എസ്. ബി. എസ്. ഓലശ്ശേരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
എന്റെ സ്കൂൾ
സീനിയർ ബേസിക് സ്കൂൾ ഇതെന്റെ സ്കൂളാണ്.ഞാൻ പഠിച്ചു വളർന്ന സീനിയർ ബേസിക് സ്കൂൾ എന്ന എന്റെ പ്രിയപ്പെട്ട യു. പി.സ്കൂൾ. പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഓലശ്ശേരി എന്ന സുന്ദര ഗ്രാമത്തിന്റെ മടിത്തട്ടിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലമുറകൾക്ക് പിന്നാലെ തലമുറകളായി വളർച്ചയുടെ കല്പടവുകൾ ചവിട്ടികയറിയ എത്രയോ തലമുറകൾ സീനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന്റെ മണികോവിലിൽ തൊഴുതു മടങ്ങിയിരിക്കുന്നു. ആ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ് ഞാൻ. ആ ഓർമ എന്നെ വികാരഭരിതനാക്കുന്നു.
സഹദേവൻ മാസ്റ്റർ, ദണ്ഡപാണി മാസ്റ്റർ എന്ന പേരുകൾ കേൾക്കുമ്പോഴേ പേടിച്ച് എന്റെ മുട്ടിടിക്കുമായിരുന്നു. തല കുമ്പിടിപ്പിച്ചു മുതുകത്തു കുത്തുന്ന ബാലകൃഷ്ണൻമാസ്റ്റർ,കൈവെള്ളയിൽ ചൂരൽ കൊണ്ട് ആഞ്ഞടിക്കുന്ന സുകുമാരൻ മാസ്റ്റർ, ഒരു വശം തല ചരിച്ചു മനോഹരമായി ദേശീയഗാനം ആലപിക്കുന്ന ചന്ദ്രശേഖരൻ മാസ്റ്റർ,പച്ചവെള്ളം പോലെ ഹിന്ദി ക്ലാസ്സെടുക്കുന്ന സുലോചന ടീച്ചർ,കയ്യക്ഷരം നന്നാവാൻ വേണ്ടി നിരന്തരം കോപ്പിയെഴുതിപ്പിക്കുന്ന പ്രിയപ്പെട്ട മലയാളം അധ്യാപിക മണിയമ്മ ടീച്ചർ.............. തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും മരണത്തെ വരിച്ചവരും അവരിൽ നിക്ഷിപ്തമായിരിക്കുന്ന വിജ്ഞാനനിധി എന്റെ ആത്മാവിലേക്കു പകർന്നു തന്നവരായിരുന്നു. അതെന്റെ അന്തർനേത്രങ്ങളെ തുറന്നു തന്നു. അവർ പകർന്ന ആ അറിവിന്റെ പ്രകാശത്തിൽ എന്നിലെ അജ്ഞനാന്ധകാരം അലിഞ്ഞില്ലാതാവുകയും ചെയ്തു. ആ ഗുരുനാഥന്മാരെ ഞാൻ ആദരപൂർവം ഓർമിക്കുന്നു.
രുചിയേറിയ ഗോതമ്പ് ഉപ്പുമാവ് കൂടുതൽ കിട്ടാൻ വേണ്ടി ഉപ്പുമാവ് ഉണ്ടാക്കിയ ചെമ്പ് തലയിൽ കമിഴ്ത്തി സ്കൂളിനപ്പുറത്തുള്ള അമ്പലക്കുളത്തിൽ കൊണ്ടുപോയി എത്രതവണ കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്നോ...? ഹെഡ്മാസ്റ്ററുടെ ഓഫീസിനു മുന്നിലുള്ള മാങ്ങ മരത്തിൽ കയറി പറിച്ചു തിന്ന മാങ്ങകളുടെ കണക്കില്ല...സ്കൂളിലെ ചോക്ക് നിർമാണത്തിലും ഞാൻ സജീവമായിരുന്നു.
സമ്പന്നമായ കുടുംബങ്ങളിലെ അംഗങ്ങളല്ല അന്നത്തെപ്പോലെ ഇന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. എങ്കിലും പഠനത്തിലും മറ്റു വിഭാഗ ങ്ങളിലും നാളിതുവരെ ഉണ്ടായിട്ടില്ലാത്ത ബഹുമതികൾ നേടിക്കൊണ്ട് സീനിയർ ബേസിക് സ്കൂൾ നാടിനും നാട്ടുകാർക്കും അഭിമാനമായിത്തീർന്നിരിക്കുന്നു എന്നത് അഭിമാനത്തോടെ, ആഹ്ലാദത്തോടെ വികാരങ്ങൾ കൊണ്ട് വാക്കുകൾ തൊണ്ടയിൽ തടഞ്ഞു പോകുന്ന ശബ്ദത്തോടെ എനിക്ക് പറയാൻ കഴിയും.
ഈ നേട്ടങ്ങൾക്ക് പിന്നിൽ ഊർജസ്വലരായ കുറേ അധ്യാപകരുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടവ തന്നെ.'എല്ലാറ്റിനും വേണം ചിട്ട അല്ലെങ്കിൽ നാമെല്ലാം ഇട്ടുപോവും മുട്ട 'എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ പോലെ എല്ലാറ്റിനും ചിട്ടയുള്ള എഴുത്തിലും വരയിലും മികവ് തെളിയിച്ച അധ്യാപകർ ഈ സ്കൂളിന്റെ അഭിമാനമാണ്.ജനിപ്പിക്കുന്ന മാതാപിതാക്കളെക്കാൾ ഈ അധ്യാപകർ കുട്ടികൾക്ക് ജീവൻ നൽകുന്നു. അവർക്ക് നല്ല ജീവിതം ഉറപ്പ് വരുത്തുന്നു.മതത്തിന്റെ ജാതിയുടെ സാരം സ്നേഹമാണ് എന്ന് കണ്ടറിഞ്ഞു അതിനനുസരിച്ചു കുട്ടികളുടെ ജീവിതത്തെ അവർ ക്രമപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിനുള്ള സ്ഥാനം പഠനത്തിൽ മാത്രമല്ല എന്ന തിരിച്ചറിവ് ഉൾക്കൊണ്ട് പഠനത്തോടും പരീക്ഷയോടുമൊപ്പം കളിയും ചിരിയും ആട്ടവും പാട്ടും താളവും മേളവുമൊക്കെ വിദ്യാർത്ഥികൾക്ക് സജീവ് മാഷും കൂട്ടരും പകർന്നു നൽകുന്നു. പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗകനാവാനും, പാടാൻ കഴിവുള്ളവൾക്ക് പാട്ടുകാരിയാവാനും, ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനും, ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാവാ നും ഇത്തരമൊരു പഠന സംവിധാനവും പരിശീലനക്രമവും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ...
ഇതിന് പുറമെ സ്കൂളിൽ കുട്ടികൾക്ക് വേണ്ടിയൊരുക്കുന്ന പഠന -പരിശീലന പരിപാടികൾ, സാഹിത്യ സമാജം, ശാസ്ത്രമേള, കായികമേള, പ്രവൃത്തി പരിചയമേള, കയ്യെഴുത്ത് മാസിക, സേവനവാരം, കൃഷി പരിശീലനം എന്നിങ്ങനെ അവയുടെ എണ്ണവും ചെറുതല്ല.അറിവില്ലായ്മയുടെ അന്ധകാരം തുടച്ചു നീക്കുന്ന ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ പുതു തലമുറയിലെ ഈ അധ്യാപകരെയും ഞാൻ നമിക്കുന്നു.
ഈ സ്കൂളിൽ നിന്ന് വരം വാങ്ങി ജീവിതത്തിന്റെ സമരാങ്കണത്തിലേക്ക് വർധിത വീര്യത്തോടെ ഇറങ്ങിത്തിരിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് 'വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്തെന്ന് നിരന്തര പരിപോഷണത്തോടെ സ്വായത്തമേകുന്ന എന്റെ വിദ്യാലയത്തിലെ അദ്ധ്യാപകരെയും പ്രത്യേകിച്ചു ഹെഡ്മാസ്റ്ററെയും ഞാൻ അഭിനന്ദിക്കുന്നു. എന്റെ സ്കൂളിന്റെ വിജയങ്ങളുടെ ശിൽപികൾ ഈ അദ്ധ്യാപകരാണെന്നു അഭിമാനത്തോടെ ഞാൻ ചൂണ്ടികാണിക്കുന്നു.
അർപ്പണബുദ്ധിയോടെയുള്ള അവരുടെ യത്നം എന്റെ സ്കൂളിലേക്ക് കൂടുതൽ കൂടുതൽ വിജയങ്ങൾ വീണ്ടും കൊണ്ടുവരട്ടെ എന്ന് സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയായ ഞാൻ ആശംസിക്കുന്നു
പവിത്രൻ ഓലശ്ശേരി (പൂർവ വിദ്യാർത്ഥി ) എഴുത്തുകാരൻ, പത്രപ്രവർത്തകൻ.