എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


നിയമ പോരാട്ടങ്ങളിലൂടെയും സഹന സമരങ്ങളിലൂടെയും ധീര ദേശാഭിമാനികളുടെ ത്യാഗങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യമെമ്പാടും. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഓഗസ്റ്റ് പത്തു മുതൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ശ്രീശാരദ സ്കൂളിലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയുടെ ഉദ്ഘാടനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നടത്തിയ പ്രധാന പ്രവർത്തനങ്ങൾ

കാൽനട ജാഥ

ക്വിറ്റ് ഇന്ത്യാ ദിനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യ സമരം. ഈ സമരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് ഏഴാം ക്ലാസ്സിലെ വിസ്‍മയ വിനേഷ് അസംബ്ലിയിൽ സംസാരിച്ചു. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ക്വിസ് മത്സരവും നടത്തി.

സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്

എല്ലാവരേയും ഏറെ ആകർഷിച്ച പ്രധാന ആശയമായിരുന്നു സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് . സ്കൂൾ മാനേജർ , പ്രിൻസിപ്പൽ സുനന്ദ വി , ഹെഡ് മിസ്ട്രസ്സ് സുമ എൻ കെ , പി ടി എ പ്രസിഡന്റ് വിജയരാഘവൻ സി, എം പി ടി എ രാധിക മറ്റു പി ടി എ അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥിനികൾ എല്ലാവരും ക്യാൻവാസിൽ ഒപ്പു രേഖപ്പെടുത്തി. ഈയൊരു അവസരത്തിൽ കുറച്ചു പേരുടെ മനസ്സിലൂടെയെങ്കിലും സ്വാതന്ത്ര്യ സമരവും അതിൽ പങ്കെടുത്ത ദേശസ്നേഹികളുടെയും ചിന്തകൾ കടന്നുപോയിട്ടുണ്ടാകാം.

ചിത്രരചന/ കൊളാഷ് മത്സരങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ചരിത്ര സംഭവങ്ങൾ അല്ലെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ എന്നീ വിഷയങ്ങളാണ് ചിത്രരചനക്ക് നൽകിയത്. കൊളാഷ് മത്സരം ഗ്രൂപ്പു പ്രവർത്തനമായാണ് നടത്തിയത്. ഇൻഡ്യയുടെ ചിത്രം , ഗാന്ധിജിയുടെ ചിത്രം എന്നിവ തയ്യാറാക്കിയ 10 എ ,ബി ക്ലാസ്സുകാർ സമ്മാനാർഹരായി. ഇതോടൊപ്പം തന്നെ ത്രിവർണ പതാക നിർമ്മാണവും നടത്തി.

പ്രസംഗ മത്സരം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയ മൂഹൂർത്തങ്ങൾ അല്ലെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത ധീര നേതാക്കൾ എന്നതായിരുന്നു വിഷയം. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ പ്രവർത്തനം നടത്തിയത്. കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുകയും തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനത്തിന് അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. അലേഖ്യ ഹരികൃഷ്ണൻ, ക്രിസ്റ്റീന സ്ക്കറിയ, സുവർണ്ണ ജോബി, ശ്രീലക്ഷ്മി പ്രമോദ് എന്നിവരാണ് വിജയികൾ.

ഗാന്ധി മരം

എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സർക്കാറിന്റെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 11 ന് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം എന്ന പേരിൽ വൃക്ഷത്തൈ നടുകയുണ്ടായി. സീഡ് ക്ലബ്ബ്, എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികളാണ് തൈ നടത്. ചടങ്ങിന് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി , പ്രിൻസിപ്പൽ സുനന്ദ വി , ഹെഡ് മിസ്ട്രസ്സ് സുമ എൻ കെ അധ്യാപകർ സാക്ഷ്യം വഹിച്ചു.

പ്രശ്നോത്തരി

ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയുമായി ബന്ധപ്പെട്ട് യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രശ്നോത്തരി നടത്തി. ഇതൊടൊപ്പം വിവേകായനം എന്ന പേരിൽ വിവേകാനന്ദ ഗ്രൂപ്പിന്റെ ഉപന്യാസം, പ്രസംഗം, യോഗ എന്നീ മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

ഇന്ത്യൻ ഭരണഘടന ആമുഖം

ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന . ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ഭാഗമാണ് " ഇന്ത്യയിലെ ജനങ്ങളായ നാം " എന്നു തുടങ്ങുന്ന ആമുഖം. ഓഗസ്റ്റ് 12 ന് രാവിലെ പത്തു മണിക്ക് എല്ലാ ക്ലാസ്സുകളിലും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു

കാൽനട ജാഥ

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഒരു പ്രധാന പ്രവർത്തനമായിരുന്നു കാൽനട ജാഥ. അറുപതിൽപരം വീടുകളിൽ കൊടികൾ വിതരണം ചെയ്ത് ഗൈഡ്സ് , ജെ ആർ സി കേഡറ്റ്സ്, വിമുക്തി ക്ലബ്ബ്, ഗൈഡ്സ് , യുപി വിഭാഗം കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കാളികളായി.

ഫ്ളാഷ് മോബ്

ഫ്ലാഷ് മോബ്

സമകാലിക വിഷയങ്ങളെ ജ്ഞങ്ങളിൽ എത്തിക്കാനുള്ള പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് ഫ്ലാഷ് മോബ്. ഇന്ത്യൻ ദേശീയത വിളിച്ചോതുന്ന ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് സ്കൂൾ അങ്കണത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ നടത്തിയ ഫ്ലാഷ് മോബ് വളരെ ശ്രദ്ധേയമായി. 32 വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്. ഇതോടൊപ്പം അമ്പതോളം കുട്ടികൾ 75 എന്ന അക്കത്തിന്റെ ആകൃതിയിൽഅണിനിരന്നു

സൈക്കിൾ റാലി

സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. ജെ ആർ സി ഗൈഡ്സ് ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു.

75ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, കൊളാഷ്, പതാക നിർമ്മാണം എന്നിവയുടെ പ്രദർശനം നടത്തി.

ഈ ആഘോഷ വേളയിലും ഒരു വേറിട്ട അനുഭവം ആയിരുന്നു എട്ട് ഇ യിൽ പഠിക്കുന്ന ഗൗരിയുടെ വീട് സന്ദർശനം. സ്കൂളിൽ സ്ഥിരം എത്താൻ സാധിക്കാതെ വീട്ടിലിരിക്കേണ്ടി വന്ന ഗൗരിക്ക് പ്രധാന അദ്ധ്യാപികയും ക്ലാസ്സ്ടീച്ചറും കൂട്ടുകാരും ചേർന്ന് പതാക നൽകി. സന്തോഷം പങ്കു വെച്ചു.

ആഗസ്റ്റ് 15

അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം ഒമ്പതു മണിക്ക് സ്കൂൾ മാനേജർ , പ്രിൻസിപ്പൽ, പ്രധാനാധ്യാപിക, പി ടി എ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥിനികളും അധ്യാപകരും ദേശഭക്തിഗാനങ്ങളാലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ, പ്രധാനാധ്യാപിക, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പ്രസംഗ മത്സര ജേതാക്കൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി സ്വാതന്ത്ര്യ സഹന സമരത്തെ കുറിച്ച് വിശദീകരിച്ചു. കുട്ടികൾ സേവ് ദ സോയിൽ എന്ന ഗാനം ആലപിച്ചു. ആനന്ദ നടനം എന്ന നൃത്ത രൂപം എല്ലാവരെയും ആനന്ദിപ്പിച്ചു. 6 എയിൽ പഠിക്കുന്ന ദിൻഷയുടെ വീണയിലുള്ള ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച നീണ്ട കാലയളവിനു ശേഷം വിദ്യാ‍ർഥികളും അധ്യാപകരും ഒരു പോലെ പങ്കാളികളായ സ്വാതന്ത്ര്യ ദിനം...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി പരിപാടികൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ലാഷ് മോബ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക