ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം 2025


2025-26 അധ്യയന വർഷത്തോടനുബന്ധിച്ച് ചേർത്തല ഗവ: ഗേൾസ്. എച്ച്. എസ്. എസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ. പി. ടി സതീശൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി. എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീ. എ.അജി, എസ്. എം.സി.ചെയർമാൻ ശ്രീ.മുരുകൻ എം. , പി. ടി എ വൈസ് പ്രസിഡന്റ്റ് ശ്രീമതി. ജിൽസി സാബു, ശ്രീ. പി ആർ ഹരിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഹരികുമാർ എൻ കെ, ഹെഡ് മിസ്ട്രസ് ബിന്ദു എസ്, സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജുബീഷ് പി. വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2024-25 വർഷത്തിൽ എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് നേടി വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാദീപം പകർന്ന് നവാഗതരെ ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു. തുടർന്ന്, കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 103 കുട്ടികളെയും, യുഎസ്എസ് അർഹരായ 29 കുട്ടികളെയും എൻ എം എം എസ് പരീക്ഷയിൽ വിജയികളായ നാലു കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു

- ക്ലാസ് അധ്യാപകർക്കുള്ള അറ്റൻഡൻസ് രജിസ്റ്ററുകൾ വിതരണം ചെയ്തു.
- 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ക്ലാസ് അധ്യാപകർ മുഖേന അതാത് ക്ലാസുകളിൽ വിതരണം ചെയ്തു.
- ഉച്ചയ്ക്ക് കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
- പുതിയ അധ്യയന വർഷത്തെ താൽക്കാലിക ടൈംടേബിൾ ക്ലാസുകളിൽ നൽകി.
- ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച HS വിഭാഗം അധ്യാപകരായ വി ജെ വയലറ്റ്( Mal), പ്രിൻസി സാമുവൽ( Eng), സുജശ്രീ S ആനന്ദ്( Social Science), അനൂപ് മാത്യു(Mal) എന്നിവരും, UP വിഭാഗം അധ്യാപകരായ സ്മിത പി വി, ഭാവന കെ ബി, ലക്ഷ്മി രമേഷ് എന്നിവരും സ്കൂളിൽ ജോയിൻ ചെയ്തു.
- സ്കൂളിൽനിന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് സ്ഥാനമാറ്റം ലഭിച്ച ഹൈസ്കൂൾ അധ്യാപകരായ ഷിജി പി, ലക്ഷ്മി യു, ലത പി. നായർ, ടാർലി വി ജെയിംസ് എന്നിവരെയും, യുപി വിഭാഗത്തിൽ നിന്ന് അനിമോൾ. എ കൂടാതെ മാവേലിക്കര ഉളവുക്കാട് GWLP School ൽ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ. സുനിൽകുമാറിനെയും അതാത് സ്കൂളിലേക്ക് ജോയിൻ ചെയ്യുന്നതിനായി യാത്രയാക്കി.
പരിസ്ഥിതി ദിനം- 05/06/2025, വ്യാഴം


ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി 2 വിജയികളെ വീതം തിരഞ്ഞെടുത്തു. A4 സൈസ് പേപ്പറിൽ കുട്ടികൾ വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരം നടത്തി, അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ദേശീയ ഹരിത കർമ്മ സേന , മാതൃഭൂമി സീഡ്, എൻ സി സി, എസ് പി സി, ജെ ആർ സി, ഗൈഡ്സ് തുടങ്ങിയ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതി ദിന സന്ദേശം ചൊല്ലുകയും ചെയ്തു. പ്ലാസ്റ്റിക് തടയുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വർഷക്കാലം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ബഹു .വാർഡ് മെമ്പർ അജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി ടി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ , പ്രധാനാദ്ധ്യാപിക ശ്രീമതി സന്ധ്യ ടി. തുടങ്ങിയവർ നേതൃത്വം നൽകി.പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പനമരം മുത്തശ്ശിയെ ആദരിച്ചു. തോരണങ്ങൾ, ബലൂൺ എന്നിവ കൊണ്ട് പനമരം അലങ്കരിച്ച് കുട്ടികൾ വട്ടം കൂടി നിന്ന് മര മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ നേർന്നു . ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് എന്നി ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ അദ്ധ്യാപകനായ രാജു വി. നേതൃത്വം നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. UP വിഭാഗത്തിൽ യഥാക്രമം അനുപ്രിയ (7C), വൈഗ ഉല്ലാസ് (7D) എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് ക്ലാസ് അധ്യാപകരുടെ മീറ്റിംഗ് നടന്നു. ആവശ്യമായ വിവരങ്ങൾ ഏകീകരിച്ച് അധ്യാപകർ ഹെഡ്മിസ്ട്രസിന് നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് HS വിഭാഗം സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യഥാക്രമം ഗായത്രി എസ് (9C), അശ്വിനി കണ്ണൻ(9E), കീർത്തി വേണുഗോപാൽ (8B) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
"കൂടെയുണ്ട് കരുത്തേകാൻ"
- കേരള സർക്കാർ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന "കൂടെയുണ്ട് കരുത്തേകാൻ" എന്ന പദ്ധതിയുടെ ഭാഗമായി പ്ലസ് ടു വിദ്യാർഥിനികൾക്കായി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ,ജീവിതമാണ് ലഹരി,കൗമാരക്കാരുടെ പ്രശ്നങ്ങൾ,മാനസികാരോഗ്യം എന്നീ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ശ്രീമതി ബേബി ജയ, അംബിക ഭായി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
- സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനമാക്കി ജൂൺ 6 മുതൽ സ്കൂളിൽ നടന്നു വന്നിരുന്ന മേഖലകൾ തിരിച്ചുള്ള ക്ലാസ്സുകളുടെ പൊതു ക്രോഡീകരണം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസുകളിൽ നടന്നു. തുടർ പ്രവർത്തനങ്ങളിലൂടെ ഈ ധാരണകളുടെ വികസനം നടക്കണമെന്ന് വിധത്തിലാണ് ഇവ ക്രോഡീകരിക്കപ്പെട്ടത്. സുരക്ഷാ സംബന്ധിച്ച് പൊതു അവബോധവും ഇതിനോടൊപ്പം നൽകാൻ അധ്യാപകർ ശ്രദ്ധിച്ചു.
16/06/2025, തിങ്കൾ
- അധ്യയന വർഷത്തെ രണ്ടാമത്തെ എസ്.ആർ.ജി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റാഫ് റൂമിൽ സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി യുടെ അധ്യക്ഷതയിൽ ചേർന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19, വായനാ ദിനത്തോടനുബന്ധിച്ച് പ്രമുഖ സാഹിത്യകാരൻ ശ്രീ പള്ളിപ്പുറം മുരളി നടത്തുമെന്ന് തീരുമാനിച്ചു. പി എൻ പണിക്കർ അനുസ്മരണത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ വായന പക്ഷാചരണം നടത്താനും തീരുമാനിച്ചു.
- ഈ അധ്യയന വർഷത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ചേരുന്നതിനായി അപേക്ഷ നൽകിയ എട്ടാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
17/06/2025, ചൊവ്വ
- ഈ അധ്യയന വർഷത്തിൽ സ്കൂളിലെ NCC യൂണിറ്റിൽ ചേരുന്നതിനായി ഇൻറർവ്യൂവിൽ പങ്കെടുത്ത എട്ടാം ക്ലാസിലെ കുട്ടികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
18/06/2025, ബുധൻ
- 2025- 26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് നടന്നു.
- ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചുള്ള ക്ലാസ്തല വായനാദിന ക്വിസ് 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നടന്നു.
- സ്കൂളിലെ വിമുക്തി ക്ലബ്ബിനോട് ചേർന്ന് കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2:30ന് ലഹരി വിരുദ്ധ ബോധവൽക്കരണ ഓട്ടൻതുള്ളൽ നടന്നു. എറണാകുളം ജില്ലയിലെ അസിസ്റ്റൻറ് എക്സൈസ് ഓഫീസർ ജയരാജ് വി. ആണ് "ജീവിതമാണ് ലഹരി"എന്ന ആശയത്തിൽ ഊന്നിയുള്ള ഓട്ടൻതുള്ളൽ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചത്.
19/06/2025, വ്യാഴം
സമീക്ഷ 2025
- സ്കൂളിലെ വിദ്യാരംഗം ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വായനാദിന- മാസാചരണവും പ്രമുഖ സാഹിത്യകാരൻ ശ്രീ പള്ളിപ്പുറം മുരളി നിർവഹിച്ചു. രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് പിടി സതീശൻ അധ്യക്ഷനായിരുന്നു. തുടർന്ന്, പി എൻ പണിക്കർ അനുസ്മരണവും, കുട്ടികൾ അവതരിപ്പിച്ച "ചണ്ഡാലഭിക്ഷുകി" ദൃശ്യാവിഷ്കാരവും, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാഷൻ ഷോ , ഇംഗ്ലീഷ് സോങ് എന്നിവയും ഉണ്ടായിരുന്നു.
- വായനാ ദിനത്തിന്റെ ഭാഗമായി HS, UP വിഭാഗങ്ങളിലായി ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം
എന്നിവ സംഘടിപ്പിച്ചു. എച്ച് എസ് വിഭാഗം സ്കൂൾ തല ക്വിസ് മത്സരത്തിൽ ദേവിക പി വി (10E), ഗാഥ സി എസ് (10E), ശിവപ്രിയ ആർ (8G) എന്നിവർ വിജയികളായി.
20/06/2025, വെള്ളി
- വൈകുന്നേരം 4 മണിക്ക് കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ HM കോൺഫറൻസിൽ ലഭിച്ച ലഹരി വിരുദ്ധ സ്ക്വാഡ്, യോഗാ ദിനം,ഇൻസ്പയർ അവാർഡ് എന്നിവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ HM പങ്കുവച്ചു.
- സ്കൂളിലെ യുപി വിഭാഗത്തിൽ നിന്ന് എച്ച് എം പ്രൊമോഷൻ ലഭിച്ച സുനിൽ സാറിനെ ആദരിച്ചു.
21/06/2025, ശനി
- യോഗാ ദിനത്തോടനുബന്ധിച്ച് SPC കുട്ടികൾക്ക് യോഗ ക്ലാസ് റെജി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി. HM സന്ധ്യ ടീച്ചർ യോഗ ദിന സന്ദേശം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ് 9 മണി മുതൽ 10 .30 വരെ ആയിരുന്നു.
23/06/2025, തിങ്കൾ
- ചേർത്തല തുറവൂർ സബ് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട LP, UP,HS അധ്യാപകർക്കായുള്ള സൂംബ പരിശീലനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചേർത്തല സബ് ജില്ലയിലെ അധ്യാപകർക്കുള്ള പരിശീലനം ഉച്ചയ്ക്ക് മുൻപായും, തുറവൂർ ഉപജില്ലയുടേത് ഉച്ചയ്ക്ക് ശേഷവുമാണ് നടത്തിയത്.
24/06/2025, ചൊവ്വ
- പുതിയ അധ്യയന വർഷത്തെ സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിക്കേണ്ട ഇനങ്ങൾക്കുള്ള സെലക്ഷൻ സംബന്ധിച്ച് രാവിലെ 11 മണിക്ക് കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ അതിനായി നടത്തിയിരിക്കുന്ന നിലവിലെ ക്രമീകരണങ്ങൾ ടീച്ചർ വിശദീകരിക്കുകയും, കലോത്സവ നടത്തിപ്പിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
- ഉച്ചയ്ക്ക് 1:15ന് IT ലാബിൽ ചേർന്ന SRG യോഗത്തിൽ പത്താം ക്ലാസിന് സ്പെഷ്യൽ ടൈംടേബിൾ പ്രകാരം മോണിംഗ് - ഈവനിംഗ് ക്ലാസുകൾ ആരംഭിക്കാനും, ജൂലൈ ആദ്യവാരത്തിൽ ക്ലാസ് പരീക്ഷകൾ നടത്തി 8,9,10 ക്ലാസുകളുടെ CPTA നടത്താനും തീരുമാനിച്ചു.
25/06/2025, ബുധൻ
- പുതിയ ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പിനു വേണ്ടി എട്ടാം ക്ലാസിലെ കുട്ടികൾക്കായി
അഭിരുചി പരീക്ഷ ഐ ടി ലാബിൽ നടന്നു. രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെ നടന്ന പരീക്ഷയിൽ 212 കുട്ടികൾ പങ്കെടുത്തു.
- SPC ജൂനിയർ കേഡറ്റ് ബാച്ചിനെ തിരഞ്ഞെടുക്കന്നതിനായുളള ശാരീരിക ക്ഷമത പരീക്ഷ നടത്തി. ചേർത്തല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഫിസിക്കൽ ടെസ്റ്റ് നടന്നത്.
26/06/2025, വ്യാഴം
- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ലഹരി വിരുദ്ധ പോസ്റ്ററുകൾ ശേഖരിക്കുകയും ചെയ്തു.
- ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ NCC, SPC, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, മറ്റു ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ എഴുതി സ്കൂൾ കെട്ടിടത്തിന്റെ ചുവരിൽ പ്രദർശനം സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ പ്ലാക്കാർഡുകളുമായി റാലിയും നടത്തി.
- ലഹരി ഉപയോഗം വർജിക്കുക ജീവിതം തന്നെ ലഹരിയാക്കുമെന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി ഡാൻസ് പ്രാക്ടീസ് ക്രമീകരിച്ചു. ഓരോ ക്ലാസിൽ നിന്നും മൂന്ന് കുട്ടികളെ വീതം ഓഡിറ്റോറിയത്തിൽ എത്തിച്ച് ഹൈസ്കൂൾ വിഭാഗത്തിന് കായികാ അധ്യാപകൻ പ്രസാദ് പി. യുപി വിഭാഗത്തിന് ഷോലാ എസ് എന്നിവർ പരിശീലനം നൽകി.
- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള വായന മത്സരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തപ്പെട്ടു. HS വിഭാഗത്തിൽനിന്ന് അക്ഷയ എസ് (9E) ,സാനിയ എസ് (10E) എന്നിവരും യുപി വിഭാഗത്തിൽ നിന്ന് അനുപ്രിയ വി എ (7C), മേഘ വൈശാഖ് (7B) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
30/06/2025, തിങ്കൾ
- രാവിലെ ഒമ്പതാം ക്ലാസുകാർക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, ശ്രീ. ആരിഫ് വി എ പേവിഷബാധ ഏൽക്കാതെ എങ്ങനെ സൂക്ഷിക്കാം എന്നും, പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുകയും ചെയ്തു.
- ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സുകാർക്കായി ഓഡിറ്റോറിയത്തിൽ വച്ച് പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.
ഓഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനാഘോഷം
ദേശാഭിമാനത്തിന്റെ നിറവിൽ വിദ്യാലയത്തിൽ 79-ാമത് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി സന്ധ്യ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. തുടർന്ന് പ്രധാനധ്യാപികയും പി.ടി.എ പ്രസിഡന്റും ചേർന്ന് ഏവർക്കും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും, സ്വാതന്ത്ര്യസമര സ്മരണകൾ പുതുക്കുകയും ചെയ്തു. ആഘോഷങ്ങൾക്ക് ആവേശം പകർന്ന് എൻ.സി.സി (NCC), എസ്.പി.സി (SPC), ഗൈഡ്സ്, ജെ.ആർ.സി (JRC) എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്ന ചിട്ടയാർന്ന മാർച്ച് പാസ്റ്റ് നടന്നു. ചടങ്ങിന് മാറ്റുകൂട്ടിക്കൊണ്ട് ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാനാലാപനം സദസ്സിൽ ദേശസ്നേഹം ഉണർത്തി. ഒടുവിൽ, എൻ.സി.സി അംഗങ്ങളുടെ നേതൃത്വത്തിൽ കീബോർഡിന്റെ അകമ്പടിയോടെ ദേശീയഗാനം ആലപിച്ചത് വേറിട്ടൊരു അനുഭവമായി മാറുകയും ചടങ്ങിന് പൂർണ്ണത നൽകുകയും ചെയ്തു.
പൂവിളി 2K25: ആവേശവും പാരമ്പര്യവും നിറയുന്ന ആഘോഷം
ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2025-ലെ ഓണാഘോഷ പരിപാടികൾക്ക് വളരെ വിപുലമായ തയ്യാറെടുപ്പുകളോടെ ആവേശകരമായ തുടക്കമാവുകയാണ്. 'പൂവിളി 2K25' (Poovili 2K25) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മഹാമേള, 2025 ഓഗസ്റ്റ് 29-ാം തീയതി രാവിലെ കൃത്യം പത്ത് മണിക്ക് ആരംഭിക്കുമ്പോൾ, വിദ്യാലയ മുറ്റമാകെ കേരളീയ പാരമ്പര്യത്തിന്റെ തനിമയാൽ തിളങ്ങിനിൽക്കും. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒരേ മനസ്സോടെ ചേർന്നൊരുക്കുന്ന ഈ ആഘോഷം, ജാതിമത ഭേദമെന്യേ എല്ലാവരും ഒന്നാണെന്ന ഓണത്തിന്റെ വലിയ സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നത്. പൂക്കളുടെ വസന്തം തീർക്കുന്ന വർണ്ണാഭമായ പൂക്കള മത്സരങ്ങൾ ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും. വിദ്യാലയ അന്തരീക്ഷത്തിൽ ഓണപ്പാട്ടുകളുടെ ഈണം നിറയുമ്പോൾ, പ്രജകളെ കാണാനെത്തുന്ന മാവേലി മന്നന്റെ പ്രതീകാത്മകമായ എഴുന്നള്ളത്ത് കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ കൗതുകവും ആഹ്ലാദവും നിറയ്ക്കും. പാരമ്പര്യ വസ്ത്രധാരണവും ചിരിയും വർത്തമാനങ്ങളുമായി സ്കൂൾ അങ്കണം ഒരു ഉത്സവപ്പറമ്പായി മാറുന്ന മനോഹരമായ കാഴ്ചയാണ് 'പൂവിളി 2K25' സമ്മാനിക്കാൻ പോകുന്നത്.
ആഘോഷങ്ങൾക്ക് ആവേശം പകരാനായി വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളാണ് സംഘാടകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമായി നൂറുകണക്കിന് വിദ്യാർത്ഥിനികൾ അണിനിരക്കുന്ന 'മെഗാ തിരുവാതിര' കണ്ണിന് കുളിർമയേകുന്ന കാഴ്ചയായിരിക്കും. അതോടൊപ്പം, കുപ്പിയിൽ വെള്ളം നിറക്കൽ, ആവേശകരമായ കസേര കളി, വാശിയേറിയ ചാക്കിലോട്ടം, പുളിയിറക്കം തുടങ്ങി രസകരമായ ഒട്ടനവധി നാടൻ കളികളും മത്സരങ്ങളും കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. കളിയും ചിരിയും മാത്രമല്ല, ഓണത്തിന്റെ രുചിഭേദങ്ങൾ തൊട്ടറിയുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഈ ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. ഒത്തുചേരലിന്റെയും സ്നേഹത്തിന്റെയും മാധുര്യം വിളമ്പുന്ന സദ്യയുണ്ണാൻ എല്ലാവരും ഒരുമിക്കുമ്പോൾ അത് സാഹോദര്യത്തിന്റെ നേർക്കാഴ്ചയായി മാറും. ഇങ്ങനെ, കലയും കളിയും രുചിയും ഒത്തുചേരുന്ന 'പൂവിളി 2K25', ചേർത്തല ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിലെ ഓരോ വിദ്യാർത്ഥിയുടെയും അധ്യാപകരുടെയും മനസ്സിൽ മായാത്ത മനോഹരമായ ഓർമ്മയായി മാറുമെന്നുറപ്പാണ്.
ആരോഗ്യമുള്ള നാളേക്കായി: നാച്ചുറോപ്പതി ദിനാചരണവും ഫുഡ് പ്ലേറ്റ് പ്രദർശനവും


പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് നവംബർ 18-ന് നാച്ചുറോപ്പതി ദിനം (Naturopathy Day) സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും പ്രകൃതിചികിത്സയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കുന്നതിനുമായി എട്ടാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. അർച്ചന, ഡോ.ദീപ്തി എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും കുട്ടികൾക്ക് ക്ലാസുകൾ നയിക്കുകയും ചെയ്തു. മരുന്നുകളില്ലാത്ത ചികിത്സാ രീതിയായ നാച്ചുറോപ്പതിയുടെ പ്രാധാന്യത്തെക്കുറിച്ചും, രോഗങ്ങളെ അകറ്റി നിർത്താൻ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഡോക്ടർമാർ വിശദമായി സംസാരിച്ചു.
ഈ ദിനാചരണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ ഇനം 'ഫുഡ് പ്ലേറ്റ്' (Food Plate) അവതരണമായിരുന്നു. കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ സമീകൃതാഹാരം (Balanced Diet) എങ്ങനെയായിരിക്കണം എന്ന് വെറുതെ പറഞ്ഞു കൊടുക്കുന്നതിന് പകരം, തൽസമയം പ്രദർശിപ്പിച്ചുകൊണ്ടാണ് ഡോക്ടർമാർ ക്ലാസ് എടുത്തത്. ഒരു പാത്രത്തിൽ അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണം എങ്ങനെയൊക്കെ ക്രമീകരിക്കണമെന്നും, ഓരോ പോഷകവും ശരീരത്തിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നും നേരിട്ട് സജ്ജീകരിച്ച് കാണിച്ചുതന്നത് കുട്ടികൾക്ക് വലിയൊരു അറിവായി മാറി. പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം, ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല ഭക്ഷണശീലങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം നൽകാൻ ഈ ക്ലാസിലൂടെ സാധിച്ചു. പ്രവർത്തനങ്ങൾക്ക് ജീവശാസ്ത്രം അധ്യാപികമാരായ നിഷ മോഹൻദാസ് ,ലക്ഷ്മി നേതൃത്വം വഹിച്ചു
ആട്ടവും പാട്ടും: കഥകളി സെമിനാർ


പത്താം ക്ലാസിലെ കേരളപാഠാവലിയിലെ 'സ്വാതന്ത്ര്യത്തിൻറെ ചിറകുകൾ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ സംഘടിപ്പിച്ച കഥകളി സെമിനാർ, കേരളത്തിന്റെ തനത് കലാരൂപത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്ന ഒരു മികച്ച പഠനാനുഭവമായിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് നടത്തിയ ഈ സെമിനാറിൽ, കഥകളിയുടെ ചരിത്രം മുതൽ അവതരണരീതി വരെയുള്ള സമസ്ത മേഖലകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. രാമനാട്ടം, കൃഷ്ണനാട്ടം തുടങ്ങിയ കലാരൂപങ്ങളിൽ നിന്ന് കഥകളി എങ്ങനെ രൂപപ്പെട്ടു എന്നും കൊട്ടാരക്കര തമ്പുരാന്റെയും കോട്ടയം തമ്പുരാന്റെയും സംഭാവ
നകളെക്കുറിച്ചും ഒരു വിഭാഗം കുട്ടികൾ ചരിത്രപരമായ വിവരങ്ങൾ പങ്കുവെച്ചു. കഥകളിയുടെ ഏറ്റവും വലിയ സവിശേഷതയായ വേഷങ്ങളെക്കുറിച്ചുള്ള അവതരണം ഏറെ ശ്രദ്ധേയമായിരുന്നു. സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് 'പച്ച', രാജസ ഗുണമുള്ളവർക്ക് 'കത്തി', താമസ ഗുണമുള്ള ക്രൂര കഥാപാത്രങ്ങൾക്ക് 'ചുവന്ന താടി', 'കറുത്ത താടി' എന്നിങ്ങനെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിനനുസരിച്ച് നൽകുന്ന നിറങ്ങളെക്കുറിച്ചും വേഷങ്ങളെക്കുറിച്ചും കുട്ടികൾ വിശദീകരിച്ചു. കൂടാതെ, സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും നൽകുന്ന 'മിനുക്ക്' വേഷത്തെക്കുറിച്ചും ചർച്ച ചെയ്തു. കഥകളിയുടെ വേഷവിധാനങ്ങളിലെ പ്രത്യേകതകൾ, കിരീടം, കോപ്പുപണികൾ, ചുട്ടി കുത്തൽ എന്നിവയിലെ സൂക്ഷ്മത എന്നിവയും കുട്ടികൾ എടുത്തുപറഞ്ഞു. കഥകളിക്ക് ജീവൻ നൽകുന്ന ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളെക്കുറിച്ചും സോപാന സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റൊരു ഗ്രൂപ്പ് വിശദീകരിച്ചു. ഇത്തരത്തിൽ കഥകളി എന്ന ദൃശ്യവിസ്മയത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിച്ചുകൊണ്ട് നടന്ന സെമിനാർ, പാഠഭാഗത്തോട് ചേർന്നുനിന്നുകൊണ്ട് കലയെ കൂടുതൽ അടുത്തറിയാൻ വിദ്യാർത്ഥികളെ സഹായിച്ചു. പ്രവർത്തനങ്ങൾക്ക് മലയാള അധ്യാപികയായ ശാലിനി മോഹനൻ നേതൃത്വം നൽകി
ദേശീയ മലിനീകരണ വിരുദ്ധ ദിനം: എൻ.സി.സി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ദേശീയ മലിനീകരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാഷണൽ കേഡറ്റ് കോർപ്പിസിന്റെ (NCC) ആഭിമുഖ്യത്തിൽ സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിസംബർ 2-ന് ഉച്ചയ്ക്ക് 1.30-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി.
എക്കോ ക്ലബ്ബ് കൺവീനർ ശ്രീ രാജു വി ക്ലാസ്സിന് നേതൃത്വം നൽകി. മലിനീകരണം കൊണ്ടുണ്ടാകുന്ന ദോഷവശങ്ങൾ, മലിനീകരണത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
പരിപാടികൾക്ക് അധ്യാപികയായ ശ്രീമതി ശ്രീജ മോൾ കെ.വി, മുതിർന്ന എൻ.സി.സി കേഡറ്റുകൾ എന്നിവർ നേതൃത്വം നൽകി.
ഭക്ഷ്യ സുരക്ഷാ നഗരം പദ്ധതി: സ്കൂളിൽ ഫുഡ് സേഫ്റ്റി ക്ലബ്ബ് രൂപീകരിച്ചു

ആലപ്പുഴ ജില്ലയിലെ കേരള സർക്കാർ ഭക്ഷ്യസുരക്ഷാ വകുപ്പ്, 'സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധാരം' എന്ന ആപ്തവാക്യത്തോടെ 2025-26 വർഷത്തിൽ നടപ്പിലാക്കുന്ന 'ഭക്ഷ്യ സുരക്ഷാ നഗരം പദ്ധതി'യുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിസംബർ 2 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3.30 വരെ നടന്ന ക്ലാസിനോടനുബന്ധിച്ച് സ്കൂളിൽ പുതിയ ഫുഡ് സേഫ്റ്റി ക്ലബ്ബ് രൂപീകരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ശക്തി എസ്. കുമാർ, കെൻല്ലി, ദേവലക്ഷ്മി, ബിധിക, ആകാംഷ, വൈഗ ഗിരീഷ്, ശ്രീനന്ദ എം.എസ്, ആശിഷ് അഞ്ചു പ്രഭ, ശ്രേയ എന്നിവരെ ക്ലബ്ബ് അംഗങ്ങളായി തിരഞ്ഞെടുത്തു.
ക്വാണ്ടം ശാസ്ത്രലോകത്തെ അടുത്തറിഞ്ഞ് വിദ്യാർത്ഥികൾ: സയൻസ് ക്ലബ്ബ് എക്സിബിഷൻ സന്ദർശനം
2025 'ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി' (International Year of Quantum Science and Technology) ആയി ആചരിക്കുന്നതിന്റെ ഭാഗമായി, ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബ് അംഗങ്ങൾക്ക് ശാസ്ത്രലോകത്തെ അത്ഭുതങ്ങളെ തൊട്ടറിയാൻ അവസരം ലഭിച്ചു. കുസാറ്റിന്റെയും (CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷദിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 11 മുതൽ 15 വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ സംഘടിപ്പിച്ച 'Quantum Century Exhibition' സന്ദർശിക്കാനാണ് വിദ്യാർത്ഥികൾ എത്തിയത്.
ക്വാണ്ടം സാങ്കേതികവിദ്യകളുടെ വിസ്മയലോകം നേരിട്ടറിയാൻ ഈ സന്ദർശനം കുട്ടികൾക്ക് അവസരമൊരുക്കി. വിർച്വൽ റിയാലിറ്റി (VR) ഉൾപ്പെടെയുള്ള നൂതന മാർഗ്ഗങ്ങളിലൂടെ ക്വാണ്ടം സയൻസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും, ചരിത്രവും സിദ്ധാന്തങ്ങളും ലളിതമായി മനസ്സിലാക്കാനും അവർക്ക് സാധിച്ചു. ആറ്റം മോഡലുകൾ മുതൽ ക്വാണ്ടം കമ്പ്യൂട്ടർ വരെ ഉൾക്കൊള്ളിച്ച 28-ഓളം എക്സിബിറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. സാധാരണയായി ആറ്റോമിക തലത്തിൽ മാത്രം സംഭവിക്കുന്ന ക്വാണ്ടം പ്രതിഭാസങ്ങളുടെ പരിണിതഫലങ്ങൾ പരീക്ഷണങ്ങളിലൂടെ കണ്ടും തൊട്ടും അനുഭവിച്ചറിയാൻ സാധിച്ചത് വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാൻ സഹായിച്ചു.
അർബുദത്തിനെതിരെ കരുതൽ; ജി.ജി.എച്ച്.എസ്.എസ് ചേർത്തലയിൽ ലോക അർബുദ ദിനാചരണം

ചേർത്തല: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും ആയുഷ്മാൻ ഭവ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യ ത്തിൽ ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക അർബുദ ദിനം ആചരിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി സന്ധ്യ ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ അർബുദത്തെ പ്രതിരോധിക്കാ ൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ആയുഷ്മാൻ ഭവ ജില്ലാ കൺവീനർ ഡോ. വിദ്യ എം. പൈ സ്വാഗതം ആശംസിച്ചു. ചേർത്തല ഗവൺമെന്റ് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ എം. അധ്യക്ഷത വഹിച്ചു.
ചേർത്തല ഗേൾസിലെ മിയാവാക്കി വനം ഇനി 'ഫലസമ്പന്നം'

ചേർത്തല: പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ മാതൃകയായി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 'മിയാവാക്കി വനം' കൂടുതൽ സമ്പുഷ്ടിയിലേക്ക്. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി ഇപ്പോൾ വിദ്യാർത്ഥികൾക്ക് ഒരു തുറന്ന പഠനശാലയായി മാറിയിരിക്കുകയാണ്.
കുറഞ്ഞ സ്ഥലത്ത് സ്വാഭാവിക വനം സൃഷ്ടിക്കുന്ന മിയാവാക്കി രീതി സ്കൂളിൽ വൻ വിജയമായതോടെ വനത്തെ കൂടുതൽ വൈവിധ്യപൂർണ്ണമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വനത്തിൽ പുതിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. റംബൂട്ടാൻ, ഞാവൽ, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പുതുതായി വനത്തിന്റെ ഭാഗമായത്.
ജൈവവൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പഠിക്കാൻ വനം സന്ദർശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പച്ചപ്പും തണലും നിറഞ്ഞ ഈ വനം സ്കൂൾ കാമ്പസിലെ താപനില കുറയ്ക്കാനും ശുദ്ധവായു ലഭ്യമാക്കാനും സഹായിക്കുന്നു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വനത്തിന്റെ സംരക്ഷണം കൃത്യമായി നടന്നു വരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അപൂർവ്വ സസ്യങ്ങളെ വനത്തിൽ ഉൾപ്പെടുത്താനാണ് ക്ലബ്ബിന്റെ തീരുമാനം.
മാലിന്യമുക്ത വിദ്യാലയം: ഐ-ബയോ ബിൻ പദ്ധതിയുമായി ജി.ജി.എച്ച്.എസ്.എസ് ചേർത്തല

ചേർത്തല: വിദ്യാലയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യങ്ങൾ സ്കൂൾ വളപ്പിൽ തന്നെ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനായി ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഐ-ബയോ ബിൻ' (I-bio Bin) പദ്ധതി നടപ്പിലാക്കുന്നു. ചേർത്തല നഗരസഭയുടെ സഹകരണത്തോടെയാണ് ഈ നൂതന മാലിന്യ സംസ്കരണ പദ്ധതി സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഗൈഡുകളെയും പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങളും ശേഖരിച്ച് ഐ-ബയോ ബിന്നുകൾ വഴി വളമാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു ക്യാമ്പസ് കെട്ടിപ്പടുക്കാൻ സാധിക്കുന്നു. നഗരസഭയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയേകുന്ന ഈ പദ്ധതിയിലൂടെ വിദ്യാലയത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കാൻ കഴിയുന്നുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
മണ്ണറിഞ്ഞ് വിദ്യാർത്ഥികൾ; ദേശീയ ഹരിതസേനയുടെ ചീരകൃഷിക്ക് സ്കൂളിൽ തുടക്കമായി

ചേർത്തല: പഠനത്തോടൊപ്പം കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിതസേനയുടെ (NGC) നേതൃത്വത്തിൽ ചീരകൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. എസ്. സോബിൻ നിർവ്വഹിച്ചു. കൃഷി എന്നത് കേവലം ഒരു പണിയല്ല, മറിച്ച് അത് പ്രകൃതിയോടുള്ള കടമയാണെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. സ്വന്തം കൈപ്പടയിൽ വിത്തെറിഞ്ഞും തടമൊരുക്കിയും കുട്ടികൾ കൃഷിയിൽ സജീവമായി. ഈ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിതമായ ചീര കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുമെന്ന് ഹരിതസേന കോഡിനേറ്റർ രാജു സാർ അറിയിച്ചു.
സ്കൂൾ കിച്ചൺ ഗാർഡന്റെ വിപുലീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിക്ക് അധ്യാപകരും പി.ടി.എയും പൂർണ്ണ പിന്തുണ നൽകുന്നു. മണ്ണറിഞ്ഞും അധ്വാനം ശീലിച്ചും വളരുന്ന പുതിയ തലമുറയ്ക്ക് ഈ കാർഷിക വിപ്ലവം വലിയൊരു അനുഭവപാഠമായി മാറുകയാണ്.