എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/"വൈക്കോൽ കൂന," ഓർമ്മകളിലേക്ക് മറയുന്ന നാടൻ കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
"വൈക്കോൽ കൂന," ഓർമ്മകളിലേക്ക് മറയുന്ന നാടൻ കാഴ്ച
  "വൈക്കോൽ കൂന," പണ്ട് കാലത്ത് ഞങ്ങളുടെ വീടിന്റെ, ഒട്ടു മിക്ക വീടിന്റെയും മുന്നിൽ ആകാശത്തെ മുത്തം വെച്ച് ഉയരത്തിലുള്ള നിറ വയറിന്റെ നിറക്കാഴ്ചയായിരുന്നു വൈക്കോൽ കൂനകൾ.
   ചിട്ടയായി അടുക്കി വെച്ച് കര വിരുതിന്റെ വൃത്തങ്ങളിൽ നിർമ്മിച്ച വൈക്കോൽ കൂനകൾ മഴ വെള്ളത്തെ പ്രതിരോധിച്ച് കന്നു കാലികൾക്ക് ഏത് കാലാവസ്ഥയിലും നല്ല വൈക്കോൽ തീറ്റയായി നൽകുന്നു. കാർഷിക സമ്പന്നത വിളിച്ചോതുന്ന ഇത്തരം വൈക്കോൽ കൂനകൾ ഓമനയോടെ വളർത്തുന്ന വീട്ടിലെ കന്നു കാലികൾക്കുള്ള ഭക്ഷണത്തിന്റെ കരുതലും കാവലുമായിരുന്നു.
   ഒരു കാലത്ത്  എല്ലാവരുടെയും കണ്ണുകൾക്ക് കൗതുകക്കാഴ്ചയായിരുന്ന വൈക്കോൽ കൂന ഇന്നും ഓർമ്മയുടെ ഭൂമികയിൽ ഉയർന്നു നിൽക്കുന്നു. കൂനയിൽ നിന്നും വൈക്കോൽ വലിച്ചെടുക്കുക, മാങ്ങയും ചക്കപ്പഴവുമൊക്കെ പഴുക്കാൻ വൈക്കോൽ കൂനയിൽ തിരുകി വെക്കുക, പഴുത്ത മാങ്ങകൾക്ക്‌ ആർത്തിയോടെയുള്ള കാത്തിരിപ്പ്, വൈക്കോൽ വലിച്ചെടുത്ത ഭാഗങ്ങളിൽ രൂപപ്പെടുന്ന ഗുഹകളിൽ ഒളിച്ചു കളി നടത്തിയത്, രസങ്ങളുടെ വളപ്പൊട്ടുകൾ ചിന്നിച്ചിതറിയ ഭൂത കാലത്തിലെ അനുഭൂതികൾ എന്റെ അക്ഷരങ്ങളുടെ മരക്കൊമ്പിൽ കെട്ടിയിടാൻ കഴിയുന്ന ഒന്നല്ല.
     "മല പോലെയുള്ള ഭീമൻ വൈക്കോൽ കൂനകൾ കന്നു കാലികൾ തിന്ന് തീർത്തത് പോലെ ഇത്തരത്തിലുള്ള കാഴ്ചകളെ കാലവും തിന്ന് തീർത്തു." നമ്മുടെ നാട്ടിൻ പുറത്തിന്റെ അലങ്കാരമായിരുന്ന വൈക്കോൽ കൂനകൾ നാട് നീങ്ങിക്കൊണ്ടിരുന്നു. 
    മുഖ പുസ്തകത്തിൽ മുഖം പൂഴ്ത്തി മൊബൈലിലും ടാബിലും തോണ്ടി കൊണ്ടിരിക്കുന്ന പുതു തലമുറക്ക് ഇത്തരത്തിലുള്ള രസക്കാഴ്ചകളൊക്കെ പഴമക്കാരുടെ ഓർമ്മകളുടെ കിതാബിൽ നിന്നും വായിക്കാനുള്ള കഥകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.  


റിഷാന വി
5E എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം