ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കോവിഡ് തന്ന പാഠം
കോവിഡ് തന്ന പാഠം
തലയ്‍ക്കു് വല്ലാത്ത കനം. കാലുകൾ നിലത്തുറയ്‍ക്കുന്നില്ല. രാത്രി വുഴുവൻ ചുമച്ചതുകൊണ്ട് നെഞ്ചിൽ നീര് വച്ചതുപോലെയുള്ള വേദന. വരണ്ടുണങ്ങിയ നാവിന് ദാഹ ജലത്താൽ ശമനം നൽകാം എന്നാഗ്രഹിച്ചുകൊണ്ട് മൊന്ത എടുത്തപ്പോൾ കൈ എനിക്ക് വഴങ്ങാത്തതുപോല. അത് എന്റെ കൈയ്യിൽ നിന്ന് നിലത്തേക്ക് വീണു. "അമ്മേ" ! എന്ന വിളിയുടെ അവസാനത്തിൽ ഞാനും മൊന്തയ്‍ക്കടുത്തായി നിലംപതിച്ചു. ആരോ മുഖത്തേയ്‍ക്ക് വെള്ളം കുടഞ്ഞതു പോലെ, ഞാൻ വളരെ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു. അപ്പോൾ എന്റെ അമ്മ അടുത്തിരുന്ന് എന്നെ വിളിച്ചു കരയുന്നത് കേൾക്കാമായിരുന്നു. മറ്റു ചിലരുടെയൊക്കെ കാലൊച്ചകളും, ആംബുലൻസിന്റെ സൈറണും എന്റെ കാതുകളിൽ മുഴക്കം സൃഷ്‍ടിച്ചു. കൺപോളകളിൽ അസാധാരണമായ കനം തോന്നിയതിനാൽ വളരെ നേരം കണ്ണ് തുറന്നു പിടിക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ഞാൻ കണ്ണു തുറന്നപ്പോൾ എനിക്കപരിചിതമായ ഒരിടത്തായിരുന്നു ഞാൻ. ഇന്നുവരെ കാണാത്ത ഒരിടം. അവിടെ ശരീരം മുഴുവൻ മൂടിയ കോട്ടിട്ട ഗഗനചാരികളെപ്പോലെ സൂട്ടിട്ട രണ്ടുപേർ. എനിക്കു ഭയമായി. സങ്കടം സഹിക്കാനാവാതെ ഞാൻ ഉച്ചത്തിൽ കരഞ്ഞു. പിന്നീടാണ് എല്ലാം എനിക്ക് മനസ്സിലായത്. ഒരു കോവിഡ് രോഗിയാണ് ഞാനിപ്പോൾ എന്ന്. ഡോക്ടർമാരും സിസ്‍റ്റേർസും വളരെ തിരക്ക് പിടിച്ചുകൊണ്ടായിരുന്നു അവരുടെ ജോലികൾ ചെയ്‍തുകൊണ്ടിരുന്നത്. എല്ലാവരും മുഖാവരണവും ഗ്ലൗസും ധരിച്ചുകൊണ്ട് എന്നെ ശുശ്രൂഷിക്കുന്നതു കാണുമ്പോൾ ഞാൻ ഏതോ അന്യഗ്രഹത്തിലാണോ എന്നു പോലും ചിന്തിച്ചു. എല്ലാവരുടെയും മറച്ചു പിടിച്ച കണ്ണടകൾക്കിടയിലൂടെ ഞാൻ ദുഃഖവും അതോടൊപ്പം പ്രതീക്ഷയും കണ്ടു. കോവിഡ് ബാധയുടെ പിടിയിൽ ഒരാൾ കൂടി ആയല്ലോ എന്ന ദുഃഖമായിരുന്നു അവരുടെ കണ്ണുകളിൽ തളം കെട്ടി നിന്നത്. അതോടൊപ്പം കോവിഡ് എന്ന മഹാമാരിയെ ഒറ്റക്കെട്ടായി തോൽപ്പിക്കും എന്ന പ്രതീക്ഷയും. കോവിഡ്, ക്വാറന്റൈൻ എന്നീ വാക്കുകൾ എന്നെ വല്ലാത്ത ഒരു അവസ്‍ഥയിലാക്കി. എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നി. ഞാൻ കാരണം മറ്റാർക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടാകുമോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. എന്നാൽ എനിക്കു വേണ്ടി, സ്വന്തവും ബന്ധവും ഒന്നുമല്ലാത്ത എനിക്കു വേണ്ടി, രാപകലില്ലാതെ തങ്ങളുടെ ശരീരം മുഴുവൻ മൂട്ക്കെട്ടി വേനലിന്റെ കനത്ത ചൂടിലും, തങ്ങളുടെ സ്വന്തക്കാരെ ആരെയും കാണാതെ രോഗികൾക്കായി മാത്രം ജീവിക്കുന്ന അവരെ കാരുണ്യത്തോടെ ശുശ്രൂഷിക്കുന്ന ദൈവദൂതൻമാരെയും മാലാഖമാരെയും കണടപ്പോൾ എന്റെ ജീവിതത്തിനും വലിമ അർത്ഥമുണ്ടെന്ന പാഠം ഞാൻ ഉൾക്കൊണ്ടു. ജീവിതത്തെ കൂടുതൽ സ്‍നേഹിക്കുവാനും മറ്റുള്ളവർക്കു വേണ്ടി ജീവിക്കുവാനുമുള്ള ഒരു പാഠം ഞാൻ ഇതിൽ കാണുന്നു. ആദ്യമൊക്കെ എന്റെ ചിന്തയിൽ, ഞാൻ മരിക്കുമ്പോൾ എന്റെ വീട്ടിലുള്ളവർക്ക് എന്നെ ഒരു നോക്കു കാണുവാൻ സാധിക്കുമോ? അതോ എന്നെയും മറ്റുള്ളവരെയും ഒരുമിച്ച് കൂട്ടിയിട്ട് കുഴിച്ചു മൂടുമോ? ഈ ചിന്തകളെല്ലാം എത്ര പെട്ടെന്നാണ് പറന്നുപോയത് ! ഒരിക്കൽ ഞാൻ കണ്ടു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിലും പ്രാർത്ഥനയോടെ വ്യപരിക്കുന്ന മാലാഖമാർ. ഈ മഹാമാരിയെ ചെറുത്തുനിൽക്കുവാൻ ശക്തി തേടുന്ന മാലാഖമാർ. ഓരോ ചുമയ്‍ക്കു പിന്നിലും ഓടിയണയുന്ന മാലാഖമാർ. അവരുടെയെല്ലാം കഷ്‍ടപ്പാടിന്റെയും അദ്വാനത്തിന്റെയും ഒടുവിൽ ഞാൻ ആശുപത്രി വിട്ടു. എല്ലാവരോടും ഞാൻ നന്ദി പറഞ്ഞു. ഞാൻ വന്നപ്പോൾ കണ്ട അതേ വികാരം തന്നെയായിരുന്നു അപ്പോഴും അവരുടെ കണ്ണുകളിൽ. എന്നാൽ പ്രതീക്ഷയ്‍ക്കായിരുന്നു ഇപ്പോൾ കൂടുതൽ തൂക്കം. ഡോൿടർമാർ, നഴ്‍സുമാർ,അറ്റൻഡർമാർ ഓരോ നിലയിലുമുള്ളനർ അവരവരുടെ സേവനം എത്ര പ്രശംസനീയമായി നിർവഹിച്ചു. ഓരോ ദിവസും ഒരു ജീവനെയെങ്കിലും രക്ഷിക്കാനാകണേ എന്നതു മാത്രമായിരുന്നു അവരുടെയെല്ലാം പ്രാർത്ഥന. കോവിഡ് മഹത്തായ ഒരു പാഠംകൂടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പാഠപുസ്‍തകങ്ങൾക്കമപ്പുറമുള്ള മാനവരാശി ഇനിയും അഭ്യസിക്കേണ്ട നൻമയുടെ, ഐക്യത്തിന്റെ, സഹാനുഭൂതിയുടെ, സഹകരണത്തിന്റെ ജീവിതപാഠം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ