എം.എം.എച്ച്.എസ് നരിയംപാറ/അക്ഷരവൃക്ഷം/ഒന്നായി നന്നാകാം

ഒന്നായി നന്നാകാം

കോവിഡ് എന്ന മഹാമാരിക്ക് മുൻപിൽ ലോകമൊട്ടാകെ മുട്ടുകുത്തി നിൽക്കുന്നു. ലോകം മുഴുവൻ കോവിഡ് 19 വിഴുങ്ങുകയാണ്. നമ്മുടെ രാജ്യത്തും ഇന്ന് കൊറോണ വൈറസ് വേരുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും കൊറോണ ഭീഷണിയിൽ. കേരളവും അതിൽ ഒരു കണ്ണി മാത്രമാണ്. പക്ഷേ മഹാപ്രളയത്തെ യും ഭീകരമായ നിപ്പാവൈറസിനെയും കീഴടക്കിയ കേരളീയർക്ക് കൊറോണാവൈറസിനെ യും കീഴടക്കാം എന്ന വിശ്വാസമാണ് നമ്മെ ഇന്ന് മുന്നോട്ടു നയിക്കുന്നത്.

ജീവൻ പണയം വെച്ച് കേരളത്തിന്റെ നിലനിൽപ്പിനുവേണ്ടി പൊരുതുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കൾ. കോവിഡ് വന്ന് മരിക്കുന്നതിനേക്കാൾ ഭീകരമാണ് കോവിഡിനെ പ്രതിരോധിക്കുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും ഐക്യം വിട്ടുവീഴ്ച ചെയ്യാൻ കേരളീയർ തയ്യാറല്ല. ഇന്ന് രാജ്യം മുഴുവൻ സ്തംഭനാവസ്ഥയിലാണ്. കൊറോണവിപത്ത് നമുക്കിടയിലുള്ളവരുടെ ജീവനും ജീവനോപാധികളും നശിപ്പിച്ചു. ജീവനുവേണ്ടി പോരാടുകയാണ് മനുഷ്യരാശിയൊന്നാകെ. സാമൂഹിക ഇടപെടലുകളിൽ നിന്ന് പരമാവധി ഒഴിവാകുകയാണ് സാമൂഹിക ജീവിയായ മനുഷ്യർ.

ലോക്ഡൗണിൽ ഒറ്റപ്പെട്ടുനിൽക്കുന്നതിനിടയിൽ പലരും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നു. അവിടെയും മാനവർ കൈകോർക്കുന്നു. കമ്മ്യൂണിറ്റികിച്ചണുകൾ സ്ഥാപിച്ച് ഭക്ഷണം ആവശ്യമായവർക്ക് എത്തിച്ചുകൊടുത്തു. വീടില്ലാത്തവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കി. ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പമുണ്ടാകും എന്ന വിശ്വാസം ഓരോരുത്തരിലും വളർത്തിയെടുത്തു. എവിടെയും തോൽക്കാൻ തയ്യാറല്ല എന്ന ഉറച്ച തീരുമാനവുമായി കേരളീയർ കോവിഡിനെതിരെ പൊരുതുന്നു. രാവും പകലും ഇല്ലാതെ കോവിഡ്ബാധിതരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരും കോവിഡ് ഇനിയും നമ്മെ വിഴുങ്ങാതിരിക്കാൻ ജീവൻ പണയംവെച്ച് പ്രതിരോധംതീർക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇന്നും ലോകം അഭിമാനത്തോടെയും അത്ഭുതത്തോടെയുമാണ് കാണുന്നത്.

ജനങ്ങൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് അവർക്ക് ഒരു കൈത്താങ്ങായി അവരിലൊരാളായി മാറുന്ന ആരോഗ്യ പ്രവർത്തകരെയും ശരിയായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുകയും ഓരോരുത്തരുടെയും പ്രശ്നങ്ങൾ സമൂഹത്തിന്റെ പ്രശ്നങ്ങളായി പരിഗണിച്ച് എത്തിക്കേണ്ടവരുടെ മുൻപിൽ എത്തിച്ചുകൊടുക്കുന്ന മാധ്യമപ്രവർത്തകരെയും മാനവർ ഇന്ന് മനസ്സിൽ വലിയ സ്ഥാനംനൽകി ആദരിക്കുന്നു. കേരളത്തെ ലോകം മുഴുവൻ ഇന്ന് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യ മാത്രമല്ല ഇന്ത്യയ്ക്ക് വെളിയിൽ ഉള്ളവരും കേരളത്തെ മാതൃകയാക്കുന്നു. മനുഷ്യരായ നാം എവിടെയും തോൽക്കുന്നില്ല. തോൽക്കുന്നിടത്തുനിന്ന് ചവിട്ടി കയറാൻ ഉള്ള പടവുകൾ നമ്മൾതന്നെ പണിതുവെച്ചിട്ടുണ്ട്. കൊറോണ വൈറസിനെതിരെ യുദ്ധംതുടരുകയാണ് നാം. ശാരീരിക അകലം പാലിച്ച് മാനസികഒരുമ കൊണ്ട് നാം കെട്ടിപ്പടുക്കുന്നത് ഒരു നവകേരളത്തെ ആയിരിക്കും.

അനുജ ശ്രീകുമാർ
8 ബി എം.എം.എച്ച്.എസ്സ് നരിയമ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം