മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ ഫോറെസ്റ്ററി ക്ലബ്
2022-23 വരെ | 2023-24 | 2024-25 |
2016-ൽ കേരള വനംവകുപ്പ്, സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ കോഴിക്കോട് സ്കൂൾ ഫോറെസ്റ്ററി ക്ലബ് രജിസ്റ്റർ ചെയ്തു. ക്ലബ്ബിന്റെ രജിസ്ട്രേഷൻ നമ്പർ എസ്എഫ്/കെകെഡി/4091 ആണ്. ക്ലബ്ബിൽ ഇതുവരെ മുന്നൂറോളം വിദ്യാർത്ഥികളെ അംഗങ്ങളായി ചേർത്തിട്ടുണ്ട്. തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലും ക്ലബ്ബ് എല്ലാ വർഷവും രണ്ട്/മൂന്ന് ദിവസത്തെ പ്രകൃതി ക്യാമ്പുകൾ നടത്തുന്നു. ഇത് വരെ വയനാട് വന്യ ജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി ഡിവിഷനിലെ തിരുനെല്ലി, മാനന്തവാടി ഡിവിഷനിലെ കല്ലുമുക്ക്, പാലക്കാട് സൈലന്റ് വാലി ഡിവിഷനിലെ തത്തേങ്ങലം, പറമ്പിക്കുളം, വാഴാനി വൈൽഡ് ലൈഫിന്റെ കീഴിലെ ചിമ്മിനി മേഖലകളിൽ പ്രകൃതി പഠന ക്യാമ്പുകൾ നടത്തുകുയുണ്ടായി. വനങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും കൂടുതൽ അറിയാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനുള്ള അവസരം ലഭിക്കും. ഫസൽ അമീർ സി പി ആണ് ഈ യൂണിറ്റിന്റെ സ്റ്റാഫ് ഗൈഡ്.
പെരുമഴയത്തൊരു വനവാസം
കാടും കാടിന്റെ മക്കളും പക്ഷികളും വന്യജീവികളും നീരുറവകളും സമം ചേരുന്ന ഈ പരിസ്ഥിതി സമ്പത്ത് നാം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. തൃശൂരിൽ വരന്തരപ്പള്ളി പഞ്ചായത്തിലെ ചിമ്മിനി വനത്തിലാണ് കുട്ടികൾക്കുള്ള പരിസ്ഥിതി പഠനക്യാമ്പിന്റെ ഭാഗമായി 35 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം എത്തിച്ചേർന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ആദ്യത്തെ മാർഗം പ്രകൃതിയെ അടുത്തറിയുക എന്നതാണല്ലോ.
ചിമ്മിനി വന്യജീവി സങ്കേതം
![](/images/thumb/0/0a/47061_w8ildlife.jpg/300px-47061_w8ildlife.jpg)
ഉച്ചതിരിഞ്ഞാണ് ചാർട്ട് ചെയ്ത കെ എസ് ആർ ടി സിയിൽ ഞങ്ങൾ ചിമ്മിനിയിലെത്തിത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനുവും നോബിനും ഞങ്ങളെ സ്നേഹപൂർവം സ്വീകരിച്ചു. മഴ തോർന്ന് മരം പെയ്യുന്നുണ്ടായിരുന്നു. ലഗേജുകൾ അടക്കിവെച്ച് ഒരു കട്ടൻ കുടിച്ചു. പിന്നെ ചിമ്മിനി റിസർവോയറിന്റെ സുന്ദരമായ കാഴ്ചകൾ കാണാനായി കുട്ടികൾക്കൊപ്പം പുറപ്പെട്ടു. ചുറ്റും പശ്ചിമഘട്ട മലനിരകൾ. കാടിന് മുകളിലൂടെ കോടമഞ്ഞ് നീങ്ങിപ്പോകുന്നു. ദൂരത്തെങ്കിലും മറുകരയിൽ മയിൽ പീലി വിടർത്തി ഞങ്ങളെ സ്വീകരിക്കുന്നുണ്ടായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിമ്മിനി വനം 85 കി മീ വിസ്തൃതിയിലുള്ളതാണ്. വിവിധയിനം മൃഗങ്ങളുടെയും പക്ഷികളുടെയും സങ്കേതമായ ഈ വനപ്രദേശം പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്നു. തൃശൂർ ജില്ലയിലെ ആയിരത്തിയഞ്ഞൂറോളം കൃഷിയിടങ്ങളിലേക്കുള്ള ജലസേചനത്തിനായി നിർമിച്ച ഈ ഡാം പ്രധാന സന്ദർശന കേന്ദ്രമാണ്. വൈകുന്നേരങ്ങളിൽ ഡാമിനോട് ചേർന്ന ജലാശയങ്ങളിൽ കുടിവെള്ളം തേടി വരുന്ന മൃഗങ്ങളും പക്ഷികളും സന്ദർശകരെ കൂടുതൽ സന്തോഷിപ്പിക്കുന്നു. കൂട്ടികൾക്കായി ശലഭോദ്യാനം, കോഫീ ബാർ, ബോട്ട് സർവീസ് എന്നിവയുണ്ട്. വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന 125ലധികം അരുവികളിൽ നിന്നുള്ള വെള്ളമാണ് ഈ റിസർവോയറിലെത്തുന്നത്. കൂടുതൽ വിവരണങ്ങൾ രാത്രിയിലെ സംസാരത്തിൽ ഇടം പിടിച്ചു. കുട്ടികൾക്ക് ഒട്ടേറെ സംശയങ്ങൾ, കാടുകയറാതെ മറുപടി. പിന്നെ ഭക്ഷണം കഴിച്ച് ഉറക്കം.
![](/images/thumb/e/e1/47061_wild2.jpg/300px-47061_wild2.jpg)
രണ്ടാം ദിനം അതിരാവിലെ അല്പം ധ്യാനം. കാടിന്റെ സംഗീതം ആസ്വദിക്കാൻ കണ്ണടച്ച്, കാത് തുറന്ന് കുറച്ച് സമയം. അപ്പോൾ കാതിലൂടെയിറങ്ങുന്ന കിളികളുടെ മധുരമൂറും സംഗീതം ഒരു വാദ്യോപകരണത്തിനും നൽകാനാകാത്ത അനുഭൂതി പകരുന്നതാണ്. ചായ, പുട്ട്, കടല എന്നിവയാണ് പ്രാതലിന്. നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും ഉൾപ്പെട്ട ട്രക്കിംഗ് ആണ് അന്നത്തെ പ്രധാന ഇനം. ഞങ്ങളെ കൊണ്ടുപോകാനായി കാടിനെ ഉള്ളംകൈ പോലെ അറിയുന്ന ആദിവാസി ഗൈഡുകൾ എത്തി. ഒപ്പം വാച്ചർമാരും. വനത്തിനുള്ളിലേക്ക് കിലോമീറ്ററുകളോളമുള്ള യാത്രയിൽ പലപ്പോഴും കടപുഴകിയ വൻമരങ്ങൾ ഞങ്ങളുടെ വഴിമുടക്കി. വിവിധ തരം പഴങ്ങൾ കഴിച്ച്, പക്ഷികളെ കേട്ട്, പാമ്പുകളെ കണ്ട് ഞങ്ങൾ കാട് കയറി. വന്യജീവികളെ കാണാനും കേൾക്കാനും കഴിയുകയെന്നത് നമ്മുടെ ഭാഗ്യമനുസരിച്ചാണെന്ന് വാർഡൻ നേരത്തേ പറഞ്ഞിരുന്നു. നിശ്ശബ്ദതയും ഏകാന്തതയുമാണ് കാടിന്റെ മുദ്രകൾ. ഞങ്ങളുടെ എണ്ണം കൂടുതലായതിനാൽ വലിയ മൃഗങ്ങൾ കാഴ്ചയിൽ നിന്ന് മാറിനിന്നു എന്ന് തോന്നുന്നു. മടങ്ങാനൊരുങ്ങിയപ്പോഴാണ് കനത്ത മഴയും കാറ്റും വന്നെത്തിയത്. പിന്നെ മഴയാത്രയായി. അപൂർവ ഔഷധച്ചെടികളും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പരിചയപ്പെട്ട് കാടിറങ്ങി വരുമ്പോഴാണ് കനത്ത മഴയും കാറ്റും വന്നെത്തിയത്. പിന്നെ മഴയാത്രയായി. അപൂർവ ഔഷധച്ചെടികളും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പരിചയപ്പെട്ട് കാടിറങ്ങി വരുമ്പോഴാണ് കൂട്ടത്തിലെ ആദിവാസി പയ്യൻ രാവിലെ വിരിഞ്ഞ കൂൺ കണ്ടത്. അവയെല്ലാം പറിച്ച് ഇലയിൽ കെട്ടി കൊണ്ടുവന്നു. അന്ന് രാത്രി ചപ്പാത്തിക്കൊപ്പം കൂൺ റോസ്റ്റ് സ്പെഷ്യൽ. അതിന്റെ രുചി ഒന്നു വേറെ തന്നെ.
കാട്ടിനുള്ളിലെ പാലരുവി
കാട്ടിനുള്ളിലൂടെ നാല് കീലോമീറ്ററോളം നടന്നാൽ എത്തിച്ചേരുന്ന വെള്ളച്ചാട്ടം ട്രക്കിംഗിനിടയിലെ ഏറ്റവും ആകർഷണീയ കാഴ്ചകളിലൊന്നായിരുന്നു. വലിയ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും 250ഓളം അടി ഉയരത്തിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവി എല്ലാവരുടെയും ഹൃദയം കവരുന്നതായിരുന്നു. ഫോട്ടോ, വീഡിയോ സെഷനുകൾ പൂർത്തിയാക്കി വരുമ്പോഴാണ് വിവിധ ചലച്ചിത്രങ്ങളുടെയും ടി വി ഷോകളുടെയും ഷൂട്ടിംഗ് ലൊക്കേഷനാണിതെന്ന് ഗൈഡ് പറഞ്ഞത്. ഉച്ചക്ക് സദ്യ കഴിച്ച് ഇരിക്കുമ്പോഴാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ സുദേഷ് സാറിന്റെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ കഥകൾ പറഞ്ഞ പ്രത്യേക സെഷൻ നടന്നത്. വൈകിട്ട് ഡാം സന്ദർശനം കഴിഞ്ഞ് വേഴാമ്പലിന്റെ പ്രജനന കാലത്തെ കുറിച്ചുള്ള രാത്രിയിലെ പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ക്യാമ്പിനെ അവിസ്മരണീയമാക്കി. ക്യാമ്പ് സമാപിക്കുമ്പോൾ വരന്തരപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസറോട് കുട്ടികൾ ഒന്നടങ്കം പറഞ്ഞത് രണ്ട് ദിവസം കൂടി നീട്ടിത്തരണമെന്നായിരുന്നു.
എല്ലാ ദിവസവും പകൽ സമയത്ത് സന്ദർശകർക്ക് ഡാം കാണാൻ പ്രവേശിക്കാം. പണം നൽകി വനത്തിനുള്ളിൽ താമസിച്ച് സഞ്ചാരികൾക്ക് പ്രകൃതിയെ അടുത്തറിയാനും ആസ്വദിക്കാനും വനം വകുപ്പ് തന്നെ സൗകര്യമൊരുക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നവർക്ക് താമസം, ഭക്ഷണം, ട്രക്കിംഗ് എന്നിവ വനം വകുപ്പ് ക്രമീകരിക്കും. വനം വകുപ്പിന്റെ ഗൈഡുകളുടെ സഹായത്തോടെ കാടറിഞ്ഞ് സമയം ചെലവിടാം. വനം വകുപ്പിലെ ജീവനക്കാരായ ആദിവാസികളാണ് രുചിയൂറും ഭക്ഷണം തയ്യാറാക്കുന്നതും കാട് പരിചയപ്പെടുത്തുന്നതും. വിദ്യാർഥികൾക്കും സന്നദ്ധ സംഘടനകൾക്കും വനം, പരിസ്ഥിതിസംഘടനകൾക്കും വനം, പരിസ്ഥിതി വകുപ്പിന് കീഴിൽ നടത്തുന്ന പഠന ക്യാമ്പുകൾ ചിമ്മിനി വനത്തിൽ ലഭ്യമാണ്. പഠനത്തിനും സുരക്ഷിതമായ താമസത്തിനുമായി പ്രത്യേകം മുറികളും ഹാളുകളുമുണ്ട്. തികച്ചും സൗജന്യമായി ലഭിക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ മുഖാന്തരം അപേക്ഷിക്കണം. തൃശൂർ ആമ്പല്ലൂരിൽ നിന്ന് വരന്തരപ്പള്ളി വഴി ചിമ്മിനി വനത്തിലെത്താം, ദൂരം 38 കി മീ. തൃശൂരിൽ നിന്ന് ചിമ്മിനിയിലേക്ക് സ്വകാര്യ ബസ് സർവീസുണ്ട്.
2022-23 ലെ പ്രവർത്തനങ്ങൾ
എൻ സി സി വിദ്യാർത്ഥി മുഹമ്മദ് ബിഷറിന്റെ യാത്ര വിവരണം
യാത്രാവിവരണം
![](/images/thumb/3/38/47061_Mrkz_forestryclub_1.jpg/300px-47061_Mrkz_forestryclub_1.jpg)
മർകസ് സ്കൂൾ എൻ സി സി യൂണിറ്റിന്റെയും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വയനാട് വൈൽഡ് ലൈഫ് സങ്കേതത്തിൽ മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള തോൽപെട്ടി വൈൽഡ് ലൈഫ് സങ്കേതത്തിൽ 2023 ഫെബ്രുവരി 1 മുതൽ 3 വരെ വനം വകുപ്പിന്റെ പ്രകൃതി പഠന ശിബിരത്തിനായി വനം വകുപ്പിന്റെഅഥിതികളായി ഫെബ്രുവരിയുടെ ആദ്യ ദിനത്തിൽ വയനാടിന്റെ ഉള്ളറിയാൻ വേണ്ടി മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ആനവണ്ടിയിൽ ഞങ്ങൾ താമരശ്ശേരി വഴി വയനാട് ചുരം കയറിയുള്ള യാത്ര അതിമനോഹരമായിരുന്നു. തുടർന്ന് ഞങ്ങൾ മാനന്തവാടിയിൽ ഇറങ്ങി മറ്റൊരു ആനവണ്ടിയിൽ കയറി വീണ്ടും ഞങ്ങളുടെ ലക്ഷ്യം തുടർന്നു. ഏകദേശം 2:30 ആയപ്പോൾ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തി. അപ്പോഴേക്കും ഞങ്ങൾ വിശന്നു വലഞ്ഞിരുന്നു. എല്ലാവരും പിന്നെ ബാഗിൽ നിന്ന് ചോറും പൊതി തിരയുന്ന തിരക്കിലായിരുന്നു. അവിടുത്തെ മെസ്സ് ഹോളിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ആ സമയത്തും ഞങ്ങളുടെ ആർട്ട് അധ്യാപകൻ അബ്ദു റഹ്മാൻ ചോറും പൊതിയുടെ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലും മറ്റ് അധ്യാപകർ കുട്ടികളുടെ കൂടെ ഭക്ഷണം രുചിച്ചു നോക്കി അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഭക്ഷണത്തിനുശേഷം ഫോറസ്റ്റ് ഓഫീസർ ഞങ്ങൾക്കുള്ള വിശ്രമസ്ഥലം കാണിച്ചുതന്നു. എല്ലാവരും ബാഗ് എടുത്തു അങ്ങോട്ടൊരു ഓട്ടമായിരുന്നു.കൂട്ടുകാരുടെ കളി തമാശകൾക്കിടയിൽ രജിസ്ട്രേഷൻ സമയം ആയി എന്ന് അധ്യാപകർ ഞങ്ങളെ അറിയിച്ചു. അപ്പോൾ ഞങ്ങൾ ഹാളിൽ പോയിരുന്നു അപ്പോൾ ഒരു ഓഫീസർ വന്ന് ക്യാമ്പിന്റെ മര്യാദകളെ പറ്റിയും വന്യജീവി സങ്കേതത്തെ പറ്റിയും ചെറുതായി ഒരു വിവരണം തന്നു. പിന്നെ ഒരു ബ്ലാക്ക് കോഫിയും ബിസ്ക്കറ്റ് ഞങ്ങൾ കഴിച്ചു. നല്ല ചൂടു കാലാവസ്ഥയിൽ നിന്ന് കാട്ടിലെ തണുത്ത കാലാവസ്ഥ വല്ലാത്ത ഒരു അനുഭവം തന്നെയാണ്. രാത്രി ഭക്ഷണത്തിന് മുമ്പായി നാളത്തെക്യാമ്പിന്റെ രണ്ടാം ദിനത്തിന്റെ ഞങ്ങളുടെ പരിപാടികളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. രാത്രിയിലെ ഭക്ഷണത്തിനായി ഞങ്ങൾ വീണ്ടും മെസ്സ് ഹാളിൽ എത്തി. അവിടെ അതി രുചികരമായ കഞ്ഞിയും ചമ്മന്തിയും കടലയും ഞങ്ങൾക്കായി തയ്യാറാക്കി വെച്ചിരുന്നു. വളരെ സ്വാധോടെ എല്ലാ കുട്ടികളും അത് കഴിച്ചു. പിന്നീട് എല്ലാവരും രണ്ടാം ദിനത്തിൽ കാണാൻ പോകുന്ന കാനനഭംഗിയും മൃഗങ്ങളെയും കാട്ടാറുകളെയും സ്വപ്നം കണ്ടുറങ്ങി.
![](/images/thumb/c/cc/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%AE%E0%B4%BE%E0%B5%BB_.jpg/300px-%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%AE%E0%B4%BE%E0%B5%BB_.jpg)
അങ്ങനെ ഞങ്ങളുടെ ക്യാമ്പിലെ രണ്ടാം ദിവസം തണുത്തുറഞ്ഞ പ്രഭാതത്തോടെ ആരംഭിച്ചു. എഴുന്നേറ്റു ഞങ്ങൾ പുറത്തു നോക്കിയപ്പോൾ അവിടെ മാൻ കൂട്ടങ്ങൾ ആയിരുന്നു മുമ്പിൽ. പിന്നീട് ഞങ്ങൾ ചൂട് കാപ്പി കുടിച്ചു. അന്നത്തെ ഞങ്ങളുടെ ലക്ഷ്യം കാട്ടിനുള്ളിലൂടെയുള്ള സഞ്ചാരം ആയിരുന്നു. അതിനുവേണ്ടി എല്ലാവരും വേഗം റെഡിയായി പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങളുടെ ട്രക്കിംഗ്ന് ഒരുങ്ങി. തോളിൽ തോക്കു മേന്തി ഫോറസ്റ്റ് ഓഫീസർമാരുടെയും അധ്യാപകരുടെയും സുരക്ഷാവലയത്തിൽ ഞങ്ങൾ കാടുകാണാൻ നടന്നു നീങ്ങി. ഞങ്ങൾക്ക് പോകാൻ മുമ്പിൽ ഒരു വഴികാട്ടി ഉണ്ടായിരുന്നു. തുടർന്ന് ആദ്യം മാൻ കൂട്ടങ്ങളെ കണ്ടു പിന്നീട് കാട്ടിലെ മരത്തിനെ കുറിച്ചും സസ്യങ്ങളെക്കുറിച്ചും മറ്റു ജന്തുജാലങ്ങളെ കുറിച്ചും പറഞ്ഞുകൊണ്ട് നടന്നു നീങ്ങി. നടത്തിനിടയിൽ കുറെ കുട്ടികൾ ആനയെയും കാട്ടുപോത്തിനെയും കടുവയെയും കണ്ടു. പിന്നെയും ഞങ്ങൾ വാച്ച് ടവർ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തി വാച്ച് ടവറിന്റെ മുകളിൽ നിന്നും കാനനഭംഗി ഞങ്ങൾ ആസ്വദിച്ചു. അവിടുന്ന് ഞങ്ങൾക്ക് മാനിന്റെ കൊഴിഞ്ഞുപോയ കൊമ്പുകൾ ലഭിച്ചു. കാടിന്റെ ഏകാന്തതയിൽഈ വാച്ച് ടവറിൽ ജോലിയെടുക്കുന്ന വനപാലകരെ കണ്ടപ്പോൾ അത്ഭുതം തോന്നി.നമ്മളുടെ രാജ്യഅതിർത്തി കാക്കുന്ന ജവാന്മാരെ പോലെ കാടിനെസംരക്ഷിക്കുന്ന വനപാലകരെ ഒരു നിമിഷം നമിച്ചു പോയി. തിരിച്ചു ഞങ്ങൾ മറ്റൊരു വഴിയിലൂടെ ക്യാമ്പിന് ലക്ഷ്യമാക്കി നടന്നു അതിനിടയിൽ ഞങ്ങൾ അപൂർവമായി കാണാറുള്ള കഴുകനെ കണ്ടു കൂടാതെ മറ്റു ജീവജാലങ്ങളെ കുറിച്ചും തിരിച്ചുനടക്കുന്നതിനിടയിൽ ഓഫീസർമാർ ഞങ്ങൾക്കും വിശദമായി പറഞ്ഞു തന്നു. വിശപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണോ എന്നറിയില്ല പോയതിനേക്കാൾ വേഗം തന്നെ ഞങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. തുടർന്ന് ഉച്ചഭക്ഷണത്തിന് വേണ്ടി കുട്ടികൾ മെസ്സ് ഹോളിലേക്ക് തിരിച്ചു. അങ്ങനെ ഉച്ചഭക്ഷണം കഴിച്ച് അൽപ്പവിശ്രമത്തിനുശേഷം ഞങ്ങൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു കാട്ടരുവിയിലേക്കു പോയി. വിചാരിച്ച ആഴം ഇല്ലെങ്കിലും വെള്ളത്തിന്റെ തണുപ്പു കാരണം പലരും ഇറങ്ങിയില്ല. ഇറങ്ങിയ കുറെ പേർ തണുപ്പ് കാരണം പെട്ടെന്ന് തന്നെ കയറി. അങ്ങനെ ഞങ്ങൾ അരുവിയിൽ അധ്യാപകരുടെ കൂടെ കുറെ നേരം ഉല്ലസിച്ചു. അതുകഴിഞ്ഞ് അധ്യാപകരുടെയും നേതൃത്വത്തിൽ ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയി, കുട്ടികൾ വിവിധ കളികളിൽ ഏർപ്പെട്ടു. തുടർന്ന് തിരിച്ചു വീണ്ടും ക്യാമ്പിലേക്ക് പോയി. വൈകുന്നേരത്ത ഒരു ബ്ലാക്ക് കോഫിയും ബിസ്ക്കറ്റും പിന്നെ തിരുനെല്ലി ഉണ്ണിയപ്പവും ഞങ്ങൾക്കായി തയ്യാറാക്കി വെച്ചിരുന്നു. തുടർന്ന് രാത്രി ആയപ്പോൾ ഞങ്ങൾക്ക് പ്രകൃതിയെ പറ്റിയും ജീവജാലങ്ങളെ പറ്റിയും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും ഒരു നല്ല ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഞങ്ങൾക്ക് കുറെ കാര്യങ്ങൾ മനസ്സിലായി. ഈ ലോകത്ത് ജീവിക്കുന്ന പല ജീവജാലകങ്ങളെയും അവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് അവരെ സംരക്ഷിക്കണം എന്നൊരു ബോധം ഞങ്ങൾക്ക് ലഭിച്ചു. ഇത്രയും നല്ലൊരു പ്രകൃതിയെ പറ്റിയുള്ള ഒരു ക്ലാസ് ഞാൻ ഇതിനു മുമ്പ് കേട്ടിട്ടില്ല. ആ ക്ലാസ്സിൽ നമുക്ക് മാതൃകയാക്കാൻ പറ്റിയ കുറെ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ക്ലാസിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. പിന്നീട് കൾച്ചറൽ പ്രോഗ്രാമായിരുന്നു. കൂട്ടുകാർ കഥയും പാട്ടും മായി കൾച്ചറൽ പ്രോഗ്രാം വളരെ ഭംഗിയായിരുന്നു. അതിൽ ഞങ്ങളുടെ ഗ്രൂപ്പിന് സെക്കൻഡ് ലഭിച്ചു. അതോടുകൂടി ഞങ്ങളുടെ ക്യാമ്പിലെ ആ ദിവസം അവസാനിക്കുകയായിരുന്നു അന്നു ലഭിച്ച നല്ല ഓർമ്മകളുമായി എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങി.
![](/images/thumb/4/46/47061_%E0%B4%AB%E0%B5%8B%E0%B4%B1%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%B8%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AB%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_.jpg/300px-47061_%E0%B4%AB%E0%B5%8B%E0%B4%B1%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%B8%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AB%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_.jpg)
ക്യാമ്പിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസവും മാനിനെ കണ്ടുകൊണ്ട് ചൂട് കാപ്പിയും കുടിച്ചു തുടങ്ങുകയായിരുന്നു. അന്നത്തെ ഞങ്ങൾക്കുണ്ടായിരുന്ന പരിപാടി വഴിയരികിലുള്ള പ്ലാസ്റ്റിക് നിർമ്മാജനം ചെയ്യലായിരുന്നു. അങ്ങനെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പ്ലാസ്റ്റിക് ശേഖരിക്കാനായി ഇറങ്ങി. ശേഖരിക്കാൻ വേണ്ടി പോകുന്നതിനിടയിൽ ഒരു കാട്ടുപോത്തിനെ കാണാനിടയായി. തുടർന്ന് ഞങ്ങൾ പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിച്ചു അവർക്കു നൽകി. പിന്നീട് വീണ്ടും കാട്ടരുവിയിലേക്ക് കുളിക്കാൻ വേണ്ടി പോയി. എല്ലാവരെയും പരസ്പരം വെള്ളം നനച്ചും നീന്തിയും തെളിമയുള്ള കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ ഞങ്ങൾ ആർത്തുല്ലസിച്ചു. പിന്നീട് ക്യാമ്പിലെ അവസാനത്തെ ഉച്ചഭക്ഷണം രുചിയോടെ കഴിച്ചു. പിന്നീട് ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയലും സർട്ടിഫിക്കറ്റ് വിതരണവും ആയിരുന്നു. ശേഷം ഞങ്ങളുടെ ബാഗുകൾ എടുത്ത് കാടിനോടും അവിടെയുള്ള ജീവനക്കാരോടും യാത്ര പറഞ്ഞു ആനവണ്ടി ലക്ഷ്യമാക്കി നടന്നു. പിന്നീട് വീട് ലക്ഷ്യമാക്കി ആനവണ്ടിയിൽ കയറി.
സ്കൂൾ ജീവിതകാലത്തിൽ നല്ല ഓർമ്മകൾ സമ്മാനിച്ച ക്യാമ്പ് ആയി എന്നും മനസ്സിൽ സൂക്ഷിക്കാം. ഇതിനുവേണ്ടി ഞങ്ങളുടെ മുന്നിൽ നിന്നും കൂടെ നിന്നും നയിച്ച പ്രിയപ്പെട്ട ഞങ്ങളുടെ എൻ സി സി അധ്യാപകൻ അഹ്മദ്, ഇങ്ങനെയൊരു ക്യാമ്പിന് ഞങ്ങൾക്ക് അവസരം ഉണ്ടാക്കി തന്ന ജീവ ശാസ്ത്ര അധ്യാപകൻ സാലിം ഞങ്ങൾക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകിയ മലയാള അധ്യാപകൻ മുഹമ്മദ് കോയ ക്യാമ്പിലെ ഞങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ ആർട്ട് അധ്യാപകൻ അബ്ദുറഹിമാൻ ക്യാമ്പിലെ എല്ലാ ഓഫീസർമാരോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞു ഇനിയും ഒരുപാട് തലമുറകൾക്ക് പുതിയ അറിവും അനുഭവങ്ങളും നൽകാൻ അധ്യാപകർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.