ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിഞ്ഞുനോട്ടം

ഇനി സ്വയം തിരിഞ്ഞുനോക്കാം;
നേരവും നേരിൻ പ്രകാശവുമുണ്ട്.
ഒറ്റക്കൊരിടത്തിരുന്ന് ലോകം തന്നെയിപ്പോൾ
സ്വയം വിവർത്തനം ചെയ്യുകയാവാം.

അദൃശ്യനാം ശത്രുവിനെ കണ്ട് മാളത്തിൽ
പേടിച്ചരണ്ട് മരണമടുത്തെന്നറിഞ്ഞ്
ആയുധശാലകളൊക്കെ പരതി തളർന്ന്-
കിതച്ചിരിക്കെയിനി സ്വയം തിരിഞ്ഞുനോക്കാം.

എന്തൊക്കെയാധികളായിരുന്നൂ നമ്മെ -
ഇന്നലെയോളം നയിച്ചത്
പണമധികാരം അഹന്ത നിറഞ്ഞതാം-
വെല്ലുവിളികൾ; വിശ്വാസവഴക്കുകൾ


യുദ്ധക്കൊതിയപരന്നെ മനസ്സിന്റെ
പുറത്താക്കിയുള്ള പടിയടക്കൽ
സമസ്തവും കാൽക്കീഴിലെന്ന ധാർഷ്ട്യം
പ്രകൃതിയെ-അമ്മയെ -കൊല്ലുമഹങ്കാരം.

നേടിയതൊക്കെയെവിടെ- യീ നാലു ചുവരുകൾ
ചോദ്യങ്ങൾ ചോദിയ്ക്കേ
ഉറ്റവരൊന്നുമില്ലാതെ തനിച്ചിനി-
എന്തുത്തരം നൽകുമറിയില്ലയെങ്കിലും
ഒന്നറിയാം- ഒക്കെ മാറണം
കണ്ണു തുറന്നൊന്നു കാണണമൊക്കെയും
ചുറ്റും പരക്കുന്ന നേരുകളറിയണം

അവനവനെയപരനെന്നൊന്നറിഞ്ഞീടണം
ഭേദങ്ങളൊക്കെ ദൂരെപ്പോയ് മറയണം
മർത്ത്യനൊന്നെന്നുള്ള പുതുപാഠമോർക്കണം.
ഭൂമി മാതാവിന്റെ കണ്ണുനീരൊപ്പണം
മരവും കിളിയുമീകാറ്റും പകരുന്ന
കരുതലിൻ മന്ത്രം ചെവിയോർത്തറിയണം
വേണ്ടെന്ന് കരുതി മറവിയിൽ തള്ളിയ
സ്നേഹത്തുരുത്തുകളിലേക്കൊന്നിറങ്ങണം
കൺചിമ്മി നിൽക്കുന്ന താരകജാലവും
കുളിർനിലാവും കാണാൻ കണ്ണിനെയയ്ക്കണം
നന്മ മരങ്ങൾ നടണം
അവചേർന്ന് കാവാവണം- അവിടെ
ഉറവകൾ പൊട്ടണം.
അങ്ങനെയങ്ങനെ നന്മകൾ പൂക്കുന്ന
പുതുലോകമൊന്നിനെ ഉള്ളാലെ തോറ്റണം.

 

അർഷ.വി.എസ്
10A1 ഗവൺമെൻറ്,എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത