എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഊട്ടിയിൽ തണുപ്പ് കൂടുതലായത് എന്തുകൊണ്ട്?

1971 ലെ ഓണപ്പരീക്ഷ നടക്കുകയാണ്. ഞാൻ അന്ന് നാലാം സ്റ്റാൻഡേർഡിലെ വിദ്യാർത്ഥി. മൂന്നാം സ്റ്റാൻഡേർഡ് വരെ മലയാളം, കണക്ക്, സയൻസ് എന്നീ വിഷയങ്ങൾ മാത്രമാണ് പഠിപ്പിച്ചിരുന്നത്. നാലാം സ്റ്റാൻഡേർഡിൽ എത്തിയപ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിപഠിപ്പിക്കാനായി നാലു വരയിട്ട ബുക്ക് എന്നും ക്ലാസിൽ കൊണ്ടുപോകണം. കൂടാതെ സാമൂഹ്യപാഠം എന്ന മറ്റൊരു പുതിയ വിഷയം കൂടെ പഠിക്കാനുണ്ട്.

സാറാമ്മ ടീച്ചറാണ് സാമൂഹായപാഠം പഠിപ്പിച്ചിരുന്നത്. ഒന്നു മുതൽ നാലാം സ്റ്റാൻഡേർഡു വരെയുള്ള കുട്ടികൾ തറയിലും അഞ്ചു മുതൽ ഏഴു വരെയുള്ള കുട്ടികൾ ബഞ്ചിലും ഇരുന്നാണ് പഠിച്ചിരുന്നത്. നാലാം സ്റ്റാൻഡേർഡിലെ തറയിൽ ഇരുന്നു പഠിക്കുന്നവരായ ഞങ്ങൾ ക്ലാസിൽ അശ്രദ്ധമായിരിക്കുകയോ ടെസ്റ്റ് പേപ്പർ എഴുതുമ്പോൾ തെറ്റുവരുത്തുകയോ ചെയ്താൽ സാറാമ്മ ടീച്ചറിൻറെ വടി തുടയിൽ പതിക്കും. നിക്കർ ഇട്ട ആൺകുട്ടികളെ തറയിൽ ഇരിക്കുന്ന അവസ്ഥയിൽത്തന്നെ തുടയിൽ അടിക്കാൻ പാകത്തിന് നീണ്ട ചൂരലാണ് ടീച്ചറിൻറെ കൈവശം ഉള്ളത്.

ഓണപ്പരീക്ഷയുടെ ആദ്യ ഭാഗത്തുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതിക്കഴിഞ്ഞു. ചോ‍ദ്യപേപ്പറിൻറെ രണ്ടാം പുറത്തുള്ള ചോദ്യങ്ങൾ വായിച്ച് ഉത്തമെഴുതുകയാണ്. അതാ ഒരു ചോദ്യം ഊട്ടിയിൽ തണുപ്പ് കൂടുതലാത് എന്തുകൊണ്ട്?

ചോദ്യം പലപ്രാവശ്യം വായിച്ചു. ഉത്തരം എഴുതാൻ കഴിയുന്നില്ല. ആ കാലത്ത് ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ചില ആൺകുട്ടികൾക്ക് 15 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകും. ഷർട്ടിലെ ആദ്യ രണ്ടു ബട്ടൺ ഇല്ലാതെ വരുന്ന ആൺകുട്ടികൾക്ക് അടികൊടുത്ത് ഊട്ടിയിലെ ബട്ടൺ ഇടെടാ എന്ന് വഴക്ക് പറയുന്ന ഒന്ന് രണ്ട് പുരുഷ അധ്യാപകർ അന്ന് സ്കൂളിൽ ഉണ്ട്. ഇത് ഓർമ്മിച്ച ഞാൻ പല പ്രാവശ്യം എൻറെ കഴുത്തിൽ കൈ വച്ചു നോക്കി. തണുപ്പ് ഇല്ലായെന്നു മാത്രമല്ല, മറ്റു ശരീര ഭാഗങ്ങളായ കൈപ്പത്തി, കാല് എന്നിവയെ അപേക്ഷിച്ച് ഊട്ടിൽ ചൂട് കൂടുതലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരിക്കൽ കൂടെ കഴുത്തിനുചുറ്റും കൈകൊണ്ട് തടവിയ ഞാൻ ഉത്തരമെഴുതി. ഊട്ടിയിൽ തണുപ്പില്ല, പനി വരുമ്പോൾ ഊട്ടിയിൽ ചൂട് കൂടുകയും ചെയ്യും.

ഓണത്തിൻറെ അവധി കഴിഞ്ഞ് സ്കൂളിൽ എത്തിയ എന്നെ ക്ലാസിൽ എണീപ്പിച്ചു നിർത്തി ഊട്ടിയിൽ ചൂടുണ്ടോടാ എന്ന് സാറാമ്മ ടീച്ചർ ചോ‍ദിച്ചു. അന്ന് ടീച്ചർ, എല്ലാവർക്കും തിരുത്തിയ ഉത്തരപേപ്പർ കൊടുത്ത് ഓരോരുത്തരുടെയും മാർക്ക് ഒരു ബുക്കിൽ എഴുതിയതല്ലാതെ ഒന്നും പഠിപ്പിച്ചില്ല. പിറ്റേദിവസം സാമൂഹ്യപാഠം പഠിപ്പിച്ചത് സാവിത്രി ടീച്ചറാണ്. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന സ്ഥലങ്ങളിൽ തണുത്ത കാലാവസ്ഥ ആണെന്നും ഊട്ടി, നീലഗിരി എന്നീ സ്ഥലങ്ങൾ വളരെ തണുപ്പുള്ള സുഖവാസകേന്ദ്രങ്ങൾ ആണെന്നും സാവിത്രി ടീച്ചർ പഠിപ്പിച്ചു. പിന്നെയുള്ള സാമൂഹ്യപാഠം മുഴുവൻ പഠിപ്പിച്ചത് സാവിത്രി ടീച്ചർ ആണ്. സാറാമ്മ ടീച്ചർ ഇതിനകം മെറ്റേർണിറ്റി ലീവെടുത്ത് പോയിരുന്നു.

ഇപ്പോഴും കഴുത്തിൽ കൈ വയ്ക്കുമ്പോൾ പഴയ ചോദ്യം മനസിൽ വരാറുണ്ട്.


ഡോ. ഡി.എ. ഇവാൻസ്

റിട്ട. അസോ. പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ്

പൂർവ്വ വിദ്യാർത്ഥി