എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

അക്ഷരങ്ങളുടെ മായാലോകത്തേക്ക് ചേക്കേറാൻ വീണ്ടും ഒരു പ്രവേശനോത്സവം വന്നെത്തി. പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യദിവസം ആഘോഷിക്കാനുള്ള പ്രവേശനോത്സവ പരിപാടികൾ ശ്രീ ശാരദ ഗേൾസ്‌ ഹയർസെക്കന്ററി സ്കൂളിൽ പൂജനീയ പ്രവ്രാജിക വിമലപ്രാണ മാതാജി ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു. പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിക്കുകയും ടീച്ചറുടെ ബാല്യകാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സുധീർ കെ എസ്‌ അധ്യക്ഷത വഹിച്ചു. ശ്രീ ശാരദാ മഠം പ്രസിഡന്റ്‌ പ്രവ്രാജിക വിമലപ്രാണ മാതാജിയും മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണ മാതാജിയും അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്നത്തെ യുവതലമുറയെ ഇല്ലാതാക്കുന്ന ലഹരിയെന്ന മഹാവിപത്തിനെ പറ്റി കുട്ടികൾക്കും മാതാപിതാക്കൾക്കും മാതാജി പറഞ്ഞു കൊടുക്കുകയുണ്ടായി. മുൻ പി ടി എ പ്രസിഡന്റ്‌ ഷാജു എം ജി-യും സുഹൃത്ത് അനിൽകുമാറും ചേർന്ന് അവതരിപ്പിച്ച നാദസ്വര കച്ചേരി ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. വാർഡ് മെമ്പർ കണ്ണൻ പി എസ് ആശംസകളർപ്പിച്ചു. പി ടി എ  എക്സിക്യൂട്ടീവ് അംഗം എം മനോജ്‌ ആശംസ അറിയിച്ചു. കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ചടങ്ങിനെ കൂടുതൽ മനോഹരമാക്കി. പ്രധാനധ്യാപിക എൻ കെ സുമ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചു.എല്ലാ കുട്ടികൾക്കും മധുര വിതരണം ചെയ്യുകയുണ്ടായി. 5-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് സമ്മാനപൊതികളും സദ്യയും നൽകി പുതിയ ഒരു  അദ്ധ്യയന വർഷത്തിലേക്ക് അധ്യാപകർ അവരെ സ്വാഗതം ചെയ്തു.

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനാചരണം വളരെ ഭംഗിയായി ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നയന എസ് നായർ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്കൃതാധ്യാപിക എസ് സിന്ധു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവറാജിക നിത്യാനന്ദ മാതാജി ഉദ്ഘാടനകർമ്മം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി വി രാജേശ്വരി അധ്യക്ഷപ്രസംഗം നിർവ്വഹിച്ചു. മുഖ്യാഥിതിയായി എത്തിയത് ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ പുറനാട്ടുകര സ്വദേശിയായ പോൾസൺ റാഫേൽ ആണ്. അദ്ദേഹം കുട്ടികളെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവതികളാക്കി. ആശംസാ പ്രസംഗം നടത്തിയത് ഹരിതസേനയുടെ ജില്ലാ കോർഡിനേറ്റർ എൻ ജെ ജെയിംസ് ആണ്. അതിനു ശേഷം വിദ്യാർത്ഥിനികളുടെ ഗാനാലാപനം നടന്നു. കുട്ടികൾക്ക് തൈവിതരണം നടത്തി. നന്ദി പ്രകാശിപ്പിച്ചത്  സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ ആണ്. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

വായനദിനം

ജൂൺ 19 ന് വായനദിനം ആചരിച്ചു. പി ടി എ പ്രസിഡന്റ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിച്ചു. വായനയുടെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചു. യോഗത്തിന്റെ ഉദ്ഘാടനകർമ്മം വിളക്ക് കൊളുത്തി നിർവഹിച്ചു കൊണ്ട് സ്കൂൾ മാനേജർ പൂജനീയ പ്രവറാജിക നിത്യാനന്ദ പ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിൽ വായനയുടെ മൂല്യത്തെ  കുറിച്ച് മാതാജി സംസാരിച്ചു. വിശിഷ്ടാതിഥി ആയി എത്തിയത് മാധ്യമ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ആർ ബാലകൃഷ്ണൻ ആയിരുന്നു. അദ്ദേഹം വായനയുടെ പ്രാധാന്യത്തെ കുറിച്ചും ഹൈക്കൂ കവിതകളെ പറ്റിയും സംസാരിച്ചു. ഒപ്പം കുട്ടികൾക്കായി ദൂരദർശൻ മാതൃകയിൽ വാർത്ത അവതരിപ്പിക്കുകയും ചെയ്തു. ധനുഷ്ക വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഭാഷ ' എന്ന കവിത ആലപിച്ചു. ആറാം ക്ലാസ്സിലെ മാളവിക വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഗുരുനാഥൻ ' എന്ന കവിത ആലപിച്ചു.

സംസ്കൃതം അധ്യപിക എസ് സിന്ധു ആശംസ അർപ്പിച്ചു. ലക്ഷ്മി കെ ബി വായന ദിന സന്ദേശം നൽകി. ഋതു കെ സന്ദീപ്, ആരാധ്യ, ആദിത്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ വായനാനുഭവം പങ്കു വെച്ചു. നന്ദ ദേവൻ അക്കിത്തം നമ്പൂതിരിപ്പാടിന്റെ 'തോട്ടക്കാരൻ 'എന്ന കവിത ആലപിച്ചു. പൂജിതയും സംഘവും നാടൻപ്പാട്ട് ആലപിച്ചു. ഹോസ്റ്റൽ വിദ്യാർത്ഥിനികൾ സുഗതകുമാരി ടീച്ചറുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല ' എന്ന കവിതയുടെ നൃത്തശില്പം അവതരിപ്പിച്ചു. പൂജിത വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു.