സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-2026-ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2025 റിപ്പോർട്ട്
അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാനായി കുരുന്നുകൾ ഇന്ന് വിദ്യാലയമുറ്റത്തെത്തി.2025-26 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് വിവിധ പ്രവർത്തനങ്ങളോടെ പ്രവേശനോത്സവം ആഘോഷിച്ചു.ആലപ്പുഴ കലവൂരിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചതോടെ സ്കൂൾ പ്രവേശനോത്സവത്തിന്നും ആരംഭമായി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലിമ ആന്റണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിബിൻ ബാബു, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായി. പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ്സ് മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. വർണാഭയാർന്ന പൂക്കളും ബലൂണുകളും കടലാസ് തോരണങ്ങളും കൊണ്ട് സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി. ഒന്നാം ക്ലാസ്സിൽ പുതുതായി എത്തിയ കുരുന്നുകളെ അണിനിരത്തി പ്രവേശനോത്സവ റാലിയും സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവത്തിന്റെ ഓരോ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ആദ്യഘട്ട സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 9.30മണിക്ക് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ ലിമ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിലെ കൈറ്റ്മിസ്ട്രെസ് ശ്രീമതി ആനി ടി ജെ ക്യാമ്പ് നയിച്ചു.2024-27 ബാച്ചിലെ 40കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ കൈറ്റ് മിസ്ട്രെസ്മാരായ ശ്രീമതി സുജ പി, ശ്രീമതി പ്രിയദർശിനി എ എന്നിവരും സന്നിഹിതരായിരുന്നു.പ്രധാനമായും വീഡിയോ എഡിറ്റിങ് എന്ന മേഖലയിലാണ് പരിശീലനം നൽകിയത്.സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ പരിജ്ഞാനവും അഭിരുചിയും വൈദഗ്ദ്ധ്യവും വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നു.യുവതലമുറ ഏറെ പ്രാധാന്യം നൽകുന്നതും അവരിൽ താല്പര്യം ജനിപ്പിക്കുന്നതുമായ റീൽസ് നിർമാണം, പ്രോമോ വീഡിയോ തയ്യാറാക്കൽ, അവയുടെ സമ്മിശ്രണം തുടങ്ങിയവയെല്ലാം വളരെ താല്പര്യത്തോടെയും വ്യത്യസ്തതയോടെയും ചെയ്യാൻ ഓരോ അംഗങ്ങൾക്കും സാധിച്ചു എന്നത് ക്യാമ്പിന്റെ വിജയമാണ്.
പരിസ്ഥിതി ദിനാഘോഷം - 2025
2025 ജൂൺ 5-ന്, പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയോടെയാണ് ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടത്.അസംബ്ലിയിൽ കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ അഡ്വ. ആന്റണി കുരീത്തറ, മാനേജർ റവ. സിസ്റ്റർ ലിസി ജോൺ, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ലിമ ആന്റണി, പി.ടി.എ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ ആന്റണി കുരീത്തറ സസ്യ തൈ നട്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജോൺ, വിദ്യാർത്ഥികളോട് പ്രകൃതിയോടും പരിസ്ഥിതിയോടും കരുണയും ബാധ്യതയും പുലർത്തേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സസ്യത്തൈകൾ വിതരണം ചെയ്തതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിത്തം കൂടുതൽ വിപുലമാക്കി.അസംബ്ലിക്ക് പിന്നാലെ, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി സ്കൂൾ പരിസരത്ത് നടത്തി. ഈ റാലി സമൂഹത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമാണം,ഡിജിറ്റൽ പെയിന്റിംഗ്, കൊളാഷ് നിർമാണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം,കുട്ടികളിൽ സൃഷ്ടിപരത, പരിസ്ഥിതിയോടുള്ള ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുന്നതിനുള്ള വേദികൂടിയായി മാറി.
സ്കൂൾ സംരക്ഷണ സമിതി യോഗം -2025
സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് ഭീഷണികളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന പോലീസിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ സ്കൂളുകളിൽ സ്കൂൾ സംരക്ഷണ സമിതി രൂപീകരിച്ചു.
പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, രക്ഷിതാക്കളുടെ കമ്മിറ്റികൾ എന്നിവരുൾപ്പെടുന്നതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് .സ്കൂൾ സംരക്ഷണ സമിതിയുടെ പ്രഥമ യോഗം ജൂൺ 11ന് നടന്നു.സ്കൂൾ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ അധ്യയന വർഷം മുതൽ ഓരോ സ്കൂളിനും ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ഇദ്ദേഹം പരാതി സംവിധാനത്തിന്റെ പ്രവർത്തനം നിരീക്ഷിക്കും.സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തുകളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.
വായനവാരാചരണം –ജൂൺ19
പി എൻ പണിക്കരുടെ ചരമദിനം വായന ദിനമായി ആചരിക്കുന്നു.
വായന ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിമ ആന്റണി സ്‌കൂൾ ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥികൾ വായനയെ എങ്ങനെ ഗൗരവമായി സമീപിക്കണമെന്നതിനെക്കുറിച്ചും സ്കൂൾ ഹെഡ്മിസ്ട്രെസ് മനോഹരമായ സന്ദേശം നൽകി.വായനവാരാചാരണത്തോടനുബന്ധിച്ച് പുസ്തക വിതരണം,പുസ്തകാസ്വാദനം, കഥാവായന, പത്ര വായന, ക്വിസ്, വായനക്കുറിപ്പ്, കവിതാ രചന തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
അന്താരാഷ്ട്ര യോഗദിനാചരണം – 2025
ആരോഗ്യമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി യോഗ വഹിക്കുന്ന പങ്കും അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി, സ്‌കൂളിൽ ജൂൺ 2O-നു യോഗദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ ആരോഗ്യം, ഏകാഗ്രത, മാനസിക സമത്വം എന്നിവയുടെ പ്രസക്തിയെക്കുറിച്ച് അവബോധം വർധിപ്പിക്കുവാൻ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.അസംബ്ലിയുടെ ഭാഗമായി, വിവിധ ക്ലാസ്സുകളിലെ കുട്ടികൾ വിവിധ യോഗാസനങ്ങൾ പ്രദർശിപ്പിച്ചു. ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ചുള്ള സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലിമ ആന്റണി കുട്ടികളുമായി പങ്കുവച്ചു.എല്ലാ കുട്ടികളും പ്രതിദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം -2025
ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിപുലമായി നടത്തപ്പെട്ട ലഹരി വിരുദ്ധ ദിനാചരണം കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ശ്രീ.ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ വിദ്യാർത്ഥികളായ കുമാരി വൈഗ ബെന്നി, കുമാരി ലിദിയ മേരി എന്നിവർ ചേർന്ന് വരച്ച സാൻഡ് ആർട്ടിലൂടെയാണ് അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചത്.സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലിമ ആന്റണി സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളെ പരിചയപ്പെടുത്തി. സ്കൂൾ ലീഡർ കുമാരി ആർലിൻ ലിനറ്റ് ഏവർക്കും സ്വാഗതം ആശംസിച്ചു.ഫോർട്ടുകൊച്ചി സബ് ഇൻസ്‌പെക്ടർ ശ്രീ. അനിൽകുമാർ, ലഹരി വിരുദ്ധ ജാഗ്രതാസന്ദേശം പങ്കു വച്ചു.ഫോർട്ട്കൊച്ചി CPO ശ്രീമതി അശ്വതി രാമചന്ദ്രൻ, പി ടി എ എക്സിക്യൂട്ടീവ് പ്രതിനിധി ശ്രീമതി രോഷ്നി,വ്യാപാരി വ്യവസായി പ്രതിനിധി ശ്രീ മുഹമ്മദ് സുനിൽ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ശ്രീമതി സിബിൾ ഡി റോസാരിയോ, ട്രാൻസ്‌പോട്ടേഷൻ പ്രതിനിധികൾ ശ്രീ റോബിൻസൺ വി ജെ,ശ്രീ രാജു ജോർജ്, ശ്രീ ജയൻ ജോർജ്, ശ്രീ നെൽസൺ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.സ്കൂൾ പാർലമെന്റ് അംഗം കുമാരി അൻഷിക മെൽറോസ് 'ലഹരി മുക്ത വിദ്യാലയം കുട്ടികളുടെ അവകാശം' എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചു.അധ്യാപക പ്രതിനിധി ശ്രീമതി സുജ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം പങ്കു വച്ചു.ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ,ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണം,ലഹരി വിരുദ്ധ സന്ദേശം പകരുന്ന നൃത്തശില്പം, സുമ്പ ഡാൻസ്,,ചിത്രരചന തുടങ്ങി വിവിധ പ്രചാരണ പരിപാടികൾ അരങ്ങേറി.സ്കൂളിലെ റെഡ് ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റു കുട്ടികളും അണിനിരന്ന ലഹരിവിരുദ്ധ റാലിയും ചടങ്ങിന് മാറ്റുകൂട്ടി.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള സ്നേഹാദരം
ഫോർട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട കൊച്ചി MLA ശ്രീ കെ ജെ മാക്സി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിയും തേവര SH കോളേജിലെ പ്രൊഫസറുമായ ശ്രീമതി. ഡോ. ടെസ്സ മേരി ജോസ് മുഖ്യാതിഥിയായി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലിമ ആന്റണി,കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ ശ്രീ അഡ്വ. ആന്റണി കുരീത്തറ, പി ടി എ പ്രസിഡന്റ് ശ്രീ ഷിബിൻ ബാബു എന്നിവർ സന്നിഹിതരായി.മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് സ്കൂൾ മാനേജ്മെന്റിന്റെയും അലൂമിനി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പുരസ്‌കാര വിതരണം നടത്തി. ഈ വർഷത്തെ SSLC പരീക്ഷയിൽ 100 മേനി വിജയം കൈവരിച്ചതോടൊപ്പം മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഫുൾ A+ നേടിയ വിദ്യാലയം എന്ന ഖ്യാതിയും ഫോർട്ട്കൊച്ചി സെന്റ് മേരീസ് എ ഐ ജി എച്ച് സ്കൂൾ നേടി. മട്ടാഞ്ചേരി ഉപജില്ലയിൽ മാത്രമല്ല എറണാകുളം ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ചരിത്ര നേട്ടം തന്നെയാണ് സ്കൂൾ കൈവരിച്ചത്. ആകെ 230വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 73കുട്ടികൾ ഫുൾ A+ഉം 19കുട്ടികൾ 9A+ഉം കരസ്ഥമാക്കി.
വിദ്യാരംഗം ഉപജില്ലാപ്രവർത്തനോദ്ഘാടനം - 2025
മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂലൈ 21ന് ഫോർട്ട്കൊച്ചി സെന്റ്. മേരിസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട കൊച്ചി എം എൽ എ ശ്രീ.കെ ജെ മാക്സി ഉദ്ഘാടന കർമ്മം നിർവഹിച്ചു.യുവഗായകൻ മാർട്ടിൻ നെറ്റോ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ഓഫീസർ ശ്രീ വി എ ശ്രീജിത്ത് അധ്യക്ഷസ്ഥാനം അലങ്കരിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.എൻ സുധ വിഷയാവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു .മട്ടാഞ്ചേരി ബി പി സി ശ്രീമതി. രമ്യ ജോസഫ്,കെ എസ് ടി എ സംഘടന പ്രതിനിധി ശ്രീ ഷിബു ടി കെ, സീനിയർ അധ്യാപിക ശ്രീമതി സുഷ ഹാരിയറ്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഉപജില്ലാ ജോയിന്റ് കോർഡിനേറ്റർ ശ്രീമതി നീഷ എൻ കൃതജ്ഞത അർപ്പിച്ചു.തുടർന്ന് ഗായകനും മ്യൂസിക് കമ്പോസറുമായ മാർട്ടിൻ നെറ്റോയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.'എം. ടി യുടെ മഞ്ഞ് - നോവലിലെ ഭാവ കാവ്യം'എന്ന വിഷയത്തെ മുൻനിർത്തി ഉപജില്ലാ തല സാഹിത്യ സെമിനാറും അന്നേദിവസം നടത്തപ്പെട്ടു.