സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശക്തി

മാറി വരുന്ന ഓരോ കാലാവസ്ഥയെയും നേരിടാൻ നമ്മുടെ ശരീരം എത്രത്തോളം തയാറെടുപ്പുകൾനടത്തുന്നുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതാണ്. അതിനായ് ധാരാളം ഊർജവും പോഷകങ്ങളും ശരീരത്തിന് ആവശ്യമാണ്.അതിനാൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചും, ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യ വസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ നാം ശ്രദ്ധിക്കേണ്ടതുമാണ്. ഒരു വ്യക്തിയുടെ പൂർണ ആരോഗ്യത്തിനു നിദാനമായ പോഷകഘടകങ്ങളെല്ലാം കൃത്യമായ അളവിൽ അടങ്ങിയിട്ടുള്ള ആഹാരക്രമം പാലിച്ചാലേ ശരിയായ ആരോഗ്യം നിലനിർത്താനാകു. അത്തരത്തിൽ ശരീരത്തിനു വേണ്ട എല്ലാ പോഷകഘടകങ്ങളെല്ലാം ആവശ്യമായ അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സമീകൃത ആഹാരം. ഓരോ കാലാവസ്ഥ മാറുമ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറയുകയും രോഗകാരണങ്ങൾ ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു. അതിനാൽ ഓരോ കാലാവസ്ഥക്കും അനുയോജ്യമായ ഭക്ഷണരീതി ശീലിക്കുന്നതോടൊപ്പം രോഗങ്ങളെ അതിജീവിക്കുകയും അകറ്റി നിർത്തുകയും വേണം. അതിനായി ആഹാരരീതികളിലും ജീവിത രീതികളിലും എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം. ആദ്യമായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധയുണ്ടാകണം. അതായത് ശുദ്ധമായതും, പ്രകൃതി ദത്തവും, എളുപ്പം ദഹിക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. ധാരാളം ആന്റി ഓക്സിഡന്റുകളും വൈറ്റമിനും നിറഞ്ഞ പച്ചക്കറികളും പഴങ്ങളും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഊർജം നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും വളരെ പ്രധാനമാണ്. ഇങ്ങനെ ശരിയായ ഒരു ഭക്ഷണക്രമവും, മാനസിക ഉല്ലാസവും, ചെറു വ്യായാമങ്ങളും, നല്ല ഉറക്കവും നാം ഉറപ്പുവരുത്തിയാൽ ഏതു കാലാവസ്ഥയിലും രോഗങ്ങളില്ലാതെ ഉന്മേഷത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും. എന്നാൽ നമ്മുടെ ജീവിതശൈലി മാറുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും കൂടിവരികയാണ് ഈ കാലഘട്ടത്തിൽ. നമ്മുടെ ഭക്ഷണ ശൈലിയിലും പാചക രീതിയിലും സംഭവിച്ച വലിയ വെതിചലനങ്ങളും കൊഴുപ്പുകൾ അടങ്ങിയ ആഹാരവസ്തുക്കളുടെ അമിത ഉപയോഗവും നമ്മുടെ രോഗപ്രതിരോധശക്തി കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടാതെ വ്യക്തി ശുചിത്വം ഇല്ലായ്മ, പരിസര മലിനീകരണം, എന്നിവയും നമ്മുടെ രോഗപ്രതിരോധശക്തി കുറയ്ക്കുന്നു. ഇങ്ങനെ ജീവിക്കുന്ന ഒരു മനുഷ്യന് നേരിടാനുള്ള ഏറ്റവും വലിയ ശത്രു പലതരത്തിലുള്ള വൈറസുകൾ ആണെന്ന് കാണാം. കാരണം ജലദോഷം മുതൽ നിപ്പ വരെ പരത്തുന്ന വൈറസുകളുടെ ലോകം നാം കണ്ടതാണല്ലോ. അതിനേക്കാളുപരി ഇന്ന് ലോകത്താകമാനം നേരിടുന്ന കൊറോണ എന്ന വൈറസിനെ നിർമാർജനം ചെയ്യാനും, മരുന്ന് കണ്ടു പിടിക്കാനോ ആർക്കും സാധിച്ചിട്ടില്ല. ആയതിനാൽ കാണപ്പെടാത്ത രോഗാണുക്കളെ നേരിടുന്നതിന് പ്രതിരോധ മാർഗ്ഗങ്ങൾ ശീലിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. കാലാവസ്ഥ യുടെയും കാലഘട്ടത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ ജീവിത ശൈലി യോടൊപ്പം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കേണ്ടതുമാണ്. പോഷകാഹാരം, വ്യായാമം, വ്യക്തി ശുചിത്വം, പരിസര സംരക്ഷണം എന്നീ കാര്യങ്ങൾക്ക് കൂടുതൽ മുൻതൂക്കം കൊടുത്ത് നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും.

അതുല്യ
7 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം