ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/കൃഷിയും/ജലസേചനവും
കൃഷിയും ജലസേചനവും
മുൻകാലങ്ങളിൽ നെല്ല് , പരുത്തി , കൊള്ള് , ഉഴുന്ന് , ചാമ , ചോളം എന്നിവയായിരുന്നു പ്രധാന കൃഷികൾ നെൽകൃഷി ഒഴികെയുള്ള മറ്റു കൃഷികൾക്ക് മഴയെ ആശ്രയിക്കേണ്ടി വന്നു . ജൈവ വളമായിരുന്നു കൃഷിക്കുപയോഗിച്ചിരുന്നത് . തമിഴ് നാട്ടിൽ നിന്നും പറ്റം പറ്റുമായി വരുന്ന ആടുകളുടെ കാഷ്ടം കന്നുകാലി വളം , പച്ചില വളം , ചാരം എന്നിവയാണ് പ്രധാന ജൈവ വളങ്ങൾ , ആനക്കൊമ്പൻ , പാപ്പാർമണിയൻ , നവര , ചെറുമണിയൻ , തവളക്കണ്ണൻ ( കഴമ ) ചിറ്റേനിയൽ , ചന്നിനായകം , പമ്പാൻ , സ്വർണ്ണാലി , വൃശ്ചികപാണ്ടി , സിയോ 19 എന്നിവയായിരുന്ന പ്രധാന നെൽവിത്തുകൾ .
1970 ൽ ഭൂപരിഷ്കരണ നിയമം നിലവിൽ വന്നതോടു കൂടി കുടിയൊഴിപ്പിക്കലും കൃഷി ഭൂമി യൊഴിപ്പിക്കലും ഇല്ലാതായി അതോടു കൂടി കൈവശ ഭൂമിയുടെ പരിധി നിശ്ചയിക്കുകയും ചെയ്തു . കൃഷിഭൂമി ഒഴിപ്പിക്കൽ നിർത്തിയതിനു ശേഷം കർഷകർ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ ഉപയോഗിക്കുവാൻ തുടങ്ങി . യന്ത്രവൽക്കരണ ഉപകരണങ്ങൾ ( ട്രാക്ടർ , ടില്ലർ ഉപയോഗിച്ച് ഉൽപ്പാദനം കൂട്ടുകയും പുതിയ വിത്തിനങ്ങളും കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് തുടങ്ങി . കൃഷിയ്ക്ക് സഹകരണ ബാങ്കിൽ നിന്നും കോപ്പ് ലോൺ ലഭിച്ചിരുന്നു.അതോടു കൂടി കൃഷി ചെയ്യുവാനുള്ള പ്രചോദനം കർഷകർക്ക് ലഭിച്ചു . പറമ്പ് നിരപ്പാക്കി കിണർ കുഴിച്ച് മോട്ടോർ സ്ഥാപിച്ച് തെങ്ങ് , കവുങ്ങ് മുതലായവയും ഇഞ്ചി , വാഴ , കപ്പ് സോയാബീൻ എന്നീ ഇടവിളകളും ചെയ്തു വന്നു . മുൻകാലങ്ങളിലേതു പോലെ കൃഷിപ്പണിക്ക് തൊഴിലാളികളെ ലഭിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ് .
പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നു . പറമ്പിലിപ്പോൾ പ്രധാനമായും തെങ്ങ് കൃഷി വ്യാപകമായി തീർന്നിരിക്കുന്നു . ഈ പഞ്ചായത്തിൽ നാളികേരത്തിന്റെ ഉൽപ്പാദക്ഷമത വളരെ കൂടുതലാണ് . തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ താരതമ്യേന കുറവാണ് . ജലസേചനത്തിനായി മുൻകാലങ്ങളിൽ ചിലയിടങ്ങളിൽ തേക്ക് കൊട്ട ഉപയോഗിച്ചിരുന്നു . എലികളേയും മറ്റും നശിപ്പിക്കുന്നതിനു വേണ്ടി എലിക്കെണിയും പുൽപൊന്തുകളെ നശിപ്പിക്കാൻ മുറം വീശലും പുഴു നശിപ്പിക്കാൻ മിൻ നെയ്യ് കയറിൽ മുക്കി വയലിന്റെ രണ്ടു ഭാഗങ്ങളിൽ രണ്ടാളുകൾ നിന്നു പിടിച്ച് വലിച്ചു കൊണ്ടു പോകുന്ന രീതിയും ഉപയോഗിച്ചിരുന്നു . തെങ്ങു കൃഷിയോടു മുൻകാലങ്ങളിൽ ആർക്കും തന്നെ താൽപര്യമില്ലായിരുന്നു . പറമ്പ് കൃഷിക്ക് കടലയാണ് പാട്ടം നിശ്ചയിച്ചിരുന്നത് . നെൽകൃഷിയിൽ പാട്ടം അളന്നതിനു ശേഷം മിച്ചം വരുന്ന നെല്ല് വിൽക്കുന്നു .
അടുത്ത കാലത്തായി വണ്ടിത്താവളം മീനാക്ഷിപുരം , വണ്ടിത്താവളം ചിറ്റൂർ എന്നീ പ്രധാന റോഡുകളുടെ സമീപപ്രദേശത്തുള്ള ഏതാനും വയലുകൾ നികത്തി വീടു വെയ്ക്കാൻ തുടങ്ങി വയലുകളിൽ ഉണ്ടായിരുന്ന പനയുടെ സ്ഥാനം തെങ്ങ് കയ്യടക്കാൻ തുടങ്ങി . വിൽപ്പനയ്ക്കു വേണ്ടി വയലുകൾ നികത്തുന്ന രീതി ഇപ്പോൾ കണ്ടു വരുന്നു . ഇത് വെള്ളക്കെട്ടിനും ജലദൗർലഭ്യത്തിനും ഇടയാകുന്നു .
ഭൂപരിഷ്കരണ നിയമ പ്രകാരം സർക്കാർ ഏറ്റെടുത്ത മിച്ച ഭൂമി കോടതിയിലും മറ്റും കേസ് നിലവിലുള്ളതു കൊണ്ട് ഈ സ്ഥലങ്ങൾ തരിശായി കിടക്കുന്നു . ഇതുകൊണ്ട് സാരമായ ഉൽപ്പാദന നഷ്ടം ഉണ്ടാവുന്നു . കൂടാതെ മൂലത്തറ ഇറിഗേഷൻ കനാലിനു വേണ്ടി പൊന്നും വിലക്കെടുത്തതും കാലൊഴിച്ചുള്ളതുമായ ധാരാളം കൃഷിയുക്തമായ ഭൂമി തരിശായി കിടക്കുന്നു . ഇത് കൃഷിയാവശ്യത്തിനു വേണ്ടി ലേലം ചെയ്താൽ ഉൽപ്പാദന നഷ്ടം കുറയ്ക്കാവുന്നതും തന്മൂലം സാമ്പത്തിക മെച്ചം ഉണ്ടാകുന്നതുമാണ് ഇത് കൂടുതലായും മൂലത്തറ വില്ലേജിലാണ് . നെൽകൃഷി ലാഭകരമല്ലാതായതും ആധുനിക വിദ്യാഭ്യാസം സാർവത്രികമായതും കർഷക തൊഴിലാളികളുടെ പിൻതലമുറക്കാരെ മറ്റ് തൊഴിലുകളിലേക്ക് ആകർഷിച്ചു . ഹൗസ് പ്ലോട്ടുകളായി തിരിക്കാൻ വേണ്ടി വയലുകൾ നികത്തുന്ന പ്രക്രിയ പുരോഗമിക്കാനും തുടങ്ങി . കടല , പയറുവർഗ്ഗങ്ങൾ മുതലായ പറമ്പ് കൃഷി സ്ഥലങ്ങൾ 90 ശതമാനവും തെങ്ങിന് വഴി മാറി കൊടുക്കുന്നു . ഭാരിച്ച ഉൽപ്പാദനച്ചിലവ് നിമിത്തം നെൽകൃഷി നഷ്ടം നേരിടുന്നതു കൊണ്ട് ഉൽപാദനച്ചിലവും പരിചരണവും തുലോം കുറവായ തെങ്ങ് കൃഷിയ്ക്ക് നെൽകൃഷിക്കാരൻ കടക്കാൻ തയ്യാറാകുന്നു . ഭൂവിനിയോഗ നിയമമാണ് ഇതിന് വിലങ്ങു തടിയായി നിൽക്കുന്നത് . ഈ പഞ്ചായത്തിൽ ചെറിയൊരു ഭാഗം പൂന്തലും കൃഷിയോഗ്യമല്ലാത്തതാണ് . ഇതിൽ ചുണ്ണാമ്പിന്റെ അംശം കൂടിയതിനാൽ നെൽച്ചെടി വളരാറില്ല . ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിയമപരമായ സംരക്ഷണം നൽകി ബണ്ടുകളിട്ട് തെങ്ങ് വച്ചാൽ ഒരു തെങ്ങിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന നാളികേരത്തിന്റെ മൂന്നിരട്ടി കൂടുതൽ ഉൽപ്പാദനം ഉണ്ടാവും .
മൂലത്തറ ഇറിഗേഷൻ സിസ്റ്റത്തിൽ നിന്ന് കൃഷിക്ക് വെള്ളം കിട്ടാൻ തുടങ്ങിയ ശേഷം ഇവിടെയുണ്ടായിരുന്ന ഏരികളിൽ 75 ശതമാനവും നെൽകൃഷി ചെയ്യുന്ന പാടങ്ങളായി മാറി . ഇതുമൂലം ഏരികളുടെ താഴെയുള്ള പാടങ്ങൾ ചില സന്ദർഭങ്ങളിൽ വരൾച്ച കാരണം നശിക്കുകയും തൊട്ടടുത്ത കിണറുകളിൽ ആവശ്യത്തിന് വെള്ളം കിട്ടാതാവുകയും ചെയ്യുന്നു .
ഭൂവിനിയോഗം പഞ്ചായത്തിന് 6079.39 ഹെക്ടർ വിസ്തീർണ്ണമുണ്ട് . ഇതിൽ മൂലത്തറ വില്ലേജ് കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചെറുചെരിവോടു കൂടിയ സമതലവും പെരുമാട്ടി , വണ്ടിത്താവളം വില്ലേജുകളിൽ പറമ്പ് ഉയർന്നും നെൽവയലുകൾ തട്ടുതട്ടായും കിടക്കുന്നു . പഞ്ചായത്തിന്റെ കിഴക്കൻ ാഗങ്ങൾ ചെമ്മണ്ണും , കരിമണ്ണും ( മൂലത്തറ വില്ലേജ് ) പെരുമാട്ടി , വണ്ടിത്താവളം വില്ലേജുകളിൽ ചെമ്മണ്ണ് , കളിമണ്ണ് , ചുക്കാമണ്ണ് , ചരൽ കലർന്ന ചെമ്മണ്ണ് എന്നിവയും പാറക്കുളം , കോട്ടപ്പാടം , അണപ്പാടം , ഇറളംപുള്ളി എന്നീ ഭാഗങ്ങളിൽ പുളിമണ്ണും കാണുന്നു .