ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ

സ്കൂൾ കാലം.. കാലമേ നീയൊന്ന് തിരിഞ്ഞു കറങ്ങുമോ.

----------------------------------------------------------------------------------

സ്കൂൾ ഓർമ്മകൾ ഇഷ്ടമില്ലാത്തവരുണ്ടാകുമോ. ഇല്ലെന്നുള്ളതാണ് സത്യം! അതെ ബാല്യത്തിലെ പള്ളിക്കൂട സ്മരണകൾ ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കുന്നവരാകും നമ്മളെല്ലാവരും. പിഞ്ചു കുട്ടികൾ അണിഞ്ഞൊരുങ്ങി അതിരാവിലെ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ അക്ഷരം പഠിയ്ക്കാനായി ആദ്യമായി ഒരു വിദ്യാലയത്തിന്റെ പടി ചവിട്ടിക്കയറിയത് നമ്മളും ഓർക്കാറില്ലേ. !

കുറച്ച് ദിവസം മുംബ് എന്നെ ജി.യു.പി.എസ്. എന്ന വാട്സപ്പ് ഗ്രൂപിലേക്ക് നാസർ കുരിക്കൾ ആഡ് ചെയ്തപ്പോൾ എന്റെ മനസ്സിനെ വർഷങ്ങൾക്ക് പിന്നോട്ട് വലിച്ചു കൊണ്ട് പോയി. അതും സത്യത്തിലെ വലിയൊരു സത്യം.

കല്ലു പെൻസിൽ പോലെ തന്നെ കുറച്ചു വില കൂടിയ പാൽ പെൻസിലും, അതുപോലെ പുതിയ സ്ലേറ്റ്, പുതിയ കുട, പുതിയ പുസ്തകങ്ങൾ, അതൊക്കെ പെറുക്കി വെക്കാനുള്ള അലുമിനിയം പെട്ടി, പുതിയ കുപ്പായം കൂടെ പുതിയ ട്രൌസറും. ഒരു പുത്തനുണർവിന്റെ നിറവിൽ ഒരു പുതിയ മേച്ചിൽപ്പുറം തേടി ചെമ്മനാട് ജി.യു.പി.എസി ലേക്ക് ഞാൻ കടന്നു വന്ന ആ ദിനങ്ങൾ. പുതിയ കൂട്ടുക്കാർ, കുറെ കരയുന്ന മുഖങ്ങൾ... എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ...

ചന്ദ്രിഗിരി പുഴയുടെ താരാട്ടുകേട്ട് വളരുന്ന കുട്ടികൾ, ടീച്ചറുടെ കണ്ണ് വെട്ടിച്ചു ജനലിലൂടെ പുഴയെ നോക്കിയിരിക്കാൻ എന്ത് രസമായിരുന്നു. വർഷങ്ങൾ കടന്നു പോയി നമ്മളറിയാതെ, ആ സ്കൂളിനെയും പുഴയെയും നമ്മൾ മറന്നു കൊണ്ടിരിക്കെയാണ്. ആ സ്കൂളിൽ പഠിച്ചവരുടെ ഒരു ഒത്തു ചേരൽ അതാണ്‌ വാട്സപ്പിലൂടെ. നമ്മുടെ സ്വന്തം നാസർ കുരിക്കളിലൂടെ ഇവിടെ സാധ്യമായിരിക്കുന്നത്.

പ്രാരാബ്ധങ്ങളുടെ ചിന്തകളാൽ മനസ്സ് കലുഷിതാമാ‍യ ഈ സമയത്ത് നമ്മുടെ സ്കൂൾ ജീവിതത്തിന്റെ മധുരമൂറുന്ന ഓർമ്മകകളിലേക്ക് കൈപിടിച്ച് തിരിച്ച് കൊണ്ടു പോയതിനു നന്ദി എന്ന വെറും വാക്കിൽ ഒതുങ്ങുമോ?....

"നൊസ്റ്റാൾജിയ..."

സ്വന്തം ബാല്യത്തിലൂടെ....

ഒന്ന് തിരിച്ചു പോകാൻ ആഗ്രഹമില്ലാത്തവരുണ്ടാകുമോ...

അടിയോടി മാഷും, തമ്പാൻ മാഷും, വസിസ്റ്റൻ മാഷും, പത്മാവതി ടീച്ചറും, പിള്ള സാറും, റഹ്മാൻ ഉസ്താദും മനസ്സിന്റെ ഏതോ കോണിൽ നമ്മെ നോക്കി ചിരിക്കുന്നു...അവരോടുള്ള സ്നേഹവും ആദരവും നമ്മൾ ഇപ്പോഴും മനസ്സിൽ താലോലിക്കുന്നു. ആരെയാണ് നമ്മുക്ക് മറക്കാൻ കഴിയുക. ചന്ദ്രിഗിരി പുഴയിൽ തോണി കുത്തി അക്കരയ്ക്കും ഇക്കരയ്ക്കും നമ്മെ കടത്തിയ തോണിക്കാരെ, സ്കൂളിന്റെ മുറ്റത്ത് പത്തു പൈസക്ക് "ഐസ് കണ്ടി" വിറ്റ് ഉപജീവനം നടത്തിയിരുന്ന നമ്മുടെ "ഐസ് മമ്മുച്ച", കടവത്തിന്റെ ബോധ മനസ്സ് "കോയി കള്ളൻ" മമ്മൂച്ച, അഞ്ച് പൈസക്ക് ചേക്കര മുട്ടായി വിറ്റിരുന്ന തമിഴ് സ്ത്രീ..... ബാല്യകാല സ്മരണകൾ വീണ്ടും ഓർമിപ്പിച്ച എന്റെ കൂട്ടുക്കാരാ നന്ദി.

നൂറ്റി ചില്വാനം വർഷമായത്രെ നമ്മുടെ സ്കൂളിന്. അതും ആ ഗ്രൂപ്പിൽ നിന്നും കിട്ടിയ പുതിയ ഒരു അറിവാണെനിക്ക്. കേരളത്തിൽ തന്നെ അങ്ങനെയുള്ള സ്കൂളുകൾ അപൂർവമായിരിക്കും എന്നാണ് തോന്നുന്നത്. അപ്പോൾ കുറെ വർഷങ്ങൾ പിറകോട്ടു നോക്കിയാൽ നമ്മുടെ ഉപ്പമാരും അവര്ക്കു മുമ്പ് നമ്മുടെ ഉപ്പൂപ്പമാരും പഠിച്ചിരുന്ന വിദ്യാലയം. ചിലപ്പോൾ അവർ ഇരുന്ന അതേ മരബെഞ്ചിലായിരിക്കാം നമ്മളും ഇരുന്നു പഠിച്ചത്. പള്ളികളും അമ്പലങ്ങളും പള്ളിക്കൂടങ്ങളെ വിലക്ക് വാങ്ങുന്ന ഈ കാലത്ത് പള്ളിയുടെ കെട്ടിടത്തിൽ വർഷങ്ങളായി ഒരു സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നത് നമ്മുടെ സ്കൂളിന്റെ പ്രത്യേകതയല്ലാതെ പിന്നെ എന്താണ്.

കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌... !!!

ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ