ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ കോടംതുരുത്ത് പഞ്ചായത്താണ് എന്റെ ഗ്രാമം. ആലപ്പുഴയിൽ നിന്നും 38 km അകലെ വ്യവസായ പട്ടണമായ കൊച്ചിയിൽ നിന്നും 26km അകലെയുള്ളതാണ്  എന്റെ ഗ്രാമം .

ചേർത്തല താലൂക്കിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചമ്മനാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഈ.സി.ഈ.കെ യൂണിയൻ ഹൈസ്കൂൾ. എരമല്ലൂർ, ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ കരകളുടെ ആദ്യാക്ഷരം നാമം ആക്കികൊണ്ട് ഈ സി ഈ കെ യൂണിയൻ എന്ന പേരിൽ നിലവിൽ വന്നതാണ് നമ്മുടെ സ്കൂൾ .


കോടംതുരുത്ത് :- കോടംതുരുത്തിന്റെ കിടപ്പ് വളഞ്ഞും പുളഞ്ഞുമാണ്. ഈ പ്രത്യേകതയെ "കോടിയ " എന്ന വാക്ക് ഉപയോഗിച്ചാണ് വ്യവഹരിച്ച് പോന്നത്. വേമ്പ നാട്ടുകായലിന്റെ ഉപശാഖയായ ഉളവയ്പ് കായലിന്റെയും, പടിഞ്ഞാറു ഭാഗത്തുള്ള കുറുമ്പിക്കായലിന്റെയും വല്ലേത്തോട്, പൊഴിത്തോട്, കരേത്തോട്, തയ്യിൽത്തോട് എന്നിവയുടെ ഉള്ളിലേക്ക് തള്ളി ചിതറിക്കിടക്കുന്ന തുരുത്ത് പോലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിനാൽ "കോടിയ " തുരുത്ത് കോടംതുരുത്ത് ആയതാവാം എന്നതാണ് അനുമാനം.

ചമ്മനാട് : പഞ്ചായത്തിലെ പുരാതനമായ ദേവിക്ഷേത്രവും, ആദ്യത്തെ ഹൈസ്ക്കൂളും ഏകകളിസ്ഥലവും, ചമ്മനാട് മാർക്കറ്റും ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. കോടംതുരുത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ചമ്മനാടിന് അദ്വിതീയസ്ഥാനമാണുള്ളത്. ആലപ്പുഴജില്ലയിൽ കുത്തിയതോടിനും എരമല്ലൂരിനും ഇടയ്ക്കുള്ള സ്ഥലമാണ് ചമ്മനാട്. നാഷണൽ ഹൈവേയ്ക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനവും സുപ്രസിദ്ധവുമായ ക്ഷേത്രമാണ് ചമ്മനാട് ദേവിക്ഷേത്രം. ശാന്തസ്വരൂപിണിയും, ആശ്രിതവത്സലയുമാണ് ചമ്മനാട്ടമ്മ. ഭക്തി വിശ്വാസവായ്പ്പോടെയുള്ള "അമ്മേ " എന്ന ഒറ്റവിളിയിൽ തന്നെ ഭക്തരുടെ വിളിപ്പുറത്ത് ഓടിയണഞ്ഞു ആപത്തുകളിൽ നിന്നും രക്ഷിക്കുന്ന കാരുണ്യസാഗരമായ അമ്മയാണ് ചമ്മനാട്ട് അമ്മയെന്നാണ് ഭക്തരുടെ വിശ്വാസം.

കുത്തിയതോട് : ഇത് പഞ്ചായത്തിന്റെ ആസ്ഥാനവും, പ്രധാന പട്ടണവും അറിയപ്പെടുന്ന വാണിജ്യവ്യാപാരകേന്ദ്രവുമാണ്. ജലഗതാഗതത്തിന് ഉതകുന്ന വിധത്തിൽ ഉളവയ്പ്പിനെയും, കുറുമ്പിക്കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് വേണ്ടി ഒരു തോട് കുഴിക്കുകയുണ്ടായി. ഇതിൽ നിന്നാണ് കുത്തിയ ത്തോട് എന്ന പേര് ഉണ്ടായതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് ആലപ്പുഴ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രമായിരുന്നു കുത്തിയത്തോട് ആലപ്പുഴയിൽ നിന്നും എറണാകുളത്ത് നിന്നും കുത്തിയത്തോട് വഴി ബോട്ട് സർവീസ് ഉണ്ടായിരുന്നു.