സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ സേതുവിൻറെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
സേതുവിൻറെ പ്രതിരോധം
           പുത്തൻ പ്രഭാതത്തിന്റെ പുഞ്ചിരിക്ക് ചിറകു വിടരും മുമ്പേ 13 വയസുകാരൻ  സേതു കുളിച്ച് കുട്ടപ്പനായി ഉമ്മറത്തേയ്ക്ക് കണ്ണും നട്ട് ഇരിപ്പായി. 3 വർഷങ്ങൾക്കു ശേഷം ഇനി തിരിച്ചു പോകണ്ട എന്ന തീരുമാനാവും ആയി ചേട്ടൻ മാധവനും  കുടുംബവും എത്തുന്നു,  ഇറ്റലിയിൽ നിന്നും. ദേ അവരെത്തി അമ്മേ.. എന്നും പറഞ്ഞവൻ ഓടിച്ചെന്നു ചേട്ടനെ കെട്ടിപിടിച്ചു. തന്റെ ഒരായിരം സ്വപ്നങ്ങൾക്ക് ചിറക് വിരിഞ്ഞതായി അവനു തോന്നി. എന്നാൽ ആ സ്വപ്നങ്ങൾ  കെട്ടിപ്പൂട്ടനായി കാലന്റെ രൂപവും പേറി കൊറോണ എന്ന മഹാമാരി അവതരിച്ചു . 
             ഇട്ടു മൂടാൻ കുന്നോളം പണം ഉണ്ടെന്നതിന്റെ   അഹങ്കാരം ചേട്ടൻറെ സ്വഭാവം മാറ്റിമറിച്ചു . ലോക്ക് ഡൗൺ  നിയമങ്ങളോ,നിർദ്ദേശങ്ങളോ  അനുസരിക്കാൻ ചേട്ടനോ കർക്കശക്കാരനായ അമ്മാവനോ  തയ്യാറായില്ല. എന്നാൽ ചേട്ടനെ ഏറെ സ്നേഹിച്ചിരുന്ന  സേതു കൊറോണയുടെ  ദൂഷ്യഫലങ്ങളെ പറ്റി പറഞ്ഞെങ്കിലും ചേട്ടൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.  എന്നാൽ വിട്ടുകൊടുക്കാൻ സേതുവും തയ്യാറായില്ല. എങ്ങനെയെങ്കിലും തൻറെ കുടുംബത്തെ ഈ മഹാ മാരിൽ നിന്നും രക്ഷിക്കണം എന്ന ചിന്തയായിരുന്നു  അവൻറെ മനസ്സ്  മുഴുവൻ. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുകയും മാസ്ക് ധരിക്കുകയും വേണമെന്ന  അവൻറെ ഉറച്ച തീരുമാനത്തിൽ അവസാനം അവരും വഴങ്ങി. എന്നാൽ പതിവായി ആവശ്യമില്ലാതെ പുറത്തേക്ക്  പോകുന്ന ചേട്ടനെയും അമ്മാവനെയും നാട്ടുകാർ ഭയന്നിരുന്നു. പ്രത്യേകിച്ച് ഇറ്റലിയിൽനിന്ന് ആണ്  വരവ് എന്നറിഞ്ഞതിനാൽ. ഇത്  വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി തീർക്കുമെന്ന സേതുവിൻറെ  ചിന്ത  അവരെ വീട്ടിൽ  ഇരുത്താനുള്ള പുതിയ തന്ത്രങ്ങൾ തിരഞ്ഞു . താൻ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലായിട്ട് കൂടിയും നല്ലതിനുവേണ്ടി ആണല്ലോ എന്ന ചിന്തയിൽ സേതു വണ്ടിയുടെ താക്കോൽ ഒളിപ്പിച്ചു വയ്ക്കുകയും വണ്ടിയുടെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു.കഴുകിയതും വൃത്തിയുള്ളതും  ആയ  വസ്ത്രങ്ങൾ  മാത്രം ധരിക്കാൻ അവരെ നിർബന്ധിച്ചു. പതിയെ പതിയെ ആ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാതെയായി.  അപ്പോഴും ചെറിയൊരു മനപ്രയാസം മാധവന്  ഉണ്ടായിരുന്നെങ്കിലും തൻറെ പ്രിയപ്പെട്ട കൊച്ചനുജന്റെ വാക്കല്ലേ എന്നോർത്ത്  അക്ഷരംപ്രതി അനുസരിച്ചു. 
         ഏറെ ദിവസങ്ങൾ കഴിയാതെ തന്നെ ആ നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയും  ദുഃഖത്തിലാഴ്ത്തിയും ആ വാർത്ത പുറത്തുവന്നു. കേരളത്തിലെ ആദ്യത്തെ   കൊറോണ മരണം  തൻറെ അയൽപക്കത്തെ വീട്ടിൽ സംഭവിച്ചു എന്ന വാർത്ത.
 ഒരു നിമിഷം ആ മരണക്കിടക്കയിൽ താനും കിടക്കേണ്ടതായിരുന്നുവെന്ന് മാധവൻ ഓർത്തു.   മരണ വീടിൻറെ അയൽപക്കത്തുള്ള വീട്ടിലെ ആളുകളുടെ കൊറോണ പരിശോധനയിൽ സേതുവിൻറെ കുടുംബത്തിലെ ആർക്കും പോസിറ്റീവായി റിസൾട്ട് വന്നില്ല എന്നത് സേതുവിന്‌ പ്രാണൻ തിരിച്ചു നൽകുന്ന വാർത്തയായിരുന്നു.  നാളുകൾക്കുശേഷം കണ്ടുമുട്ടിയ ചേട്ടനോടൊപ്പം ഇനിയുള്ള കാലം മുഴുവൻ  സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള കൊതിയാലും ചേട്ടനോടുള്ള  അതിയായ സ്നേഹത്താലും  

സേതു ചെയ്ത ഈ പ്രവർത്തിയാൽ സേതുവിന് തൻറെ കുടുംബത്തെ ആ മഹാമാരിയിൽ നിന്നും രക്ഷിക്കാനായി. താൻ ചെറിയ കുട്ടിയല്ലേ തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നു ചിന്തിച്ച് ആ നിമിഷം പിന്നോട്ട് മാറിനിന്നിരുന്നെങ്കിൽ എല്ലാം കഴിഞ്ഞേനെ. ഇന്ന് സേതുവിനോടൊപ്പം അവന്റെ പ്രിയപ്പെട്ട ചേട്ടനും അമ്മാവനും കുടുംബവും ഉണ്ട്. തൻറെ തെറ്റിദ്ധാരണകൾ മാറ്റി തനിക്കു മാർഗനിർദേശങ്ങൾ നൽകി പുതിയൊരു ജീവിതം തന്നെ നീട്ടി വെച്ച് തന്ന സേതുവിനെ മാധവന് തൻറെ ചേട്ടൻ ആയി ഒരു നിമിഷം തോന്നി. കൊറോണ കാലത്തെ കൈ കൊടുക്കലും കെട്ടിപ്പിടുത്തവും വേണ്ട എന്ന നിയമം അനുസരിച്ച് മാധവൻ അതിരറ്റ വാത്സല്യ സ്നേഹത്തോടെ സേതുവിന് നേരെ കൈകൾ കൂപ്പി നിന്നു....

മെർലിൻസ് ജോയി
10 B സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ