നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വിഴുങ്ങിയ വേനലവധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിഴുങ്ങിയ വേനലവധി

മാർച്ചു മാസത്തെ തിരക്കുപിടിച്ച സ്കൂൾ ദിനങ്ങൾ, പതിവുപോലെ സ്കൂളിൽ നിന്നും "ഗുലേബ "യുടെ കടുകട്ടി സ്റ്റെപ്പുകളൊക്കെ അമ്മയുടെയും ടീച്ചറിന്റെയും സഹായത്തോടുകൂടി പഠിച്ചെടുക്കുകയായിരുന്നു. "വാർഷികം ഇരുപത്തിയെട്ടിനാണെ... കണക്കിന്റെ ടേബിൾ പടിക്കണേ... " ഇടയ്ക്കു ടീച്ചർ ഇതും പറയുന്നുണ്ടായിരുന്നു. പറയാതെ വയ്യല്ലോ, പരീക്ഷയും അടുത്തു. ഉച്ചകഞ്ഞിക്കു ശേഷമുള്ള പതിവു കലാപരിപാടികളിലായിരുന്നു ഞങ്ങൾ. ( ക്ലാസിനു ചുറ്റുമുള്ള ഓട്ടവും, ബെഞ്ചിൽ കയറി ബെഞ്ചാട്ടം, തോണ്ടലും പറിക്കലും അങ്ങനെയങ്ങനെ..... ) " അതാടാ ടീച്ചർ വരുന്നാ ... " കേട്ടപാതി കേൾക്കാത്ത പാതി ഓടി, ടീച്ചർ ക്ലാസ്സിൽ എത്തുന്നതിനു മുൻപ് എനിക്ക് എന്റെ സീറ്റിൽ എത്തുവാൻ 'പി ടി ഉഷ' ആകേണ്ടി വന്നു. ജങ്കോ ഞാൻ ഇപ്പോൾ പെട്ടേനെ... !

അസംബ്ലി ഉണ്ടെന്നു ടീച്ചർ പറഞ്ഞതനുസരിച്ചു വരിവരിയായി ഗ്രൗണ്ടിലേക്ക്... വരിയിൽ നിന്നുവെങ്കിലും മുന്നിൽ നിൽക്കുന്നവനെ തോണ്ടി രസംപിടിച്ചു വരുമ്പോഴാണ് ഷീന ടീച്ചർ കാര്യത്തിലേക്ക് കടന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന 'കിരീടം ' എന്ന അർത്ഥം വരുന്ന ലാറ്റിൻ പദമായ 'കൊറോണ' (കൊറോണ വൈറസ് ഡിസീസ് -2019, ചുരുക്കം കോവിഡ് -19) രോഗം ലോകത്തെ മൊത്തം പടർന്നു പിടിക്കുകയാണ് പോലും, അതുകൊണ്ട് സ്കൂൾ പൂട്ടുകയാണ് പോലും.. ! മനസ്സിൽ ലഡു പൊട്ടിയോ, അതോ ഹൃദയം പൊട്ടുന്ന വേദനയോ.. ഒരുവശത്തു ഗുലേബ, പരീക്ഷ, കൂട്ടുകാർ, മറുവശത്തു കൊച്ചു ടി വി, സൈക്കിൾ സവാരി, ഷെസുവുമൊത്തുള്ള മണ്ണപ്പം ചുടൽ, ചേച്ചിയുമൊത്തുള്ള ലാപ്ടോപ്പിലെ ഗെയിം കളി വട്ടകൂലിൽ പോയി നിൽക്കണം.ഇങ്ങനെ മനസ്സുനിറയെ ടീവിയിൽ ഫ്ലാഷ് ന്യൂസ്‌ പോകുന്നത് പോലെ, " ഇവിടെ ശ്രദ്ധിക്ക് " അത് കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. കൊറോണ എന്ന ഭീകരനെ അകറ്റുവാൻ കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക, ധാരാളം വെള്ളം കുടിക്കേണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഷീന ടീച്ചർ പറഞ്ഞു തന്നു.

അങ്ങനെ സ്കൂൾ വിട്ടു കൂട്ടുകാരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക്... വിശേഷങ്ങൾ അമ്മമ്മയോട് പങ്കുവെച്ചു, രാത്രി അച്ഛൻ വന്നപ്പോൾ പരീക്ഷകളൊന്നും ഇനി ഉണ്ടാകില്ല എന്ന് പറഞ്ഞു. മൂന്നാഴ്ച കാലത്തേക്ക് വീട്ടിൽ നിന്നു പുറത്തിറങ്ങുവാനും കൂട്ടം കൂടുവാനും പാടില്ല പോലും, സുഖം... മോട്ടു പട്ട്ലു ഇനി നീയേ ശരണം.... എന്നാലും എന്റെ കൊറോണ നീ കട്ടയ്ക്കു തന്നെയാണല്ലോ.....

വീട്ടിലെ ആദ്യ ദിനങ്ങൾ കളിച്ചും ചിരിച്ചും ആസ്വദിക്കുന്നതിനിടയിലാണ് അച്ചാച്ചൻ റിമോട്ട് തട്ടിപ്പറിച്ച് വാർത്ത വെയ്ക്കുന്നത്. കോറോണ രോഗം മൂലം നിരീക്ഷണത്തിലുള്ളവരും ആശുപത്രിയിലായവരും അങ്ങനെ എത്രയെത്ര പേർ ? ആകെ മരിച്ചവരുടെ എണ്ണം കേട്ടപ്പോൾ തന്നെ പേടിയായി. അച്ചാച്ചാ ... നമ്മളും മരിക്ക്വോ? പേടി വേണ്ടെടാ മോനേ .ജാഗ്രത മതിയെന്ന് അച്ചാച്ചൻ.ഷീന ടീച്ചർ പറഞ്ഞതുപോലെ ചെയ്താൽ മതിയെന്ന് അമ്മമ്മയും . ഞാനും ചേച്ചിയും ഇടയ്ക്ക് കൈ കഴുകാനും വെള്ളം കുടിക്കാനും മറന്നില്ല. 'എല്ലാ ഞായറാഴ്ചയും കറങ്ങുന്ന കുടുംബം' എന്ന് പേരുള്ള ഞങ്ങൾക്ക്, ഞായറാഴ്ച വീട്ടിൽ ഇരിപ്പുറച്ചില്ല. മനുഷ്യ സ്ര വങ്ങളിൽ തിന്നും പകരുന്ന രോഗമാണ് ഇത് എന്ന് മനസ്സിലാക്കിയ ഞാൻ, എനിക്കും എന്റെ സമൂഹത്തിനും വേണ്ടി ഒറ്റക്കെട്ടായി വീട്ടിലിരുന്നു.

അച്ഛനും അച്ചാച്ചനും അമ്മയും ഒക്കെ കൃഷിപ്പണികളിൽ ഏർപ്പെട്ടു. ഞാനും ചേച്ചിയും ഞങ്ങളുടെ വകയും പച്ചക്കറികൾ നട്ടു. ചക്കയും മാങ്ങയും കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കി. ദിവസങ്ങളായി കട തുറക്കാത്ത അച്ഛൻ തന്റെ വിഷമം ഒരു ദിവസം എന്റെ തലയിൽ തീർത്തു. അവിടെ വര , ഇവിടെ വര, വരയോടു വര. അങ്ങനെയിരിക്കെ അമ്മുച്ചേച്ചിയേയും കുഞ്ഞാവയേയും കാണാൻ കൊതിയായി. നടുവിൽ കൊണ്ടാക്ക്വാ അച്ഛാ ? കൈ കഴുകുന്നതിനിടയിൽ അച്ഛനേയും സോപ്പിട്ടു. കോറോണ വാർഡിൽ ജോലിചെയുന്ന സിൽജാന്റിയുടെ ആജ്‌ഞാപനം. " ഞാൻ താമസിക്കുന്നിടത്ത് ആരും വന്നേക്കരുത്." അതും പോയി. സിൽ ജാന്റിയെ അഭിനന്ദിക്കാനും (ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം) ഞങ്ങൾ മറന്നില്ലാട്ടോ...

രണ്ടാം ക്ലാസ് ഗ്രൂപ്പുവഴി ' എട്ടിന്റെ പണി' വരുന്നത് അന്നാണ് ഞാൻ അറിഞ്ഞത്. ഒരോ ദിവസം ഒരോ പ്രവർത്തനം . എന്റെ ടീച്ചറമ്മ വിടുമോ? സന്ധ്യയ്ക്ക് അമ്മയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ചെയ്ത് ടീച്ചറുടെ വാട്സ് ആപ്പിലേക്ക് ..... കുറേ മിഠായികളും ലൈക്കും കമന്റും തിരിച്ചും കിട്ടി.'മോനേ.... നന്നായി. കൈയെഴുത്ത് 'അതുക്കും മേലെ ' "എന്റമ്മേ പിന്നെന്തു വേണം". ജിതിക ടീച്ചറിന്റെ ആ വാക്കിൽ ഞാൻ വീണു പോയി. മിഠായികളെല്ലാം എണ്ണി വച്ചിട്ടുണ്ട്. പീനട്ട് ആയിരിക്കുമോ അതോ കുക്കീസോ? പിന്നെ പ്രവർത്തനങ്ങൾ എഴുതാനും അയക്കാനും അമ്മയെ കൂട്ടിയില്ല.

വൈകുന്നേരത്തെ 'യോഗ' യാണ് ഇപ്പോൾ താരം. പ്രാണായാമവും സൂര്യനമസ്കാരവും എല്ലാം അച്ഛാച്ഛൻ പഠിപ്പിച്ചെങ്കിലും 'ശവാസന'മാണ് എനിക്കിഷ്ടമായത്. ഒന്നും അറിയണ്ടല്ലോ? ഒറ്റ ഉറക്കം. ഞായറാഴ്ചകളിൽ മാത്രം അടുത്തു കിട്ടാറുള്ള അച്ഛനും അച്ഛാച്ഛനും ഞങ്ങളെ പാളയിൽ വലിച്ചും ഊഞ്ഞാൽ ആട്ടിയും ഞങ്ങളെ സന്തോഷിപ്പിക്കുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും ഓരോ ദിവസവും വളരെ പേടിയോടുകൂടിയാണ് പത്രവും വാർത്തയുമൊക്കെ കാണുന്നത്. ഭക്ഷണവും വെള്ളവും ആവശ്യത്തിനു കിട്ടാതെ സങ്കടപ്പെടുന്നവരുടെ വാർത്തയും ഞാൻ വായിച്ചു അതു കൊണ്ടു തന്നെ ഭക്ഷണം ഒട്ടും പാഴാക്കാതെ കഴിക്കാൻ ഞാനും ചേച്ചിയും ശ്രദ്ധിക്കാറുണ്ട്.

" അതിജീവിക്കും നാം ഒറ്റക്കെട്ടായി"

Stay Home Stay Safe

Break the chain

അജൽ പി സുബി
2 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം