എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

അക്ഷരങ്ങളുടെ മായാലോകത്തേക്ക് ചേക്കേറാൻ വീണ്ടും ഒരു പ്രവേശനോത്സവം വന്നെത്തി. പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യദിവസം ആഘോഷിക്കാനുള്ള പ്രവേശനോത്സവ പരിപാടികൾ ശ്രീ ശാരദ ഗേൾസ്‌ ഹയർസെക്കന്ററി സ്കൂളിൽ പൂജനീയ പ്രവ്രാജിക വിമലപ്രാണ മാതാജി ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു. പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിക്കുകയും ടീച്ചറുടെ ബാല്യകാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സുധീർ കെ എസ്‌ അധ്യക്ഷത വഹിച്ചു. ശ്രീ ശാരദാ മഠം പ്രസിഡന്റ്‌ പ്രവ്രാജിക വിമലപ്രാണ മാതാജിയും മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണ മാതാജിയും അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്നത്തെ യുവതലമുറയെ ഇല്ലാതാക്കുന്ന ലഹരിയെന്ന മഹാവിപത്തിനെ പറ്റി കുട്ടികൾക്കും മാതാപിതാക്കൾക്കും മാതാജി പറഞ്ഞു കൊടുക്കുകയുണ്ടായി. മുൻ പി ടി എ പ്രസിഡന്റ്‌ ഷാജു എം ജി-യും സുഹൃത്ത് അനിൽകുമാറും ചേർന്ന് അവതരിപ്പിച്ച നാദസ്വര കച്ചേരി ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. വാർഡ് മെമ്പർ കണ്ണൻ പി എസ് ആശംസകളർപ്പിച്ചു. പി ടി എ  എക്സിക്യൂട്ടീവ് അംഗം എം മനോജ്‌ ആശംസ അറിയിച്ചു. കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ചടങ്ങിനെ കൂടുതൽ മനോഹരമാക്കി. പ്രധാനധ്യാപിക എൻ കെ സുമ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചു.എല്ലാ കുട്ടികൾക്കും മധുര വിതരണം ചെയ്യുകയുണ്ടായി. 5-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് സമ്മാനപൊതികളും സദ്യയും നൽകി പുതിയ ഒരു  അദ്ധ്യയന വർഷത്തിലേക്ക് അധ്യാപകർ അവരെ സ്വാഗതം ചെയ്തു.

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനാചരണം വളരെ ഭംഗിയായി ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നയന എസ് നായർ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്കൃതാധ്യാപിക എസ് സിന്ധു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവറാജിക നിത്യാനന്ദ മാതാജി ഉദ്ഘാടനകർമ്മം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി വി രാജേശ്വരി അധ്യക്ഷപ്രസംഗം നിർവ്വഹിച്ചു. മുഖ്യാഥിതിയായി എത്തിയത് ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ പുറനാട്ടുകര സ്വദേശിയായ പോൾസൺ റാഫേൽ ആണ്. അദ്ദേഹം കുട്ടികളെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവതികളാക്കി. ആശംസാ പ്രസംഗം നടത്തിയത് ഹരിതസേനയുടെ ജില്ലാ കോർഡിനേറ്റർ എൻ ജെ ജെയിംസ് ആണ്. അതിനു ശേഷം വിദ്യാർത്ഥിനികളുടെ ഗാനാലാപനം നടന്നു. കുട്ടികൾക്ക് തൈവിതരണം നടത്തി. നന്ദി പ്രകാശിപ്പിച്ചത്  സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ ആണ്. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

വായനദിനം

ജൂൺ 19 ന് വായനദിനം ആചരിച്ചു. പി ടി എ പ്രസിഡന്റ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിച്ചു. വായനയുടെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചു. യോഗത്തിന്റെ ഉദ്ഘാടനകർമ്മം വിളക്ക് കൊളുത്തി നിർവഹിച്ചു കൊണ്ട് സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിൽ വായനയുടെ മൂല്യത്തെ  കുറിച്ച് മാതാജി സംസാരിച്ചു. വിശിഷ്ടാതിഥി ആയി എത്തിയത് മാധ്യമ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ആർ ബാലകൃഷ്ണൻ ആയിരുന്നു. അദ്ദേഹം വായനയുടെ പ്രാധാന്യത്തെ കുറിച്ചും ഹൈക്കൂ കവിതകളെ പറ്റിയും സംസാരിച്ചു. ഒപ്പം കുട്ടികൾക്കായി ദൂരദർശൻ മാതൃകയിൽ വാർത്ത അവതരിപ്പിക്കുകയും ചെയ്തു. ധനുഷ്ക വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഭാഷ ' എന്ന കവിത ആലപിച്ചു. ആറാം ക്ലാസ്സിലെ മാളവിക വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഗുരുനാഥൻ ' എന്ന കവിത ആലപിച്ചു.

സംസ്കൃതം അധ്യാപിക എസ് സിന്ധു ആശംസ അർപ്പിച്ചു. ലക്ഷ്മി കെ ബി വായന ദിന സന്ദേശം നൽകി. ഋതു കെ സന്ദീപ്, ആരാധ്യ, ആദിത്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ വായനാനുഭവം പങ്കു വെച്ചു. നന്ദ ദേവൻ അക്കിത്തം നമ്പൂതിരിപ്പാടിന്റെ തോട്ടക്കാരൻ എന്ന കവിത ആലപിച്ചു. പൂജിതയും സംഘവും നാടൻപ്പാട്ട് അവതരിപ്പിച്ചു. ഹോസ്റ്റൽ വിദ്യാർത്ഥിനികൾ സുഗതകുമാരിയുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല ' എന്ന കവിതയുടെ നൃത്തശില്പം അവതരിപ്പിച്ചു. പൂജിത വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു.

ജൂൺ 21:ലോക സംഗീത ദിനം, യോഗ ദിനം

പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് സുധീർ കെ എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബി ആർ സി കോർഡിനേറ്റർ നിവ്യ ഷാജു ആശംസകളർപ്പിച്ചു. വീശിഷ്ട അഥിതികളായ സുധ കെ പി, വിലാസിനി കെ കെ എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. ഒമ്പതാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ലോകസംഗീതദിന സന്ദേശം നൽകി. പിന്നീട് സുധ കെ പി പുല്ലാങ്കുഴലിൽ കീർത്തനമാലപിച്ചു. പ്രദീപ്തയും സംഘവും സംഘഗാനം ആലപിച്ചു.

നിരഞ്ജിനി കൃഷ്ണയുടെ വയലിൻ കച്ചേരിക്കും ദിൻഷയുടെ വീണാനാദത്തിനൊപ്പം അധ്യാപകരും കുട്ടികളും വായ്പ്പാട്ട് പാടി. പൂർവ്വവിദ്യാർത്ഥിനികളായ ദേവനന്ദ, നിള എന്നിവർക്കൊപ്പം നിരഞ്ജിനി കൃഷ്ണ, ദേവലക്ഷ്മി എന്നിവർ ഗിറ്റാർ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ ഗാനാഞ്ജലി അവതരപ്പിച്ചു. ലക്ഷ്മി എസ് നായർ ലോകയോഗദിന സന്ദേശം നൽകി. വിലാസിനി കെ കെ യോഗാഭ്യാസത്തെ കുറിച്ച് ഡെമോൺസ്ട്രേഷൻ ക്ലാസ്സ് നൽകി. പ്രധാനാധ്യാപിക എൻ കെ സുമ നന്ദി പ്രകാശിപ്പിച്ചു. എട്ടാം ക്ലാസ്സിലെ സി എസ് ദിൻഷയുടെ വീണയിൽ ആലപിച്ച ദേശീയഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം

അന്താരാഷ്ട്ര ലഹരി വിമുക്ത ദിനമായ ജുൺ 26 ശ്രീ ശാരദ സ്കൂളിൽ സമുചിതം ആചരിച്ചു. അസംബ്ലിക്കു ശേഷം ഗൈഡ്സ്, ജെ.ആർ.സി, ടീൻസ് ക്ലബ്, ജാഗ്രത സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ, വിമുക്തി എന്നീക്ലബ്ബുകളിലെ അംഗങ്ങളെല്ലാം ചേർന്ന് സ്ക്കൂളിൽ നിന്നും കിണർ സ്റ്റോപ്പ് വരെ റാലി നടത്തി. ലഹരിക്കെതിരെയുള്ള മുദ്രവാക്യങ്ങൾ വിളിച്ച് കൊണ്ടാണ് റാലി നടത്തിയത്. സ്ക്കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു.. അന്ന് ഉച്ചയ്ക്ക് സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ പാർലമെന്റ് യോഗം ചേർന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും ചേർന്നായിരുന്നു പാർലമെന്റ് നടത്തിയത്. ലഹരിയോട് അനുബന്ധിച്ചുളള ചോദ്യ‍‍ങ്ങളായിരുന്നു ചോദിച്ചത്. അവസാനം ലഹരിക്കെതിരെയുളള പ്രതി‍ജ്ഞ എടുത്തുകൊണ്ട് സഭ പിരിച്ചു വിട്ടു. അങ്ങനെ സ്ക്കൂളിൽ ലഹരി വിമുക്ത ദിനം സന്തോഷത്തോടെയും സമാധാനപൂർണമായും ആചരിച്ചു. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിക്കുകയുണ്ടായി.

ചിത്രശാല