ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ അവകാശികൾ

പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കൊന്നും ഇല്ലാത്ത അനേകം സവിശേഷതകൾ മനുഷ്യനുണ്ട്. ഇതാണ് അവനെ ഈ ലോകം അടക്കി വാഴുവാൻ സഹായിക്കുന്ന കഴിവ്. ഒന്ന് ആലോചിച്ചു നോക്കു, പ്രപഞ്ചം എന്ന ആധിയും അന്തവും ഇല്ലാത്ത അനന്തവിസ്മയത്തിനുള്ളിലെ ഒരു ചെറു ഗോളം മാത്രമാണ് ഭൂമി. ഭൂമിയിലെ ജീവന്റെ ചെറു കണികകൾ മാത്രമാണ് ജീവവർഗം എന്നത്. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയുടെമേൽ ജന്മസിദ്ധമായ ഒരാവകാശമുണ്ട് 'ജീവിക്കുവാനുള്ള അവകാശം'. മാംസഭോജികളായ വന്യമൃഗങ്ങൾപോലും വിശപ്പടക്കുവാനും ജീവൻനിലനിർത്തുവാനും വേണ്ടിമാത്രമാണ് ഇരകളെ ആക്രമിക്കുന്നത് അല്ലാതെ അവർ തീർത്തും ശാന്തസ്വഭാവികളാണ്. എന്നാൽ മനുഷ്യന്റെ സ്ഥിതി അങ്ങനെയല്ല എന്ന ഉത്തരം കണ്ടെത്താൻ നമ്മൾ ചരിത്രം തിരയേണ്ടകാര്യമില്ല. നമുക്കുചുറ്റും ദിനംപ്രതി നടക്കുന്ന സംഭവങ്ങൾ തന്നെ ധാരാളം.
മനുഷ്യന്റെ അടങ്ങാത്ത ദുരാഗ്രഹവും സ്വാർത്ഥതയും പ്രകൃതിയുടെ താളത്തെ അവതാളത്തിൽ ആക്കികൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ദുരാഗ്രഹങ്ങൾക്ക് അതിരില്ലാതായിരിക്കുന്നു. നമ്മളിൽ എത്രപേർ പ്രകൃതിയെ സംരക്ഷിക്കുന്നു? പ്രകൃതിയിലെ ഏതൊരു ജീവിയുടെയും ഉള്ളിലുള്ള അദമ്യമായ ആഗ്രഹമാണ് സ്വതന്ത്രമായ ജീവിതം. ആ ആഗ്രഹം മനുഷ്യർ ചവിട്ടിമെതിക്കുകയല്ലേ? അവയെ പ്രദർശനശാലകളുടെ ഇരുമ്പുകൂടിനുള്ളിൽ പൂട്ടിയിടുന്ന മനുഷ്യൻ ഒരിക്കലെങ്കിലും താൻ ഈ അവസ്ഥയിൽ ആയിരുന്നെങ്കിലോ എന്ന് ചിന്തിക്കുമോ. കഴിഞ്ഞുപോയ പ്രളയത്തിലും മനുഷ്യൻ അടക്കിപ്പിടിച്ച സമ്പാദ്യങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് പ്രകൃതിയിൽ അലിഞ്ഞുചേർന്നപ്പോഴും മനുഷ്യജീവനുകൾതന്നെ നഷ്ടപ്പെട്ടപ്പോഴും നിസഹായരായി നോക്കിനിൽക്കാൻ മാത്രമേ നമുക്ക് കഴിഞ്ഞുള്ളു. ഇതിൽനിന്നൊന്നും ഒന്നും പഠിക്കാത്ത മനുഷ്യർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. അവർക്കായൊരു സന്ദേശം ' മനുഷ്യൻ ഉൾപ്പടെയുള്ള ഇല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമി'. ഓരോ ജീവിക്കും നമുക്കുള്ളതുപോലെ അവകാശം ഈ ഭൂമിയിൽ ഉണ്ടെന്ന സത്യം സദാ ഓർമയിൽ ഇരിക്കട്ടെ.

Arjun. L. R
8 A ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം