ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

.2024-25 അധ്യായന വ‍ർഷത്തിലെ പ്രവേശനോത്സവം 03/06/2024,തിങ്കളാഴ്ച കളമശ്ശേരി മുനിസിപ്പൽ ചെയ‍ർമാൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ബിജു പി. ഇ സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൾ റിയാസ് താഹിർ, വിഎച്ച്എസ്സ്ഇ ടീച്ചർ ഇൻ ചാർജ് ടെസ്സി, എസ്എംസി ചെയർമാൻ എ. ടി. സി കുഞ്ഞുമോൻ, സ്നേഹിത ജെൻഡർ ക്ലബ് പ്രതിനിധി എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമായി. കുട്ടികൾക്ക് മധുരവിതരണവും പഠനസാമഗ്രികളുടെ വിതരണവും നടത്തി. സ്നേഹിത ജെൻഡർ ക്ലബ് കുട്ടികൾക്ക് വേണ്ടുന്ന ടൈം ടേബിൾ ഷീറ്റുകൾ നൽകി. സ്കൂളിലെ അധ്യാപിക ശ്രീമതി ഹരിപ്രിയ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു.

2024 .ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പച്ചക്കറി തൈകൾ  നൽകി. കളമശ്ശേരി കൗൺസിലർ സീമാക്കണ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കളമശ്ശേരി പൗരസമിതി പ്രസിഡണ്ട് എൻ എ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.പോസ്റ്റർ രചന നടത്തുകയും പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.

27 -ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതി സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ പുസ്തകോത്സവം വായനാമധുരം പദ്ധതിയുടെ ഭാഗമായുള്ള പുസ്തക വിതരണം ഗവ ഹൈസ്കൂൾ കളമശ്ശേരിയിൽ   നിർവ്വഹിക്കപ്പെട്ടു.

സ്കൂൾ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ ജബ്ബാർ പുത്തൻ വീട് അധ്യക്ഷ സ്ഥാനവും പ്രഥമാധ്യാപകൻ ശ്രീ ബിജു പി ഇ സ്വാഗത പ്രസംഗവും നടത്തി. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും അന്താരാഷ്ട്ര പുസ്തകോത്സവസമിതി പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഡോ. ഗോപിനാഥ് പനങ്ങാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റിട്ട. ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ ശ്രീമതി ശ്രീകല. എം എസ് കുട്ടികൾക്കുള്ള പുസ്തക വിതരണം നടത്തി.

കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുക, മറ്റു കുട്ടികൾക്ക് മാതൃകയാകും വിധം അതിനെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തിയ എൻ്റെ വായന പുസ്തക പ്രദർശനവും ഇതോടൊപ്പം നടന്നു. വായിച്ച പുസ്തകങ്ങളെ മുൻനിർത്തിയുള്ള ചോദ്യോത്തരവേളയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള  വിദ്യാർത്ഥികളുടെ പ്രതികരണം അഭിനന്ദനീയമായി. ലൈബ്രറി ചുമതല വഹിക്കുന്ന അധ്യാപിക ശ്രീമതി ആശ നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ എ.കെ. ജി ഗ്രന്ഥശാല ഭാരവാഹികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ടാറ്റാ ബിൽഡിംഗ് ഇന്ത്യയുടെ ഭാഗമായി "യുവജനങ്ങൾക്ക് സ്മാർട്ട് ഇന്ത്യയെ എങ്ങനെ കെട്ടിപ്പടുക്കാൻ കഴിയും" എന്ന വിഷയത്തിൽ സ്കൂൾ ഉപന്യാസം മത്സരം നടത്തുകയുണ്ടായി.

ബഷീർ ദിനം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഗവണ്മെന്റ് കളമശ്ശേരി സ്കൂളിൽ  നിരവധി പരിപാടികൾ  സംഘടിപ്പിച്ചു. ബഷീറിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.ബഷീനെക്കുറിച്ചുള്ള ഗാനം ആലപിച്ചു, അതിനോടൊപ്പം തന്നെ പ്രഭാഷണവും ഉണ്ടായിരുന്നു. ലൈബ്രറിയിൽ ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ ബഷീർ ദിന ക്വിസ്, ബഷീറിനൊരു കത്ത്, ബഷീർ കൃതികളുടെ അസ്വാദനക്കുറിപ്പ്, തുടങ്ങിയ മത്സരങ്ങളും നടത്തി.

വായനാദിനം

ജൂൺ 19 വായനാദിനത്തോടാനുബന്ധിച്ച് അസംബ്ലിയിൽ അധ്യാപിക  പുസ്തക പരിചയം നടത്തി.വായനാദിനത്തിന്റെ പ്രധാന്യത്തെ മുൻനിർത്തി പ്രഭാഷണം അവതരിപ്പിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.   വായനാ വാരാഘോഷ പരിപാടിയിൽ വായാനാ മത്സരം, ആസ്വാദനക്കുറിപ്പ്, ക്വിസ്, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയിയായവരെ സമ്മാനങ്ങൾ നൽകി ആശംസിച്ചു.