ജി.എൽ.പി.എസ് പറമ്പിൽപീടിക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
school classrooms

പെരുവള്ളൂർ, ഒളകര, കൊയപ്പ എന്നീ പേരുകളായിരുന്നു ഇന്നത്തെ പെരുവള്ളൂർ ഭൂവിഭാഗത്തിന്റെ കിടപ്പ്. അങ്ങാടിക്ക് പടിഞ്ഞാറുഭാഗം വെള്ളിമുറ്റത്ത് മൂസദിന്റെ കൈവശത്തിലും അങ്ങാടിക്ക് കിഴക്ക് ഭാഗം മംഗലശ്ശേരി ഇല്ലക്കാരുടെയും വകയായിരുന്നു. മംഗലശ്ശേരി നമ്പൂതിരിമാർ കൊയിലാണ്ടിയിൽ നിന്നും വന്ന് താമസമാക്കിയ വരായിരുന്നു . വെള്ളി മിറ്റത്ത് മൂസദ് കുടുംബങ്ങൾ കിഴക്കുനിന്നും വന്നവരായിരുന്നു. പഴയകാലത്തെ പ്രശസ്തിയാർജ്ജിച്ചിരുന്ന നാല് ക്ഷേത്രം വകയായിരുന്നു ഈ രണ്ട് വിഭാഗങ്ങളും . ഇവിടെ അധിപന്മാരായിട്ടാണ് മേൽപ്പറഞ്ഞ വെളളമിറ്റത്തുകാരും മംഗലശ്ശേരിക്കാരും വന്നത്. ഇവർ തങ്ങളുടെ ഭൂമി മറ്റുള്ളവർക്ക് കാണമായി പതിച്ചുനൽകി. പാട്ടത്തിനു നൽകിയവയും ഉണ്ടായിരുന്നു.ഭൂമിയിൽ കൃഷി ചെയ്തിരുന്നവർ ജന്മിക്ക് പാട്ടവും പണവും നൽകി വന്നു.

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഏറെക്കാലം അധികാരികളുടെ ഭരണമായിരുന്നു. അപ്പോഴേക്കും പഴയ ജന്മി കുടിയാൻ ബന്ധം ഒക്കെ അവസാനിക്കാറായിരുന്നു.ഭൂമി അധികവും സാധാരണക്കാരുടെ കൈവശം വന്നു ചേർന്നു. പുതുക്കുടി നായർക്കായിരുന്നു അധികാരച്ചുമതല. പെരുവള്ളൂർ ഭരണം ഇവർ നിർവഹിച്ചു പോന്നു. ഇത്തരം അധികാരികൾക്ക് ശമ്പളമില്ലായിരുന്നു. ഗോപി നായരായിരുന്നു ഇവരിൽ അവസാനത്തെ അധികാരി .തുടർന്ന് ഒതുക്കുങ്ങൽ നാറങ്ങാട്ട് അധികാരിമാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാരായി വന്നു.

കൃഷി മാത്രമായിരുന്നു  സാധാരണക്കാരന്റെ വരുമാനം.വയൽ പാട്ടത്തിനെടുത്തും ചാർത്തി വാങ്ങിയും കൃഷി ചെയ്തു വന്നു. നാട്ടുകച്ചവടവും ഉണ്ടായിരുന്നു. റോഡും വാഹനവും ഇല്ലാത്തതിനാൽ കാർഷികവിഭവങ്ങൾ തലച്ചുമടായി വേങ്ങര, കൊണ്ടോട്ടി, കോഴിക്കോട്, കൊടുവായൂർ , ദേവതിയാൽ എന്നിവിടങ്ങളിൽ എത്തിക്കുമായിരുന്നു. മീൻ പരപ്പനങ്ങാടിയിൽ നിന്നും തലച്ചുമടായി കൊണ്ടുവരും . അത്താണികൾ വഴിയോരങ്ങളിൽ ധാരാളം ഉണ്ടായിരുന്നു. ഇതിൽ ചുമടിറക്കി വിശ്രമിച്ചു വീണ്ടും നടക്കാറാണ് പതിവ്. പറമ്പിൽ പീടികയിൽ അന്ന് ഒരു ചെറിയ പീടികയും നമസ്കാര സ്രാമ്പ്യയും ഓത്തുപള്ളിയും ഉണ്ടായിരുന്നു. ഇവയാണ് ഇന്നത്തെ അങ്ങാടിയും ജുമഅമസ്ജിദും മദ്രസയുമായി ഉയർന്നത്.

പറമ്പിലെ പീടികയാണ് പറമ്പിൽ പീടികയായി മാറിയത്.സ്കൂൾ വരുന്നതിനുമുമ്പ് മുമ്പ് 1951 -56 കാലങ്ങളിൽ കോഴിത്തൊടി ആലിബാപ്പു മാസ്റ്റർ മദ്രസയിൽ വെച്ച് എഴുത്തും വായനയും കണക്കും പഠിപ്പിച്ചിരുന്നു .മദ്രസ കമ്മിറ്റിയാണ് ഇദ്ദേഹത്തിന് പ്രതിഫലം നൽകിയിരുന്നത്.വിസ്തൃതമായിക്കിടക്കുന്ന പാറപ്പുറങ്ങളും കശുവണ്ടിത്തോട്ടങ്ങളും നാട്ടുവഴിയോരങ്ങളും ഇന്ന് റോഡുകൾക്ക് വഴിമാറി.  പടിക്കലും കൊണ്ടോട്ടിയിലും ചെന്നാൽ മാത്രം കണ്ടിരുന്ന ബസ് ഇപ്പോൾ പറമ്പിൽ പീടികയിലൂടെ ഓരോ മിനുട്ടിലും ഓടിക്കൊണ്ടിരിക്കുന്നു.....

ഭൂമിശാസ്‌ത്ര പരവും ചരിത്രപരവുമായ  കാര്യങ്ങളാണ് മുകളിൽ പ്രസ്താവിച്ചത്

oldbuilding
park

കടപ്പാട്

ചൊക്ലി മുഹമ്മദ് കുട്ടി ഹാജി. ( പുലരി - സോവനീർ )