വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

വി പി എസ് ഹയർസെക്കൻഡറിൽ തങ്ങളുടെ അറിവ് പകർന്നു നൽകിയവർക്കും അറിവ് സ്വായത്തമാക്കിയവർക്കും വിദ്യാലയത്തിന്റെ അനുഭവങ്ങൾ ധാരാളം പറയാനുണ്ട്. ഈ അങ്കണത്തിൽ തന്റേതായ മികവുകൾ കാഴ്ചവച്ചിട്ട് പിരിഞ്ഞു പോയ അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു


എൻറെ വിദ്യാലയ ഓർമ്മകൾ

വെങ്ങാനൂർ വി പി എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻറെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു എൻറെ വളർച്ചയിൽ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണെന്ന വസ്തുത കൃതജ്ഞത പൂർവ്വം സ്മരിക്കുകയും ചെയ്യുന്നു കുട്ടിക്കാലത്തെ ആ നല്ല ദിവസങ്ങളെ ഗൃഹാതുര സ്മരണകളുടെ മാത്രമേ ഓർക്കുവാൻ സാധിക്കൂ എൻറെ മാതാവ് ശ്രീമതി കമലാ ഭായ് ഗേൾസ് ഹൈസ്കൂളിൽ കായികാധ്യാപിക ആയിരുന്നു അതുകൊണ്ടുതന്നെ എനിക്ക് അധ്യാപകരുടെ വാത്സല്യവും സ്നേഹവും ആവോളം ലഭിച്ചിട്ടുണ്ട് ഞാനും എൻറെ അനുജന്മാരും ഏതാണ്ട് ഒരേകാലത്ത് തന്നെ സ്കൂളിൽ പഠിച്ചിരുന്നതിനാൽ പേരിലെ സാമ്യം കൊണ്ട് തന്നെ ഞങ്ങളെല്ലാവർക്കും സുപരിചിതമായിരുന്നു

അന്നത്തെ മാനേജർ സരസ്വതി അമ്മ അവർകൾക്ക് ഞങ്ങളോടുണ്ടായിരുന്ന വാത്സല്യവും സ്നേഹവും എടുത്തു പറയേണ്ടതാണ് യശശരീരരായ എല്ലാ ഗുരു സ്ഥാനിയരെയും ഞാൻ ഈ അവസരത്തിൽ പ്രണമിക്കുന്നു. അന്നത്തെ പ്രഥമാധ്യാപകനായ ശ്രീ പരമേശ്വരൻ നായർ സാറിനെ ഞാനീ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു. അധ്യയനത്തിലും അച്ചടക്കത്തിലും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കണിശതയോടുള്ള അദ്ദേഹത്തിൻറെ സമീപനം എല്ലാവരിലും അത് മതിപ്പുളവാക്കിയിരുന്നു അന്ന്സ്കൂളിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നുവെന്ന് എനിക്ക് തർപ്പിച്ച് പറയാനാകും കഴിവും കർമ്മകുശലതയും കൈമുതലായിരുന്ന ഒരു അധ്യാപക വൃന്ദം സ്കൂളിനെ ഒരു ശ്രേഷ്ഠമായ വിദ്യാപീഠമാക്കി മാറ്റി സർവ്വശി പരമേശ്വരൻ നായർ സാർ രാമകൃഷ്ണൻ നായർ സാർ കൃഷ്ണൻ നായർ സാർ പ്രേമചന്ദ്രൻ നായർ സാർ ഗോപിനാഥൻ നായർ സാർ ചന്ദ്രശേഖരൻ നായർ സാർ നാരായണൻ നായർ സാർ മനോരമ ടീച്ചർ വസന്ത പണിക്കർ ടീച്ചർ വസുമതി ടീച്ചർ തുളസി ടീച്ചർ എന്നിങ്ങനെ ഞങ്ങളുടെ പഠനത്തെയും സ്വഭാവത്തെയും സ്വാധീനിച്ച ഒട്ടേറെ പ്രതിഭാധനരെ ഞാനിന്നും പ്രാർത്ഥനയോടെ സ്മരിക്കുന്നു ആ ഗുരുത്വവും അനുഗ്രഹവും എന്നും എനിക്ക് ഊർജ്ജദായകമായ ചൈതന്യമാണെന്ന് ആദരവോടെ ഞാൻ തിരിച്ചറിയുന്നു ഭാരത് സ്കൗട്ട്സിന്റെ അധ്യാപകനായിരുന്ന പരേതനായ സാറിനെ ഞാനീ അവസരത്തിൽ സ്നേഹബഹുമാനങ്ങളുടെ സ്മരിക്കുന്നു രാഷ്ട്രപതി പുരസ്കാരം വരെ കരസ്ഥമാക്കാൻ ആയത് അദ്ദേഹത്തിൻറെ പ്രോത്സാഹനം കൊണ്ട് കൂടിയായിരുന്നു എന്നത് ആദരവോടെ സ്മരിക്കുന്നു എൻറെ സഹപാഠികളായ ഷൈജു കേ സോളമൻ വിധു കുമാർ ജയകുമാർ എന്നിങ്ങനെ ആ കാലഘട്ടത്തിൽ തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ച ഒട്ടേറെ മികച്ച വിദ്യാർത്ഥികളെ എൻറെ ഈ വിദ്യാലയം നമ്മുടെ സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്

ഡോക്ടർ പി കെ റോസ് ബിസ്റ്റ്

(ലേഖകൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോസർജനം സി എസ് ഐ സൗത്ത് കേരള ഡയസിന്റെ സെക്രട്ടറിയുമാണ്)

മഹോത്സവ കാലം

ഈ വിദ്യാലയത്തിൽ ഞാൻ ആദ്യമായി പ്രവേശിച്ചിട്ട് 32 വർഷം കഴിഞ്ഞിരിക്കുന്നു അക്കാലത്ത് ഈ വിദ്യാലയത്തെ അക്കാലത്ത് ഞങ്ങളുടെ നാട്ടുകാർ കച്ചേരി നട സ്കൂൾ എന്നാണ് വിളിച്ചിരുന്നത് കച്ചേരി എന്നത് മലയാളത്തിൽ രജിസ്റ്റർ ഓഫീസിനെ പണ്ട് പറഞ്ഞിരുന്ന പേരായിരുന്നു ചാവടി എന്നത് മലയാളത്തിൽ വില്ലേജ് ഓഫീസിന് പണ്ട് പറഞ്ഞിരുന്ന പേരും നമ്മുടെ നാട്ടിൽ അന്ന് രണ്ട് സർക്കാർ സ്കൂളുകളേ ഉണ്ടായിരുന്നുള്ളു .ഒന്ന് ചാവടിയും മറ്റേത് കച്ചേരിയും രണ്ടിന്റെയും സമീപത്ത് വിദ്യാലയങ്ങളും സ്ഥിതി ചെയ്തിരുന്നു 300 ഓളം കുട്ടികൾ പഠിച്ചിരുന്ന യുപി സ്കൂളിൽ നിന്ന് രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ വന്നുചേർന്നപ്പോൾ ഒരു വലിയ ഉത്സവപ്പറമ്പിൽ എത്തിയ പ്രതീയതിയായിരുന്നു വർണ്ണഭംഗിയുള്ള പൂക്കാലം പോലെ വിവിധ വർണ്ണങ്ങൾ വാരിവിരിയും പോലെ ഭാരതത്തിൽ ഉടനീളം നവോത്ഥാന ചിന്തകളും പ്രവർത്തനങ്ങളും രാജ്യസ്നേഹവും പടർന്നുപന്തലിക്കുന്ന ഉഷസ്സുകളിലാണ് നമ്മുടെ കച്ചേരി നട സ്കൂൾ എന്ന നാട്ടുകാർ വിളിപ്പേര് നൽകിയ വെങ്ങാനൂരിലെ വിദ്യാനികേതനത്തിന്റെ ജനനം ഉൽപ്പതിഷ്ണുവും ധിക്ഷണാശാലിയുമായ ശ്രീ എം വിക്രമംപിള്ള ജന്മം നൽകിയ ഈ സരസ്വതി ക്ഷേത്രത്തിന് ഇന്ന് 100 വയസ്സ് തികഞ്ഞിരിക്കുന്നു

ബെർലിൻ സ്റ്റീഫൻ

(ഈ സ്കൂളിലെ ഇപ്പോഴത്തെ പിടിഎ പ്രസിഡൻറ്)

അയ്യങ്കാളിയുടെ ജന്മനാട്ടിൽ

വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു അയ്യങ്കാളിയുടെ ജന്മഭൂമിയും കർമ്മ ഭൂമിയുമായ വെങ്ങാനൂർ വെങ്ങാനൂരിലെ ഇംഗ്ലീഷ് മിഡിൽ സ്കൂളിലേക്ക് നിത്യവും നടന്നായിരുന്നു യാത്ര.അന്ന് വെങ്ങാനൂർ കലിയൂർ കോട്ടുകാൽ പഴയ തിരുവല്ലം വിഴിഞ്ഞം പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശത്തെ ഏക ഇംഗ്ലീഷ് മീഡിയം മിഡിൽ സ്കൂൾ ആയിരുന്നു അത്. പിന്നീട് അത് വളർന്ന് വെങ്ങാനൂർ ഹൈസ്കൂളായും തുടർന്ന് വി പി എസ് ഹയർ സെക്കൻഡറി സ്കൂൾ ആയി മാറി. പ്രീ പ്രൈമറി ക്ലാസ്സും ഒന്നു മുതൽ മൂന്നു വരെയുള്ള മിഡിൽ സ്കൂളിലും ഓരോ ക്ലാസും ഓരോ ഡിവിഷനും മാത്രം ഉണ്ടായിരുന്നതായിരുന്നു. ഓരോന്നിലും 30 ൽ താഴെ വിദ്യാർഥികൾ ആകെ 6 അധ്യാപകർ ഓരോ ക്ലാസ്സിലേക്കും ഓരോ ക്ലാസ് ടീച്ചറും ഒരു മലയാളം മുൻഷിയും ഒരു ഡ്രോയിങ് ഡ്രിൽ മാസ്റ്ററും. ആ നാളുകൾ ഓർക്കുന്നു. ഹെഡ്മാസ്റ്റർ നാഗംപിള്ള സാറായിരുന്നു സ്കൂളിൻറെ നട്ടെല്ല്. പാണ്ഡിത്യവും കൃത്യനിഷ്ഠയും ആയിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. സ്കൂളിലെ ഓരോ കുട്ടിയെയും അദ്ദേഹത്തിന് നേരിട്ട് അറിയാമായിരുന്നു. എല്ലാവരുടെയും കഴിവുകൾ കുറവുകൾ എന്നിവ കണ്ടെത്തി അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകും. പഠനത്തിൽ ഉന്നത നിലവാരം നിഷ്കർ സ്കൂൾ വേഗം പേരെടുത്തു. തുച്ഛമായ ശമ്പളത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്. മഹത്തായ സേവനം എന്ന നിലയിലാണ് അവരതിനെ കണ്ടിരുന്നത്. അധ്യാപകരിൽ ഭൂരിഭാഗം പേർക്കും പ്രതിമാസം ഏഴു മുതൽ പത്തുവരെ രൂപയായിരുന്നു ശമ്പളം. സർക്കാരിൽ നിന്ന് കിട്ടുന്ന ചെറിയൊരു ഗ്രാൻഡും കുട്ടികളിൽ നിന്നുള്ള ഫീസും ആയിരുന്നു വരുമാനസ്രോതസ്സ് സർക്കാർ സ്കൂൾ അധ്യാപകരുടെ ശമ്പളത്തിന്റെ പകുതിയാണ് സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നൽകിയിരുന്നത്. ഭാരത സർക്കാറിന്റെ മറൈൻ ബയോളജി ഉപദേഷ്ടാവ് പദവി വരെ എത്തിയ ലോകപ്രശസ്ത സമുദ്രജന്തു ശാസ്ത്രജ്ഞനും തിരുവനന്തപുരം പോളിയോ ഹോം സ്ഥാപകനുമായ ഡോക്ടറെ ജോൺസ്. ആ പ്രദേശത്തുനിന്ന് ആദ്യമായി മജിസ്ട്രേറ്റ് പദവിയിലെത്തിയ രാമകൃഷ്ണൻ നായർ. അദ്ദേഹത്തിൻറെ മകൻ മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എംആർ ഹരിഹരൻ നായർ. പ്രമുഖ ചിത്രകല നിരൂപകനും ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ആയ ഈ എം ജെ വെണ്ണിയൂർ തുടങ്ങി പ്രഗൽഭരായ നിരവധി ശാസ്ത്രജ്ഞരെയും ന്യായാധിപരെയും അഭിഭാഷകരെയും എഴുത്തുകാരെയും സൈനികരെയും അധ്യാപകരെയും രാഷ്ട്രീയ നേതാക്കളെയും ഒക്കെ വാർത്തെടുത്ത സ്കൂൾ ആണിത്.

അജിത്ത് വെണ്ണിയൂർ

(പത്രപ്രവർത്തകനായ ലേഖകൻ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്)