എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/അപ്പുവിൻ്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിൻ്റെ പൂന്തോട്ടം

"മോനേ അപ്പു ഇവിടെ ഒന്ന് വന്നേ ". അപ്പുവിൻ്റെ അമ്മ അവനെ എന്തോ അത്യാവശ്യത്തിനായി വിളിക്കുകയായിരുന്നു.എന്നാൽ അപ്പു അതൊന്നും ചെവിക്കൊള്ളാതെ മറ്റേതോ കാര്യത്തിൽ വ്യാപൃതനായിരിക്കുകയായിരുന്നു. അപ്പുവിൻ്റെ ജീവിതത്തിൽ അവനെ സ്നേഹിച്ചിരുന്നതും അവൻ സ്നേഹിച്ചിരുന്നതും രണ്ട് പേരെ മാത്രമായിരുന്നു. അവൻ്റെ അമ്മയേയും അനിയത്തിയേയും മാത്രം. അച്ഛനില്ലാതെ ദാരിദ്യത്തിലേക്ക് കണ്ണും നട്ടിരുന്ന കുംടുംബമായിരുന്നു അവരുടേത്. പാവപ്പെട്ടവൻ്റെ ലോകമായ ഒരു കൊച്ചു തെരുവിൽ ഓല മേഞ്ഞ കുടിലിൽ താമസം. രണ്ട് മക്കളെ പോറ്റാൻ ആ അമ്മ കഷ്ട്ടപ്പെടുന്നതിന് അതിരില്ല. വൃത്തിഹീനമായ ആ തെരുവിലെ ദുർഗന്ധങ്ങൾ ശ്വസിക്കുന്നതിലെ ബുദ്ധിമുട്ടുകൾ സഹിക്കാൻ അവനൊരു സുഹൃത്തുണ്ടായിരുന്നു.തെന്നാലിരാമൻ എന്ന വളർത്തു പൂച്ച. അമ്മയേയും അനിയത്തിയേയും കഴിഞ്ഞാൽ അപ്പു ഇഷ്ട്ടപ്പെട്ടിരുന്നത് അവനെയായിരുന്നു. പേരു പോലെത്തന്നെ അപ്പുവിനെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നവനായിരുന്നു തെന്നാലിരാമൻ.തെരുവിലാണ് ജീവിക്കുന്നതെങ്കിലും അപ്പു ശുചിത്വത്തിൻ്റെ കാര്യത്തിൽ നല്ല ശ്രദ്ധ ചെലുത്തിയിരുന്നു. തെരുവിലെ ദുർഗന്ധം അവനിഷ്ട്ടപ്പെട്ടിരുന്നില്ല അവനെപ്പോലെ തന്നെയായിരുന്നു തെന്നാലിയും. ഒരു ദിവസം അവരുടെ തെരുവിൽ കുട്ടികൾക്ക് സൗജന്യമായി പഠനം ലഭ്യമാക്കുന്ന വാർത്ത കേട്ടു .അപ്പുവിന് സന്തോഷമായി. അന്നു മുതൽ അപ്പു പഠിക്കാൻ പോകാൻ തുടങ്ങി.അതിൽ പിന്നെതെന്നാലിയും അപ്പുവിൻ്റെ അനിയത്തിയും തനിച്ചായി. വൈകുന്നേരം പOനം കഴിഞ്ഞ് വന്നാലും വീട്ടിലിരുന്നും അവൻ പഠിക്കുമായിരുന്നു. ഒരു ദിവസം അപ്പു പഠനം കഴിഞ്ഞ് വന്നപ്പോൾ ധാരാളം ആളുകൾ വീടിന് മുന്നിൽ നിൽക്കുന്നു. അന്നവിടെ ഒരു ദുരന്തം സംഭവിച്ചിരുന്നു. അവൻ്റെ അനിയത്തിയുടെ മരണമായിരുന്നു ആ ദുരന്തം. അതവനെ വളരെയധികം തളർത്തി. നിറകണ്ണുകളോടെ അമ്മയേയും തെന്നാലിയേയും നോക്കി അവൻ നിശബ്ദനായിരുന്നു.പിന്നീടാണവൻ അറിഞ്ഞത് അനിയത്തിയുടെ മരണകാരണം വൃത്തിയില്ലാത്ത പരിസരം മൂലം പടർന്ന രോഗമാണെന്ന്. പിന്നീട് തെന്നാലിയുടേയും ആരോഗ്യം മോശമാകാൻ തുടങ്ങി. അവനും മരിച്ചു. ആദ്യം അനിയത്തിയും പിന്നീട് പ്രിയ സുഹൃത്തും അവനെ വിട്ട് പോയി. അന്ന് മുതൽ വൃത്തിയില്ലാത്ത തെരുവ് അവൻ്റെ ശത്രുവായി മാറി.തൻ്റെ പ്രിയപ്പെട്ടവരെല്ലാം വിട പറയാൻ കാരണം അവിടുത്തെ വൃത്തിയില്ലായ്മയാണ്. അവൻ്റെ ജീവിത ലക്ഷ്യം തന്നെ ശുചിത്വമായി മാറി.അപ്പുവളർന്ന് വലിയ നിലയിലെത്തി. അന്നവൻ വൃത്തിയില്ലാത്ത, ശുചിത്വത്തിൻ്റെ അംശം പോലുമില്ലാത്ത തെരുവ് വൃത്തിയാക്കി. ആ തെരുവ് ഒരു പൂന്തോട്ടമാക്കി മാറ്റി. ഓരോ പെൺകുട്ടിയിലും തൻ്റെ അനിയത്തിയേയും ഓരോ ജീവിയിലും തെന്നാലിയേയും കണ്ടു. അതാണവനെ ശുദ്ധീകരണ പ്രവർത്തനങ്ങളിലേക്ക് നയിച്ചത്. അവൻ ശുചിത്വത്തിനായി പോരാടി. പിന്നീടാ തെരുവ് അപ്പുവിൻ്റെ പൂന്തോട്ടം എന്ന പേരിൽ അറിയപ്പെട്ടു.

ഫായിഷ
8 K എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ