ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നേർകാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നേർകാഴ്ച

ഇടിഞ്ഞു പൊളിഞ്ഞഴുകി ദ്രവിച്ചോരാ ബസ്സ്റ്റാൻഡിന് ജീവൻ വച്ചത് കൂട്ടിന് അവൾ അന്തിയുറങ്ങാൻ വന്നപ്പോഴായിരുന്നു. നോമ്പു തുറക്കുമ്പോയേക്കും ഇത്തിരി വെള്ളം എടുക്കാൻ പോയ തന്റെ മകനെയും കാത്തു അക്ഷമയായോടെ ഇരിക്കുകയായിരുന്നവൾ. ഉടുതുണിക്ക് മറുതുണി ഇല്ലാഞ്ഞിട്ടും, കൊടിയ പട്ടിണിയും ദരിദ്രവുമായിട്ടും ജീവിതത്തെ പതറാതെ നോക്കിക്കണ്ടവളായിരുന്നു അവൾ. ഓരോ ദിവസവും മൂർച്ഛിച്ചുകൊണ്ടിരിക്കുന്ന കാർന്നു തിന്നുന്ന കാൻസറിനെ പോലും വേദന സംഹാരികൾ കൊണ്ടവൾ അതിജയിച്ചു. കയ്‌പേറിയ നാളുകൾക്കു മുമ്പത്തെ മധുരിക്കുന്ന ഓർമ്മകൾ അന്നന്നു ജീവിക്കാൻ അവളിൽ ആകം കൂട്ടി. പ്രതീക്ഷക്കു പിന്നെയും വകയായി തന്റെ ഏഴു വയസ്സുകാരൻ ഒരു കുപ്പി വെള്ളവും ആയി വരുന്നുണ്ട്. കയ്യിലുള്ള വെള്ളം പച്ചയും മഞ്ഞയും ചുവപ്പുമൊക്കെ നിറമുള്ള ഒരുപാട് ഗുളികകൾ കഴിച്ചു തീർന്നു പോയതായിരുന്നു. റംസാനായതിനാൽ ഉദാരമതികളായ ചില സന്നദ്ധ സങ്കടനകളുടെ കീഴിൽ ഇഫ്താർ കിറ്റുകൾ ലഭ്യമായിരുന്നു. നോമ്പല്ലാത്ത കാലത്ത് തന്റെ ഏഴു വയസ്സുകാരൻ പട്ടണത്തിൽ പത്രം വിറ്റും പാത്രം കഴുകിയും ഉണ്ടാക്കുന്നത് കൊണ്ട് മരുന്നുകളും അന്നന്നത്തെ വകയും അവർ കണ്ടെത്തിയിരുന്നു. ജീവിതത്തെ ആഴത്തിൽ ഗ്രഹിച്ചൊരാ ഏഴു വയസ്സുകാരൻ പലപ്പോഴും തന്റെ പങ്ക് പോലും ഉമ്മക്കു വേണ്ടി നീട്ടിവെക്കുന്നതിന് കണ്ണീരോടെ അവൾ സാക്ഷ്യം വഹിച്ചു. ആ സമയത്താണ് അവൻ പൊട്ടിപ്പൊളിഞ്ഞ തിണ്ണയ്ക്കടിയിൽ ഒരു പത്ര തുണ്ട് കാണുന്നത് വലിയ ചുവന്ന അക്ഷരങ്ങൾ കൊണ്ട് 'അതിജീവനം' എന്ന വാക്ക് അടിയിലത്തെ വാർത്ത വായിച്ചിട്ടു പോലും അവനു മനസ്സിലായില്ല. അതുകൊണ്ടവൻ ഉമ്മയോട് തന്നെ ചോദിച്ചു. "ജീവിതം വഴിമുട്ടി അവസാനിക്കാൻ ഒരു പാട് കാരണങ്ങൾ ഉണ്ടായിട്ടും ഇത്തിരി വ്യാമോഹത്തോടെ വീണ്ടും വീണ്ടും ജീവിക്കലാണത് ". അക്ഷര വിദ്യാഭ്യാസം പോലുമില്ലാത്തൊരാ തെരുവു മകൾക്ക് ഇതിൽ കൂടുതൽ പറഞ്ഞു കൊടുക്കാൻ കഴിയില്ലായിരുന്നു. " അപ്പോൾ ഉമ്മാ നമ്മളും അതിജീവിക്കുകയല്ലേ ". ഒരിക്കൽ ഉദരത്തിലാരോ തന്നിട്ടുപോയ കുഞ്ഞുമോന്റെ ആ ചോദ്യം അവളിലായത്തിൽ ഏറ്റു. ഒന്നും പറയാനാവാതെ അവനെ മാറോടണച് അവൾ വിതുമ്പി. ഒരുപാട് കാലം മുമ്പേ തന്നെ അരികുവൽക്കരിക്കപ്പെട്ട അവളുടെ കണ്ണുനീർ ഇഴയടുപ്പമില്ലാത്ത അയഞ്ഞു കീറിയ അവന്റെ ബനിയനിനിടയിലൂടെ നെഞ്ചത്തേക്ക് ആയ്ന്നിറങ്ങി.


നിഹാല ഫാത്തിമ
10 A ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ