ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത
പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത
പാരിസ്ഥിതിക പ്രശ്നങ്ങളിൽപെട്ടു ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികസാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻ തോതിലുള്ള ഉത്പാദനത്തിന് വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമാണ്. ഇതിന്റെ ഫലം വലിയ പ്രതിസന്ധികളിലേക്ക് വഴി വച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിതി പ്രശ്നം. എല്ലാ രാജ്യങ്ങളും പരിസ്ഥിതിപ്രശ്നങ്ങൾ പഠിക്കുകയും പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായിക്കൊണ്ടു നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് നമ്മുടെ ധാർമിക ഉത്തരവാദിത്തം. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ വിദേശിയുടെ വിഷവിത്ത് വിതച്ചു കൊണ്ട് ഭോഗാസക്തിയിൽ മതിമറക്കുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന വർത്തമാന കേരളത്തെ ഏറെ പഠനവിധേയമാക്കേണ്ടതാണ്. ദൈവത്തിന്റ സ്വന്തംനാട് എന്നുവിളിക്കുന്ന കേരളത്തെക്കുറിച്ചു അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. സാക്ഷരത, ആരോഗ്യം, ശുചിത്വം ഇവയുടെ കാര്യത്തിലൊക്കെ മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് നാം . നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെയധികം പുറകിലാണ്. പരിസരം അല്ലെങ്കിൽ പരിതസ്ഥിതി എന്ന അർത്ഥത്തിൽ അല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്. പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടെയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി. പരിസ്ഥിതി ശോഷണത്തിനു വിവിധ കാരണങ്ങൾ ഉണ്ട്. ജലമലിനീകരണം, വനനശീകരണം, ജനപ്പെരുപ്പം ടൂറിസം മേഖലയുടെ കടന്നുകയറ്റം, ശബ്ദമലിനീകരണം, അമിത മത്സരബുദ്ധി ഇങ്ങനെ നിരത്തിവയ്ക്കാൻ ഒരുപാടുകാരണങ്ങൾ ഉണ്ട്. പ്രഥമവും പ്രധാനവുമായ ഒന്നാണ് ജൈവ വൈവിധ്യ ശോഷണം. ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങൾ, വൈജാത്യങ്ങൾ, പുനഃരുത്പാദന രീതികൾ,ജനിത ഘടനയിലുള്ള അവസ്ഥാഭേദങ്ങൾ, ആകൃതി ഇവയെല്ലാം ചേർന്നതാണ് ജൈവ വൈവിധ്യം. യുഗയുഗാന്തരങ്ങളിലായി രൂപാന്തരം കിട്ടിവരുന്ന പ്രകൃതിയെ അനുഭവിച്ചു വരുന്ന നാം ഈ സൗഭാഗ്യം അടുത്ത തലമുറകൾക്കു നൽകേണ്ടേ. നാം ജൈവ വൈവിധ്യ സംരക്ഷണത്തെപ്പറ്റി തീവ്രമായി ചിന്തക്കേണ്ടതാണ്.ധാരാളം ജൈവ വിഭവങ്ങൾ വംശനാശഭീഷണിയിലാണ്. ഇന്ന് മഴക്കാടുകൾ വിസ്‌മൃതിയിലേക്കു നീങ്ങുന്നു. ജലസ്രോതസ്സുകൾ മലിനപ്പെട്ടു. അതോടെ ശുദ്ധജലക്ഷാമം രൂക്ഷമായി. സമുദ്രങ്ങളുടെ അവസ്ഥയും ഇത് തന്നെയാണ്. എണ്ണ പ്രസരിച്ചുകിടക്കുന്ന വെള്ളവും സമുദ്രാന്തർ ഭാഗത്തെ ആണു വിസ്ഫോടന പരീക്ഷണങ്ങളും ജലത്തെ മലിനമാക്കുന്നു. വായുവിൽ കലരുന്ന അണുശക്തിയുടെ അംശങ്ങൾ നമ്മെ മരണത്തിലേക്ക് വലിച്ചെറിയുന്നു. ചുറ്റുപാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്ന് മാത്രമാണ്. പരിസ്ഥിതി, ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപ സ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യം. നാം അധിവസിക്കുന്നതും നിറയെ പ്രത്യേകതകളുള്ളതുമായ ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. ആഗോള താപനവും പരിസ്ഥിതി അസന്തുലനവും വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യം നാം ഏറ്റെടുക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം