എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

  ഭൂമി ,വായു ,അഗ്‌നി, ജലം, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് പരിസ്ഥിതി .പ്രകൃതി നമ്മുടെ അമ്മയാണ് .'ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി '.നമുക്ക് ജന്മം നൽകിയ അമ്മയും ജനിച്ച മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്നാണല്ലോ ?നമുക്ക് ജീവിക്കാനായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും നമുക്ക് മുമ്പിൽ നീട്ടുകയാണ് പ്രകൃതിമാതാവ് .നാം ഈ പ്രകൃതിയിൽ സുരക്ഷിതരാണ് .നമ്മെ സുരക്ഷിതരാക്കുന്ന പ്രകൃതിമാതാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് .                                                ഇന്ന് നമ്മുടെ അമിതസുഖത്തിനും സൗകര്യത്തിനും വേണ്ടി മാത്രം നാം പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് .മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും ജീവന്റെ ആധാരം പ്രകൃതിയാണ് .പ്രകൃതിയില്ലെങ്കിൽ നമ്മളില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതാണ് .നാം ഇന്നു ജീവിക്കുന്ന ഈ ഭൂമിയിൽ ഇനിയെത്രനാൾ ജീവിക്കാനാകുമെന്നുള്ളത് വരും കാലങ്ങളിൽ മനുഷ്യന് പ്രകൃതിയോടുള്ള സമീപനത്തിനടിസ്ഥനമാക്കിയായിരിക്കും .


                     ഇന്ന് നാം പ്രകൃതിയെ ചൂഷണം ചെയ്ത് സ്വന്തം ജീവൻ പോലും അപകടത്തിലാക്കുകയാണ് .വായുമലിനീകരണം , ജലമലിനീകരണം, ഭൂമിമലിനീകരണം ശബ്ദമലിനീകരണം , വനനശീകരണം ,  ഇതെല്ലാം പ്രകൃതി മനുഷ്യർ മൂലം അനുഭവിക്കുന്ന കഷ്ടതകളിൽ ചിലതു മാത്രമാണ് .നാം തന്നെ നമ്മുടെ ജീവന് ഭീഷണിയാവുകയാണ് .വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽനിന്നും വരുന്ന പുക വിശേഷദിവസങ്ങൾ ആഘോഷിക്കാൻ ഉപയോഗിക്കുന്ന പടക്കം മുതലായ കരിമരുന്നുകളിൽനിന്നും വരുന്ന പുക തുടങ്ങിയവയെല്ലാം ശുദ്ധവായുവിനെ ഇല്ലാതാക്കി വായു മലിനീകരിക്കുന്നു .വീടുകളിൽനിന്നും ഫാക്ടറികളിൽനിന്നും വരുന്ന മലിനജലം ശുദ്ധജലസ്രോതസ്സുകളിലേക്കൊഴുകി ശുദ്ധജലം ഇല്ലാതാക്കുന്നു .ഇനി എല്ലാ മലിനീകരണ മേഖലകളിലും വളരെ ദോഷമുണ്ടാക്കുന്ന ഒരു ഖര പദാർത്ഥമാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക് കത്തിക്കുമ്പോൾ വായു മലിനമാകുന്നു .ജലത്തിൽ നിക്ഷേപിക്കുമ്പോൾ ജലം മലിനമാകുന്നു .ഭൂമിയിലിട്ടാൽ മണ്ണുമായി ലയിക്കാതെ ആയിരം വർഷങ്ങൾ വരെ കിടന്ന്‌ മണ്ണിന്റെ ഘടനയെത്തന്നെ മാറ്റുന്നു .പ്രകൃതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവികളുടെ അന്തകനാണ് മനുഷ്യൻ .

                     ഇനി ഈ ദുർവിധിയെ മറികടക്കണമെങ്കിൽ നാം വളരെയേറെ കഷ്ടപ്പെടേണ്ടിയിരിക്കുന്നു .പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്കെത്തിക്കാൻ മനുഷ്യർതന്നെ മതിയാകും .മനുഷ്യരുടെ പ്രവൃത്തികളിൽ മാറ്റം വരുത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ .ഈ കൊറോണക്കാലത്തെ ഗംഗാനദിയും യമുനാനദിയും തലസ്ഥാനനഗരമായ ഡൽഹിയുമൊക്കെ ഉദാഹരണങ്ങളാണ് .

                          മനുഷ്യനിന്ന് പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ഒരു ഭീകരനാണ്.ഈ ഭീകരനെ തോൽപ്പിക്കാൻ പ്രകൃതിതന്നെ മുൻനിരയിൽ നിൽക്കുകയാണിപ്പോൾ .പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയെ ശുദ്ധീകരിച്ചേ മതിയാകൂ .പ്രകൃതിയെ ശുചീകരിക്കണമെങ്കിൽ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കണം .അതിന് തടസ്സമായ ഒരു വസ്തു എല്ലാവരുടേയും പക്കലുണ്ട് ; പ്ലാസ്റ്റിക് .ഏറെ സൗകര്യപ്രദമാണെങ്കിലും അതിലേറെ നമ്മെ നശിപ്പിക്കാനുള്ള കഴിവ് അതിനുണ്ട് .അതിനാൽ നാം അതിനെ ജീവിതത്തിൽനിന്നും ഒഴിവാക്കേണ്ടിയിരിക്കുന്നു .നാം ഈ ചെയ്യുന്ന ദുഷ്പ്രവൃത്തിയുടെ ഫലമായാണ് നമുക്ക് പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഓരോ തിരിച്ചടിയും .                                മനുഷ്യൻ മാത്രമാണ് പ്രകൃതിയോടിണങ്ങാതെ ജീവിക്കുന്ന ജീവി .സുനാമി , ഭൂമികുലുക്കം ,ഓഖി, പ്രളയം ,നിപ്പ , കൊറോണ , എന്നീ പ്രകൃതിക്ഷോഭങ്ങളും , രോഗങ്ങളും നാം ചെയ്യുന്ന പ്രകൃതിയോടുള്ള ചൂഷണങ്ങളുടെ ഫലമായി പ്രകൃതി നമുക്കു നൽകുന്ന തിരിച്ചടികളാണ് .

           ഈ പ്രതിസന്ധികൾ മറികടക്കാനുള്ള പോംവഴി പ്രകൃതിയിലുമുണ്ട് .നമ്മെ സംരക്ഷിക്കുന്ന ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് .നമുക്ക് ഒത്തൊരുമിച്ച് പ്രകൃതിയെ അതിന്റെ സ്വാഭാവികതയിലേക്ക് എത്തിച്ച് സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറാം .....

ശ്രീലക്ഷ്മി.കെ ആർ
8D നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം