എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ അതിജീവനത്തിൻെറ പാതയിൽ..

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻെറ പാതയിൽ..


സൗരയുധം മുഴുവനായി എടുത്ത് കഴിഞ്ഞാൽ, അതിൽ ജീവൻ എന്ന അത്ഭുതം നിലനിൽക്കുന്ന  ഏകഗ്രഹം അത് ഭൂമിയാണ്. പണ്ടൊരുനാൾ  മറ്റു ഗ്രഹങ്ങളെയെല്ലാം പോലെ തന്നെയായിരുന്നു ഭൂമിയും. പരിണാമത്തിന്റെ ഭാഗമായിട്ടാണ് ഇന്നു ഭൂമിയിൽ മനുഷ്യരടക്കമുള്ള ജീവജന്തുക്കൾ ഉണ്ടായത്. എന്നാൽ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യന് മാത്രമാണ് വിവേകം ഉള്ളത്. ഇന്നു ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട മായാജാലമെന്നു തോന്നിക്കുന്ന 'ആധുനികത ' പിറവിയെടുത്തത് മനുഷ്യന്റെ ഈ വിവേകബുദ്ധിയിൽ നിന്നാണ്. നാനോടെക്നോളജി, വൈദ്യശാസ്ത്ര രംഗം, ശൂന്യാകാശ പദ്ധതികൾ, ആശയവിനിമയമേഖല അങ്ങനെ എത്രയോ മേഖലകളിൽ മനുഷ്യൻ കൈവരിച്ചിട്ടുള്ള ജയം തികച്ചും അത്ഭുതകരമാണ്.

നമ്മൾ മാത്രമടങ്ങുതായി ഒന്നും ഈ ഭൂമിയിലില്ല. ഇത് പോലെ പലപ്പോഴും ഭൂമിയിൽ തിന്മകൾ പൊട്ടിപുറപ്പെട്ടിരുന്നു. നന്മകൾ പറയുമ്പോൾ ഇവയെ നാം മറക്കാൻ പാടില്ല. പണത്തിന്റെയും സമ്പത്തിന്റെയും ആസക്തിയിൽ ഭ്രമിച്ചും, മറ്റു രാജ്യങ്ങളെ കീഴ്‌പ്പെടുത്തി സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി അനേക യുദ്ധം നടത്തിയ സ്വയം 'കൊലയാളികളായി ' മാറിയ മനുഷ്യരും നമ്മുടെ ചരിത്രത്തിലുണ്ട്. ലോകത്തെ മുഴുവൻ പിടിച്ചുലച്ച ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം എന്നിവ ഇതിന് ഉത്തമ ഉദാഹരണമാണ്. ആളുകളിതിനെ തീവ്രദേശീയത എന്ന് വിളിച്ചു. ഇത്തരത്തിലുള്ള തിന്മകളിലേക്ക് ഞാനിപ്പോൾ പോകുന്നില്ല.

 

ഇത്രയേറെ ആധുനിക സൗകര്യങ്ങളുള്ള നമ്മുടെ ഭൂമിയാണ് ഇന്നു ഭീതിയുടെ അന്ധകാരത്തിൽ പകച്ചു നിൽക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു വൈറസ് മാസങ്ങൾക്കകം ഒരു ലക്ഷം മനുഷ്യരുടെ മരണത്തിനു കാരണമായി. ഒരു പ്രദേശത്തെയോ ഒരു സംസ്ഥാനത്തെയോ ഒരു രാജ്യത്തെയോ ഒരു ഭൂഖണ്ഡത്തെയോ മാത്രമല്ല മറിച്ചു ലോകമാകെ പടർന്ന ഒരു മഹാമാരി സാമ്പത്തിക വളർച്ചയെപ്പോലും സ്തംഭിപ്പിക്കുന്ന ഈ കാലഘട്ടത്തിലാണ് നമ്മളും ജീവിക്കുന്നതെന്നോർക്കുമ്പോൾ വിസ്മയം തോന്നുന്നു. ഇന്നത്തെ ആധുനിക സൗകര്യങ്ങൾക്ക് പോലും ഈ മഹാമാരിക്കെതിരെ പിടിച്ചു നിൽക്കാൻ കഴിയുന്നില്ലല്ലോ എന്നത് വിസ്മയകരം.


മുമ്പ് സൂചിപ്പിച്ച ലോകമഹായുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന പല രാജ്യങ്ങളും ഇന്ന് ഈ മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ്. ഇത്തരത്തിലുള്ള സന്ദർഭത്തിൽ ശ്രീ. സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടത്തിൽ നിന്നെടുത്ത "ഉരുളൻ കിഴങ്ങ് തിന്നുന്നവർ " എന്ന കഥയിൽ ഭർത്താവ് നഷ്ടപെട്ട ജൂലിയാനയുടെ കളങ്കമില്ലാത്ത ദൈവത്തോടുള്ള പ്രാർത്ഥനയാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. 'ഖനികളിൽ പ ണിചെയ്യുന്നവർക്കു ഒരപകടവും വരുത്തരുതേ' ! പിന്നെ ആ പ്രാർത്ഥനയിൽ സ്വാർഥത തീണ്ടിയിട്ടുണ്ടെന്ന് ഖേദിച്ച് അവൾ അത് തിരുത്തി : "ലോകെത്തെല്ലാവർക്കും ഒരാപത്തും വരുത്തരുതേ !"  സ്വാർഥതയുടെ നനവില്ലാത്ത ഇത്തരത്തിലുള്ള പ്രാർത്ഥനകൾക്ക് ഈ സമയത്ത് ഏറെ പ്രസക്തിയുണ്ട്.


മനുഷ്യന്റെ ജീവിതശൈലി മാറിയത് അറിഞ്ഞോ അറിയാതെയോ ഈ മഹാമാരിയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. നാഗരികജീവിതം ആഗ്രഹിക്കുന്ന നാം നാട്ടിൻപുറത്തെ ആട്ടോഗ്യപ്രദമായ ആഹാരങ്ങളെ മറന്ന് ഫാസ്റ്റ്ഫുഡിനും ജങ്ക്ഫുഡിനും അടിമപ്പെട്ടു. ഷുഗർ, കൊളസ്‌ട്രോൾ പിന്നെ അപൂർവങ്ങളിൽ അപൂർവമായി മാത്രമുണ്ടായിരുന്ന ക്യാൻസർ എന്നീ രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്നതിന് ഇത് കാരണമായി. മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധമാണ് നാം പ്രതിദിനം കുറക്കുന്നതെന്ന് ഒരിക്കലും കരുതിയിരുന്നില്ല.


നാട്ടുനന്മകളും ഗ്രാമീണജീവിതവും മറന്നു വഴിപിരിഞ്ഞ നമുക്ക് ഇതൊരു പാഠം തന്നെയാണ്. ഈ സമയത്തും നമ്മെ അത്ഭുപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. രാപ്പകൽ ഭേദമന്യേ പേടിയില്ലാതെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രശംസിക്കാതിരിക്കാനാവില്ല. തനിക്കും രോഗം ബാധിക്കുമെന്ന ഭയമില്ലാതെ പിന്മാററാതെ ജനങ്ങളെ സേവിക്കുന്ന അവർ ദൈവത്തിന് തുല്യമാണ്. ഇനിയെന്നെങ്കിലുമൊരുനാൾ വീണ്ടും ഒന്നിക്കാം എന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് മനുഷ്യനിന്ന് ജീവിക്കുന്നത്. എന്തും ഏതും അതിജീവിച്ച ചരിത്രമാണ് മനുഷ്യനുള്ളത്. നാം ഈ മഹാമാരിയെയും അതിജീവിക്കും... 

രഹന . എസ്
10 D എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം