൽ ഉണ്ടാകും . എന്തായാലും കാര്യം അറിയാനായി അവളുടെ മുറി ഒന്ന് സന്ദർശിക്കാൻ തന്നെ അമ്മ തീരുമാനിച്ചു. മുറിയിലേക്ക് കയറിയ അമ്മ ഞെട്ടിത്തറിച്ചു നിന്നുപോയി .പുസ്തകത്തെ വെറുത്ത മീനയുടെ മുറിയിൽ നിറയെ പുസ്തകക്കൂമ്പാരം…. അത് നോക്കിയിരിക്കുന്ന മാക്സ് .അമ്മ ഒരു കാര്യം ഓർത്തു , ‘’പുസ്തകങ്ങൾ കാണണ്ട’’ എന്നു പറഞ്ഞു , അലമാരയ്ക്ക് പുറകിൽ എടുത്തു വച്ചിരിക്കുകയായിരുന്നു മീന . അമ്മ ആ പുസ്തകങ്ങളെല്ലാം അടുക്കാൻ ആരംഭിച്ചു. അടുക്കിയടുക്കി വന്നപ്പോഴാണ് ‘പരിസ്ഥിതി ശുചീകരണവും രോഗപ്രതിരോധശേഷിയും’ എന്ന പുസ്തകം കാണുന്നത്. അത് ഒരു കയ്യബദ്ധത്തിൽ കഥാ പുസ്തകങ്ങളുടെ ഇടയിൽ വീണു പോയതാണ്. ഈ കൊച്ചു മിടുക്കി അതുകൂടി വായിച്ചിരിക്കുന്നു.അപ്പോൾ മീന കുറച്ചു വിത്തുമണികളെടുക്കാനായി മുറിയിലേക്ക് വന്നു.പെട്ടെന്നു തന്നെ തിരിച്ചു വെളിയിലേക്കിറങ്ങി. അമ്മനോക്കിയപ്പോഴേക്കും അവളുടെ ജോലി ഏറെക്കുറെ തീരാറായിരുന്നു. അതിനിടയിൽ അവൾ കുറച്ചു പയറുമണികളും വെണ്ടവിത്തുകളും കുഴിച്ചിട്ടു. അദ്ദേഹം കുറെ വിത്തുകൾ വാങ്ങി വെച്ചിരുന്നു, അതിൽനിന്നും എടുത്തത് ആകും. എന്തായാലും അന്നുമുതൽ അവൾക്ക് ചുറ്റും വൃക്ഷങ്ങൾ വളരാൻ തുടങ്ങി...

എമ്മ മറിയം തോമസ്
7 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ