എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരിയിലെ അവധിക്കാലം
മഹാമാരിയിലെ അവധിക്കാലം
ഒരു ഗ്രാമത്തിലെ രണ്ടു കുട്ടികളായിരുന്നു സോനുവും മോനുവും. അവർ നഗരത്തിലെ ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവരുടെ മാതാപിതാക്കൾ ഗൾഫിൽ ജോലിചെയ്യുകയാണ്. അതിനാൽ അവരെ നഗരത്തിലെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. ഒാരോ അവധിക്കാലത്തും അവരെ ഗ്രാമത്തിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് കൊണ്ടുപോകും. പാടവും പുഴകളും വിശാലമായ കളിസ്ഥലങ്ങളും ചെറിയ കുന്നുകളുമൊക്കെയുള്ള സുന്ദരമായ പ്രദേശത്തായിരുന്നു അവരുടെ മുത്തച്ഛന്റെ വീട്. അവിടെ ധാരാളം ജോലിക്കാരും കളിക്കാൻ കൂട്ടുകാരുമുണ്ടായിരുന്നു. എല്ലാ വർഷവും അവധിക്കാലം അവർ നന്നായി അടിച്ചു പൊളിച്ചാണ് കഴിഞ്ഞിരുന്നത്. ഈ വർഷം എല്ലാക്കാലത്തേക്കാളും വിപുലമായ കുറേ പരിപാടികൾ നടത്തുന്നതിന് നേരത്തേ തീരുമാനിച്ചിരുന്നു കാരണം ഇപ്രാവശ്യം ഗൾഫിലുള്ള മാതാപിതാക്കൾ നാട്ടിലേക്ക് വരുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സോനുവും മോനുവും ആകെക്കൂടെ നല്ല സന്തോഷത്തിലായിരുന്നു. ക്രിസ്തുമസ് അവധികഴിഞ്ഞ് വന്നപ്പോൾ മുതൽ വല്യപരീക്ഷ എത്രയും പെട്ടെന്ന് കഴിയണേയെന്ന് അവർ പ്രാർത്ഥിച്ചു തുടങ്ങി. ചൈനയിൽ കൊറോണ എന്ന ഒരു അസുഖം പടരുന്നതിനെകുറിച്ചും ചൈനയിൽ നിന്നും കേരളത്തിൽ എത്തിയവർക്ക് ഈ അസുഖം ഉണ്ടായതിനെക്കുറിച്ചും അദ്ധ്യാപകർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ആരോഗ്യ വകുപ്പിൽ നിന്നും ആളുകൾ വന്ന് ക്ലാസ്സെടുക്കുകയും ബോധവത്ക്കരണ വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപകർ പറഞ്ഞിരുന്ന നിർദ്ദേശമനുസരിച്ച് കുട്ടികളെല്ലാവരും രണ്ടുനേരം കുളിക്കുന്നതിനും കൈകൾ വൃത്തിയായി കഴുകുന്നതിനും തങ്ങളുടെ വസ്ത്രം വൃത്തിയായി കഴുകുന്നതിനും പരിസരം വൃത്തിയാക്കാനുമൊക്കെ തീരുമാനിച്ചു. കൊറോണ എന്ന അസുഖത്തിനെക്കുറിച്ച് കേട്ടപ്പോൾ ആദ്യം കുട്ടികളിലുണ്ടായ പേടിയൊക്കെ മാറി. എല്ലാവരും സാധാരണ നിലയിലേക്ക് തിരിച്ചുവന്ന് മാർച്ചിലെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സോനുവും മോനുവും മാതാപിതാക്കളെ നേരിൽ കാണുന്നതിനുള്ള ആവേശത്തോടൊപ്പം തന്നെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും നടത്തി. എല്ലാവർക്കും ടൈംടേബിൾ കിട്ടി. കുട്ടികൾ പരീക്ഷ എത്തുന്നതിനായി കാത്തിരുന്നു. മാർച്ച് മാസം വന്നു എല്ലാവരും ഉത്സാഹത്തിലായിരുന്നു. പെട്ടെന്ന് ആ വാർത്ത കാട്ടുതീ പോലെ പടർന്നു. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടക്കാരായ ഒരു കുടുംബത്തിന് കൊറോണ. എല്ലാവരുടെയും സന്തോഷം കെട്ടടങ്ങി എങ്ങും ഭീതി പടർന്നു.കേരളത്തിൽ കൊറോണ പടരാൻ തുടങ്ങി. ഒാർക്കാപ്പുറത്ത് മാർച്ച് 10-ാം തിയതി പരീക്ഷ നിർത്തലാക്കി സ്കൂൾ അടച്ചു. പിറ്റേന്ന് വൈകുന്നേരം മുത്തച്ഛൻ സോനുവിനെയും മോനുവിനെയും ഹോസ്റ്റലിൽ നിന്നും കൂട്ടിക്കൊണ്ടു പോയി. ഗ്രാമത്തിലെത്തിയ കുട്ടികൾ കൂട്ടുകാരുമായി കളിച്ചു നടന്നു. അങ്ങനെയിരിക്കെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും വീടിനുള്ളിൽ തന്നെയായി. ഗൾഫിൽ നിന്നും മാതാപിതാക്കളുടെ ഫോൺ വന്നു. അവരുടെ ടിക്കറ്റ് ക്യാൻസലായി. ലോകത്ത് എല്ലായിടത്തും കൊറോണ പടർന്നു ധാരാളം ആളുകൾ മരിച്ചു. എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയാൻ ആരംഭിച്ചു.രാവിലെ പത്രം വായനയും വൈകുന്നേരം വാർത്ത കാണലും മുഖ്യമന്ത്രി പറയുന്നത് കേൾക്കലും പതിവാക്കി.ദിവസവും അച്ഛനോടും അമ്മയോടും വീഡിയോ കോളിലൂടെ സംസാരിക്കും. അവർ താമസിക്കുന്ന രാജ്യത്തും അസുഖം പടർന്നു പിടിക്കാൻ തുടങ്ങി. കുട്ടികൾ ആകെ വിഷമത്തിലായി. പുറത്തിറങ്ങി കൂട്ടുകാരുമായി കളിക്കാൻ സാധിക്കുന്നില്ല, മാതാപിതാക്കളെ കാണാൻ ആഗ്രഹിച്ചിട്ട് അതിന് സാധിക്കുന്നില്ല. ആകെയുള്ള ആശ്വാസം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മടിയിൽ കിടന്ന് അവർ പറയുന്ന കഥകൾ കേട്ടുകിടക്കുന്നതാണ്. അധികം വൈകാതെ തന്നെ അവരെ തേടി ആ ദുരന്തവാർത്തയെത്തി കൊറോണ ബാധിച്ച് അവരുടെ മാതാപിതാക്കൾ ഈ ലോകത്തോട് വിടപറഞ്ഞു. കൊറോണ എന്ന ദുരന്തം കാരണം ആ കുട്ടികൾക്ക് ഒരുപാട് പ്രതീക്ഷകളോടെയുള്ള അവധിക്കാലം മാത്രമല്ല അവരുടെ മാതാപിതാക്കളെ തന്നെ ഇല്ലാതാക്കി. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവർ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തണലിൽ ആശ്വാസം കണ്ടെത്തി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ