ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കാലഘട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കാലഘട്ടം


ലോകത്തെതന്നെ വിഴുങ്ങാനും കാൽകീഴിലാക്കാനും ശക്തിയുള്ള മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ജീവനുതന്നെ ഭീഷണി മുഴക്കുന്ന,പുറത്തുവരാതെ അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്‌പ്പെടുത്തുന്ന ശത്രു,കോവിഡ്-19 .ഇത് കോവിഡ് കാലം.മൂന്നാം ലോകയുദ്ധമെന്ന് പലരും പേരിട്ട വിപത്തിന്റെ കാലം.ഭയപെടുത്തുകയല്ല, പകരം മനസ്സിൽ മായാത്ത ചിത്രങ്ങളായി തങ്ങിനിൽക്കുന്ന ചില കാഴ്ചകൾ പങ്കുവയ്‌ക്കലാണ് എന്റെ ലക്ഷ്യം.

കുറേ ദിവസങ്ങളായി നാം വീട്ടിനുള്ളിലാണ്.നമ്മുടെ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം നമ്മൾ കൂട്ടിലടച്ചവയെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നു.ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിയുടെ വിധി നിർണയിക്കുന്നതാകട്ടെ മനുഷ്യന്റെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത വൈറസും. എന്നാൽ, തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്‌ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന കാലം കൂടിയാണിത്. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ കഴിയുന്ന നിമിഷങ്ങളായും ഇതിനെ കാണാം. ഉത്തരവാദിത്വങ്ങളും ജോലികളും പങ്കുവെച്ചു കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു തരം അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മഹാമാരിയെ പ്രതിരോധിക്കാൻ പഴുതടച്ച നടപടികൾ വേണമെന്ന കാര്യത്തിൽ തർക്കമില്ല. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് (N 95 )ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴുവാക്കുന്നതിനും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉത്തമം. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽനിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയുന്നു.

വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരും. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടാകാം.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.വ്യക്തിശുചിത്വം ആണ് കൊറോണ പടരുന്നത് ഒരു പരിധിവരെ തടയാനുള്ള മാർഗം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.യാത്രകൾ കുറക്കുക.ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. രോഗലക്ഷണങ്ങളുമായി നേരിട്ട് ആശുപത്രിയിൽ പോകരുത്.ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ നാം കർശനമായി പാലിച്ചിരിക്കണം.

കോവിഡ് ഉയർത്തിവിട്ട ഭീതിയിലാണ് ലോകരാജ്യങ്ങളും നമ്മുടെ കൊച്ചുകേരളവും.പക്ഷെ, ഇതിന്റെ ഒരു നന്മയായി ഞാൻ കാണുന്നത് ജാതിക്കും മതത്തിനും അപ്പുറമായ ചിന്ത നമ്മുടെ സമൂഹത്തിൽ വളരാൻ പുതിയ സാഹചര്യങ്ങൾ സഹായിച്ചു എന്നതാണ്. പ്രളയകാലത്തും അത് കണ്ടു. എന്നാൽ ഒരുമിച്ചു നിൽക്കാൻ ഒരു ദുരന്തം വരണമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

കോവിഡിന് രാഷ്ട്രിയവും രാജ്യാതിർത്തിയും ഒന്നുമില്ലെന്ന്‌ നമ്മൾ കണ്ടു കഴിഞ്ഞു. പ്രളയവും കോവിഡുമെല്ലാം വരും,പോകും. ഇതൊന്നും മനുഷ്യനെ തളർത്തരുത്. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം നമുക്ക് സ്വപ്‌നം കാണാം. നല്ലതിനായി മാത്രം കാത്തിരിക്കാം.

ഫാത്തിമ ഷബാന
10 A ജി വി എച്ച് എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം