എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/തലമുറക്കുവേണ്ടി ജാഗ്രതയോടെ
തലമുറക്കുവേണ്ടി ജാഗ്രതയോടെ
ഞാൻ പഠിച്ച പാഠഭാഗത്തിലും എന്റെ മുതിർന്നവർ പറഞ്ഞുതന്ന കഥയിലും കേരളം എത്ര സുന്ദരമായ നാടായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴകളും, പൂത്തുലഞ്ഞ മരങ്ങളും, കലപില കൂട്ടുന്ന കിളികളും, പച്ചവിരിച്ച പാടങ്ങളും, നിര നിരയായി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും തൊടി നിറയെ പച്ചക്കറികളും ഔഷധസസ്യങ്ങളും പല നിറത്തിലുള്ള കുന്നുകളും പലതരം ജന്തുക്കളും പ്രകൃതിയുടെ ഭാഗമായിരുന്നു. നല്ല ശുദ്ധ വായു, ശുദ്ധ ജലം , അനുകൂലമായ കാലാവസ്ഥ, നല്ല ആഹാരം , ഔഷധം എന്നിങ്ങനെ മനുഷ്യന് വേണ്ടതെല്ലാം പ്രകൃതി നൽകിയിരുന്നു. ഇന്ന് എവിടെയാണ് കണ്ണിനു കുളിർമ പകരുന്ന ഈ കാഴ്ച കാണാൻ കഴിയുന്നത്? എനിക്ക് മുൻപേ വന്നവർ എന്താണ് ഈ തലമുറയെക്കുറിച്ച് ഓർക്കാഞ്ഞത്? ഇന്ന് എന്റെ കണ്ണിനു കാണാൻ കഴിയുന്നത് വർഷകാലത്ത് പോലും വറ്റി വരണ്ട പുഴകൾ, കാലം തെറ്റി പെയ്യുന്ന മഴ, ആകാശം മുട്ടെ പൊങ്ങി നിൽക്കുന്ന ഫ്ലാറ്റുകൾ, വിഷം നിറഞ്ഞ പച്ചക്കറികളും, മീനുകളും... ഈ കുഞ്ഞു തലമുറയ്ക്ക് കിട്ടിയ ശിക്ഷയാണോ ഇതെല്ലാം...? മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന അവഗണന പരിധി വിട്ടാൽ പ്രകൃതി നശിക്കും അതിന്റെ ശിക്ഷ നമ്മൾ അനുഭവിക്കേണ്ടി വരും. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ശിക്ഷ നമുക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയും നമ്മൾ ഉണർന്നില്ലായെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് കരുതിവെക്കാൻ ഈ ഭൂമിയിൽ ഒന്നും കാണുകയില്ല. അതിനായി പ്രകൃതിയെ നശിപ്പിക്കാതെ മുറിപ്പെടുത്താതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. എങ്കിലെ വരും തലമുറയ്ക്ക് കൂടി ഭൂമിയും അതിലെ വിഭവങ്ങളും കരുതിവയ്ക്കാനാവൂ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |