ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ കൗൺസിലിംഗ്
നാളെയുടെ വാഗ്ദാനങ്ങളാണ് ഇന്നത്തെ കുട്ടികൾ. നാളെയുടെ നല്ല പൗരന്മാരെ വാർത്തെടുക്കുന്ന ഇടമാണ് ഓരോ വിദ്യാലയങ്ങളും. വിദ്യാഭ്യാസമേഖല ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും, നമ്മുടെ മക്കളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ വളരെ പ്രസക്തി നൽകിവരുന്നുണ്ടെങ്കിലും ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നമ്മുടെ മക്കൾ ഇന്ന് കടന്നുപോകുന്നത്. വിദ്യാലയത്തിൽ ഒരു കൗൺസിലറിന് എന്താണ് റോൾ ഉള്ളതെന്ന് ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ല. അപ്പോൾ എന്താണ് കൗൺസിലിങ് എന്നതിൽ നിന്നുതന്നെ തുടങ്ങാം.
മനഃശാസ്ത്രപരമായ ഒരു ചികിത്സാ പദ്ധതിയാണ് കൗൺസിലിംഗ്. മാനസികമായ ആസ്വാസ്ഥ്യ ങ്ങളെ മറ്റുവാനോ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനോ ഉപയോഗിക്കുന്ന മനഃശാസ്ത്രപരമായ ചികിത്സാ മാർഗ്ഗമാണ് കൗൺസിലിംഗ്.കൗൺസിലിങ്ങിന് ഏറെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് മുതിർന്നവർ മാത്രമല്ല കുട്ടികളും വലിയ സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരസ്പരമുള്ള മത്സരങ്ങളുടെയും പരീക്ഷകളുടെയും സമ്മർദ്ദം താങ്ങാൻ കുട്ടികൾക്ക് വളരെ പ്രയാസമാണ്. വിദ്യാർത്ഥികളുടെ സമഗ്ര മേഖലകളിലുമുള്ള വളർച്ചയും വിജയവുമാണ് സ്കൂൾ കൗൺസിലിംഗ് കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ മാനസികവും ശരീരികവും സാമൂഹികവുമായ പഠന വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് പ്രധിവിധികൾ നിർദേശിക്കുകയാണ് സ്കൂൾ കൗൺസിലറുടെ പ്രധാന ചുമതല.
കൗൺസിലിംഗ് വിജയകരമായി പൂർത്തിയാക്കേണ്ടതിന് കൗൺസിലറും കുട്ടിയും തമ്മിലുള്ള വിശ്വാസപൂർണമായ ബന്ധവും സൗഹൃദവും അത്യാവശ്യമാണ്. അതുപോലെതന്നെ നിരന്തരമായ കൂടിക്കാഴ്ചകളും തുറന്നുള്ള സംസാരവും അഭിവാജ്യ ഘടകങ്ങളാണ്. ഒരു കൗൺസിലർക്കും വിദ്യാർഥിക്കും ഇടയിൽ നല്ല സൗഹൃദം രൂപംകൊണ്ടതിനുശേഷം മാത്രമേ വിശ്വാസം വളരുകയും തുറന്നുപറച്ചിലുകൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. അതിനുശേഷവും നിരന്തര കൂടിക്കാഴ്ചകൾകുശേഷം മാത്രമാണ് പ്രശ്ന പരിഹാരങ്ങൾ സാധ്യമാവുക.
കൗൺസിലിംഗ് എന്നത് ഏതുപ്രശ്നത്തേയും പരിഹരിച്ചുകൊടുക്കുന്ന ഒന്നാണ് എന്ന പൊതുവായ ഒരു തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഒരു കുട്ടിയെ തന്റെ പ്രശ്നങ്ങൾ മനസിലാക്കി സ്വയം അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കുക എന്നതാണ് ഒരു കൗൺസിലറുടെ ചുമതല. ഏത് സാഹചര്യത്തെയും നേരിടാൻ കുട്ടികളെ പ്രാപ്ത്തരാക്കുക, സ്വഭാവ രൂപീകരണം, അനാവശ്യ കാര്യങ്ങളോട് 'NO' പറയാനുള്ള ധൈര്യം പകർന്നുകൊടുക്കുക, ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുകയും ചെയ്യുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ക്ലാസ്സുകൾ നൽകുക, കൂടുതൽ സേവനം ആവിശ്യമുള്ള കുട്ടികളെ മാനസികാരോഗ്യ വിദഗ്ധന് കൈമാറുക തുടങ്ങിയവ ഒരു കൗൺസിലറുടെ കടമകളിൽ പെടുന്നു.
കുട്ടികളുടെ വ്യക്തിപരവും സാമൂഹികവുമായ വികാസം മെച്ചപ്പെടുത്താൻ വേണ്ട ഇടപെടലുകളാണ് ഒരു സ്കൂൾ കൗൺസിലർ ചെയ്തുവരുന്നത്. ഈ പ്രവർത്തനത്തിൽ സ്കൂൾ കൗൺസിലർക്കൊപ്പം മാതാപിതാക്കളും അധ്യാപകരും മറ്റു സാമൂഹ്യപ്രവർത്തകരും ഒരുപോലെ പങ്കാളികളാകേണ്ടതുണ്ട്. മാനസികമായ ആരോഗ്യവും ഉന്നമനവും ഉള്ള നാളെയുടെ നല്ല പൗരമാരെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം.
സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലിംഗ് ചുമതല - സൗമ്യ