പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/നാടിന്റെ,നാളെയുടെ നന്മയ്ക്കായി കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ, നാളെയുടെ നന്മയ്ക്കായി കൈകോർക്കാം
                                 നാടിന്റെ,നാളെയുടെ _ 
                                               നന്മയ്ക്കായി  
                                                      കൈകോർക്കാം  

_________________________......................................................................................................................................................................................................................................................................................

                       ആഗോളതലത്തിൽ കൊവിഡ്-19 അതായത് "കൊറോണ വൈറസ് ഡിസീസ് 2019"പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  "പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം "എന്നീ മേഖലകളിൽ ശ്രദ്ധ ചെലുത്തികൊണ്ടുളള പ്രവർത്തനങ്ങളാണ് നന്മയുളള നാടിനാവശ്യം,വരും തലമുറയ്ക്കും ആവശ്യം.ശുചിത്വത്തിലൂടെ രോഗപ്രതിരോധശേഷി നേടി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്.  

പരിസ്ഥിതി  :-പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വം ആണ്. പരിസ്ഥിതി സംരക്ഷണം എന്ന വിഷയം രാഷ്ട്രീയപ്രബുദ്ധരും സാമൂഹികപ്രവർത്തകരും മുറവിളി കൂട്ടുന്ന ഒന്നാണ്. കൂടുതൽ ചൂഷണം ചെയ്താൽ ലാഭം കൂടുമെന്ന മനുഷ്യന്റെ ആർത്തി അവനെ ചൂഷണത്തിന്റെ അളവ് കൂട്ടാൻ പ്രേരിപ്പിക്കുകയും തന്മൂലം പരിസ്ഥിതി നശിക്കുമ്പോഴാണ് പ്രകൃതിവിഭവങ്ങളുടെ കലവറ ആയിരുന്ന ഇടങ്ങൾ പ്രകൃതിദുരന്തത്തിന്റെ നേർചിത്രങ്ങളായി മാറുക.2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും പരിസ്ഥിതിക്കേറ്റ ആഘാതത്തിന്റെ ഫലമാണ്.ചൂടിൽ നിന്ന് രക്ഷ നേടാൻ തണുപ്പും തണുപ്പിൽ നിന്നും രക്ഷ നേടാൻ ചൂടും മനുഷ്യൻ കൃത്രിമമായി നിർമ്മിച്ചു. സമശീതോഷണ മേഖല ചുറ്റിലും നിലനിർത്താൻ മനുഷ്യന് സാധിച്ചു. എന്നാൽ ഫലമാകട്ടെ പ്രളയം,ചുഴലികാറ്റ്,ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ തുടങ്ങിയ കൊടിയ ദുരന്തങ്ങൾ മനുഷ്യൻ ഏറ്റുവാങ്ങി. സുനാമി പോലുള്ള വെള്ളപ്പൊക്കം തൊട്ടു പ്രശ്നങ്ങളുടെ ഒരു കുന്നിനെ തന്നെയും മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നു.

                    രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ ഈ കാലഘട്ടത്തിലും പ്രസക്തമാണ്,"മനുഷ്യന്റെ ആവശ്യത്തിനുളളതെല്ലാം പരിസ്ഥിതിയിലുണ്ട് ,എന്നാൽ മനുഷ്യന്റെ അത്യാഗ്രഹത്തിനുളളതൊന്നും പരിസ്ഥിതിയിലില്ലതാനും". നാനാവിധത്തിൽ മാലിന്യം കൊണ്ട് നിറഞ്ഞ ഒരു ചുറ്റുപാടിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളെല്ലാം സ്വന്തം വീടും പരിസരഹിതമായി നോക്കുമെങ്കിലും അയൽവീടുകളും പരിസരവും പൊതുസ്ഥലങ്ങളും മലിനമാക്കുന്നു.മനുഷ്യന് ജീവൻ നിലനിർത്തുന്നതിനാവശ്യമായ ജലം,വായുഎന്നിവയെല്ലാം കിട്ടാകനിയായി തീരുന്ന കാഴ്ചയെല്ലായിടത്തും പ്രകടമാണ്. ക്ലോറോഫ്ലൂറോകാർബണുകളും കാർബൺ ഡൈ ഓക്സൈഡും ചേർന്ന് അന്തരീക്ഷത്തിൽ ഒരു പുതപ്പ് പോലെ നിന്ന് ആഗോളതാപനം സംഭവിക്കുകയും ഓസോൺപാളിയിൽ വിള്ളൽ ഉണ്ടാവുകയും അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്ക് പതിക്കുന്നതിനും മനുഷ്യന്റെ തൊലിപ്പുറത്തുണ്ടാകുന്ന ഒരു തരം ക്യാൻസറിനും  കാരണമാകുന്നുണ്ട്.വനനശീകരണം ആഗോളതലത്തിൽ തന്നെ വ്യാപകമായികൊണ്ടിരിക്കുന്നു. 
                 വന്യജീവികളും രോഗങ്ങളും  :-പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വന്യജീവികളുടെ പങ്ക് വളരെ വലുതാണ്. പരിസ്ഥിതിയുടെ ഘടന നിലനിർത്തുന്നതിനാവശ്യമായ "ഭക്ഷ്യശൃംഖല" നിലനില്ക്കണമെങ്കിൽ ജീവന്റെ കണിക മുന്നോട്ട് പോകണമെങ്കിൽ വന്യജീവി സംരക്ഷണം ആവശ്യമാണ്. 
          കൊറോണ എന്ന വൈറസ് ഭീകരനായി നിലനില്ക്കുന്ന ഈ സാഹചര്യത്തിലും വന്യജീവി സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. 2018 മെയ് മാസം കേരളത്തെ ഭീതിയുടെ നിഴലിലാക്കിയ "നിപ"വൈറസിന്റെ ഉറവിടം വവ്വാലിൽ നിന്നായിരുന്നു.ഈ ദിനങ്ങളിൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് കൊറോണ വൈറസിന്റെ ഉറവിടം വന്യജീവികളാണ്. ചൈനയിലെ 'വുഹാൻ ' എന്ന സ്ഥലത്തെ മാർക്കറ്റിൽ ദിനംപ്രതി വിറ്റഴിയുന്നത് വന്യജീവികളാണ്. ലോകത്ത് നിന്ന് ദിവസം ചെല്ലും തോറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും ഈ മാർക്കറ്റിൽ വിലക്കുന്നുണ്ട്. മനുഷ്യന്റെ അത്യാർത്തിക്ക് ഇരയായി ജീവൻ നഷ്ടപ്പെടുന്ന വന്യജീവികൾക്ക് നേരെ ഭരണകൂടം കണ്ണടയ്ക്കുമ്പോൾ ഇത്തരത്തിലുള്ള വൈറസിന്റെ  രൂപത്തിൽ മനുഷ്യന് തിരിച്ചടി ലഭിക്കുന്നു.ചെറുപ്പം മുതലേ തുമ്പിയെകൊണ്ട് കല്ലെടുപ്പിച്ച് ശീലിക്കുന്നു മാനവൻ. നായയെയും,കിളികളെയും കൂട്ടിലടച്ച് മനുഷ്യൻ തന്റെ ജീവിതം സുഗമമാക്കി. ഇന്ന് സമൂഹവുമായി ഒരു ബന്ധവുമില്ലാതെ വീടിനുള്ളിൽ നാം കൂട്ടിലടച്ചിട്ട പോലെ ഇരിക്കുന്നു. പരിസ്ഥിതിയോട് മനുഷ്യൻ ചെയ്ത ക്രൂരതകളുടെ ഫലമാണ് ദിനംപ്രതി നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. 
           
                ശുചിത്വത്തിലൂടെ,പുരോഗതിയിലേക്ക്  :-ശുചിത്വശീലം ചെറുപ്പം മുതലേ നാം കൈമുതലാക്കേണ്ട ഒന്നാണ്. ശുചിത്വമുണ്ടെങ്കിലേ രോഗങ്ങളെ പ്രതിരോധിക്കാനാകൂ,എങ്കിലേ ആരോഗ്യമുള്ള ഒരു ജനതയുണ്ടാകൂ,അപ്പോൾ മാത്രമേ നന്മയുളള പുരോഗതിയുളള ഒരു സമൂഹം ഇവിടെ സംജാതമാകൂ. ശുചിത്വം മനസ്സിനും ശരീരത്തിനും ഒരു പോലെ ആവശ്യമാണ്. 
            ശുചിത്വമുളള കേരളം:-  കേരളീയരായ നാമേവരും ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ ആണ്. എന്നാൽ ആ ശുചിത്വം വ്യക്തിയിലും സ്വന്തം വീട്ടിലും പരിസരത്തും മാത്രമായി ഒതുങ്ങി പോകുന്നുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരായ മലയാളികൾ പൊതുസ്ഥലം ശുചിയായി സൂക്ഷിക്കുന്നതിൽ വൻവീഴ്ചയാണ് പ്രകടമാക്കുന്നത്.പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും മൂത്രമൊഴിക്കുന്നതും തുപ്പുന്നതും അറവുമാലിന്യങ്ങൾ വലിച്ചെറിയുന്നതും ദൈവത്തിന്റെ സ്വന്തം നാട്ടുകാർ ചെയ്യുന്നുണ്ട്.വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പൊതുസ്ഥലങ്ങളിലെ ശുചിത്വവും നാമോരോരുത്തരും ശ്രദ്ധിക്കണം. 

           അന്യസംസ്ഥാനങ്ങളിലെ ശുചിത്വം:-  കേരളത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ശുചിത്വം കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ട്. ദാഹമകറ്റാൻ ഒരു തുള്ളി ദാഹജലത്തിനും ഭക്ഷണത്തിനുംവേണ്ടി കരയുന്നവരാണെവിടെയും. പോഷകാഹാരകുറവ്മൂലം ജീവൻ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുളള അത്തരം സംസ്ഥാനങ്ങളിൽ "ശുചിത്വശീലം" വൻതോതിൽ വ്യാപകമായിട്ടില്ല.ഒറ്റമുറിവീട്ടിൽ  പത്തും പന്ത്രണ്ടും ആളുകൾ ജീവിക്കുന്നു. ഇങ്ങനെ ചേരിയായി താമസിക്കുന്ന ഒരു സമൂഹം ഇത്തരം സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്. ഇവിടെ സാമൂഹിക അകലം പാലിക്കുക എന്നത് അസംഭവ്യമാണ്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ധാരാവി പോലുള്ള ചേരികളിൽ ചെറിയൊരു ശതമാനം ആളുകൾക്ക് തന്നെ രോഗം വന്നാൽ അവ പടർന്നുപിടിക്കുന്നതിനുളള സാധ്യത വളരെയേറെയാണ്. പകർച്ചവ്യാധികൾ ഒരു കാട്ടുതീ പോലെ പടർന്ന് പിടിക്കാൻ സാധ്യതയുള്ള ഇവിടങ്ങളിൽ ബദൽ മാർഗ്ഗങ്ങൾ ഒരുക്കേണ്ടതുണ്ട്. 
        ശുചിത്വം പാലിക്കാം നമുക്കായ്,നാടിനായ് :-വ്യക്തിശുചിത്വവും പരിസരശുചിത്വവും നാമേവരും നിർബന്ധമായി ചെറുപ്പം മുതലേ ശീലിക്കണം. "ചൊട്ടയിലെ ശീലം ചുടല വരെ "എന്നത് ഇവിടെ പ്രസക്തമാണ്. ദിവസേന രണ്ട് നേരം കുളിക്കുകയും ദന്തശുചി വരുത്തുകയും വേണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകണം. കറൻസി നോട്ട്  വാങ്ങിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.വീടും ചുറ്റുപാടും ദിവസവും വൃത്തിയാക്കണം.പറമ്പിൽ  മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കവറുകളും വലിച്ചെറിയരുത്. കൊതുക് വളരാൻ ഇടയാകുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. ഉറവിട മാലിന്യസംസ്കരണം ശീലമാക്കണം. ജൈവമാലിന്യം, അജൈവമാലിന്യം എന്നിവ തരം തിരിച്ച് ശാസ്ത്രീയമായ രീതിയിൽ തന്നെ സംസ്കരിക്കണം. ശുചിത്വമുളളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കണം. ശുചിത്വത്തിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹമുണ്ടാകൂ. 
 രോഗത്തെ   പ്രതിരോധിക്കാം,ഒരുമിച്ച് :-രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം,രോഗം വരാതെ നോക്കുന്നതാണ്. ഏറ്റവും പ്രധാനം സ്വാഭാവികമായ രോഗപ്രതിരോധശേഷി നേടുന്നതാണ്. പല വ്യക്തികൾക്കും ജന്മനാ തന്നെ 'ഇമ്മ്യൂണിറ്റി പവ്വർ' ലഭിക്കുന്നുണ്ട്.എന്നാൽ രോഗപ്രതിരോധശേഷി ഏവരും സ്വന്തം ആരോഗ്യത്തിനായി കൈമുതലാക്കേണ്ടതുണ്ട്.
       രാവിലെ ഇളംവെയിൽ കൊളളുന്നത് വൈറ്റമിൻ-ഡി കൈമുതലാക്കാൻ നമ്മെ സഹായിക്കും. ദിവസവും 30-40മിനിറ്റ് വരെ വ്യായാമം ചെയ്യണം. ആരോഗ്യപരവും കായികപരവുമായ കളികളിലേർപ്പെടണം. പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കണം. ദിവസവും 8 ലിറ്റർ വെള്ളം കുടിക്കുക. അന്ധവിശ്വാസങ്ങൾക്ക് വഴങ്ങാതെ കൃത്യമായ സമയത്ത് പ്രതിരോധ കുത്തിവെപ്പ് നടത്തണം. പഴങ്ങൾ,പച്ചക്കറികൾ,നാരടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. മാനസികമായ ആരോഗ്യം കൂടി നാം കൈമുതലാക്കേണ്ടതുണ്ട്. 
        കൊറോണയുടെ ഭീതിയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ നമ്മൾ ഒറ്റക്കെട്ടായി ഈ രോഗത്തെ പ്രതിരോധിക്കേണ്ടതുണ്ട്. 'ലോക്ക്ഡൗൺ' എന്ന സംവിധാനം നമ്മുടെ രാജ്യത്ത് കൃത്യമായി പാലിക്കേണ്ടതുണ്ട്. അകന്നിരുന്ന് "Break the Chain"സംരംഭത്തിൽ പങ്കാളികളാകണം.കൃത്യമായ ഇടവേളകളിലും യാത്ര ചെയ്യുമ്പോഴും ഹാന്റ് വാഷ്,സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. മറ്റു സ്ഥലങ്ങളിൽ സ്പർശിച്ച കൈ കൊണ്ട് മൂക്ക്,കണ്ണ്,വായ എന്നിവിടങ്ങളിൽ തൊടരുത്. ശുചിത്വം പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുക. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും രോഗിയുമായി സമ്പർക്കം ഉള്ളവരും രോഗലക്ഷണമുളളവരും നിരീക്ഷണത്തിൽ പ്രവേശിക്കുക. പരമാവധി വീടിനുള്ളിൽ തന്നെ കഴിയണം. 
 കൈകോർക്കാം   നാളേയ്ക്കായ് :-"കൊവിഡ്-19"നിലനില്ക്കുന്ന ഈ സാഹചര്യത്തിൽ പലരും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. സാമൂഹിക കൂട്ടായ്മയിൽ നിന്നും അകന്ന് നില്ക്കുന്നതിന്റെ ദുരിതമനുഭവിക്കുന്നവർ ഉണ്ട്. അകലം പാലിക്കണം,സാമൂഹിക നന്മയ്ക്കു വേണ്ടി. സമയമില്ല എന്ന് പറഞ്ഞു അലമുറ കൂട്ടിയവർക്ക് ഇന്ന് ധാരാളം സമയം ഉണ്ട്. ഈ സമയം നല്ല രീതിയിൽ വിനിയോഗിക്കുക. പ്രകൃതിയിലേക്ക് ഇറങ്ങണം,വീട്ടിൽ പച്ചക്കറിത്തോട്ട നിർമ്മാണവും,വൃക്ഷത്തെകൾ നട്ടുപിടിപ്പിക്കുകയും വേണം. കുടുംബബന്ധവും സുഹൃത്ത്ബന്ധങ്ങളും ഊഷ്മളമാക്കണം. വായന,സംഗീതം,സിനിമ,കലാഭിരുചി വളർത്തൽ എന്നിവയിൽ ശ്രദ്ധ ചെലുത്തണം. വ്യക്തിശുചിത്വം പാലിക്കുണം. സ്വാഭാവികമായ രോഗപ്രതിരോധശേഷി കൂട്ടാൻ ശ്രമിക്കണം. പരിസ്ഥിതി സംരക്ഷിച്ച്,ശുചിത്വത്തിലൂടെ രോഗപ്രതിരോധശേഷി ആർജിച്ച് ആരോഗ്യമുള്ള ഒരു ലോകം നമുക്ക് കെട്ടിപടുക്കാം. 
                                          _________________________
ദേവിക എം ആർ
9 ‍ ബി പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം