സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *പരിസ്ഥിതി*

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി    
         വികസനത്തിന്റെ പുത്തൻ മുഖങ്ങൾ തേടിക്കൊണ്ടിരിക്കുന്ന നാട്ടിലാണ് നാം ഇന്ന് ജീവിക്കുന്നത്. കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി ഇന്ന് നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്കു  മാറിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ  മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാല ആയി കണക്കാക്കുന്നു.പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ശുദ്ധവായു നല്കികൊണ്ടിരിക്കുന്ന വൃക്ഷങ്ങളെ വേരോടെ പിഴിതെറിയുന്നതാണ് ഇന്നത്തെ വികസന മന്ത്രം.
        എല്ലാ വർഷവും ജൂൺ-5 ന്‌ ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നു.മരങ്ങളും കാടുകളും സംരക്ഷിക്കുക ,പരിസ്ഥിതി പ്രേശ്നങ്ങളെ  കുറിച്ചുള്ള അവബോധം വളർത്തുക , അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന് ലക്ഷ്യം.
         വിദേശരാജ്യങ്ങൾ ദിവസവും ടൺകണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ    കയറ്റി പുറംകടലിൽ നിക്ഷേപിക്കുകയാണ് എന്ന സത്യം പത്രത്താളുകളിലൂടെ നമുക്ക് ബോധ്യം ആണല്ലോ.സ്വന്തം ദേശം മലിന്യമുക്തമാണെന്നു  ആശ്വസിക്കുന്ന ഇക്കൂട്ടർ, വലിയൊരു ദുരന്തമാണ് ആണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത് എന്ന വസ്തുത അറിയുന്നില്ല.  ജീവിക്കുവാനുള്ള സ്വാതന്ത്ര്യം  നമുക്ക് അനുവദിച്ചിരിക്കുന്നത് പോലെ  മറ്റെല്ലാ  ജീവികൾക്കും ഉണ്ടെന്ന് സത്യം മനുഷ്യൻ മറന്നുപോകുന്നു.
         മനുഷ്യന് ഇന്ന്  ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു യന്ത്രമായി റഫ്രിജറേറ്റർ മാറിയിരിക്കുന്നു. ഇതിൽ ഉപയോഗിക്കപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബൺ അന്തരീക്ഷത്തിന് ഏറ്റവും അപകടകാരിയായ വാതകമാണ്. ഭൂമിയുടെ യുടെ സംരക്ഷണ കവചമായി കണക്കാക്കാവുന്ന  ഓസോൺ പാളിയുടെ  നാശത്തിന് ഈ വാതകം കാരണമാകുന്നു.
         കടുവെട്ടിതെളിച്ചു   കോൺക്രീറ്റ് സൗധങ്ങൾ ഉണ്ടാക്കുന്നതും,മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളായടിക്കുന്നതും,  വയലുകൾ നികത്തുന്നതും  ഇന്ന് പുതുമയുള്ള കാര്യമല്ല.  ഒരു സുനാമിയോ വെള്ളപ്പൊക്കാമോ  വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല.  വേണ്ടത് സ്ഥിരമായ പാരിസ്ഥിതിക ബോധം ആണ് .
         മനുഷ്യൻ പ്രകൃതിയുടെ  ഉത്തമ സൃഷ്ടി ആണെന്നതിൽ തർക്കമില്ല. എന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥകളുടെ നിലനില്പിന് തന്നെ   ഭീഷണിയാകുന്ന തരത്തിൽ അവൻ  തൻറെ പ്രവർത്തനങ്ങൾ തുടരുന്നു.
         ആഗോളതാപനത്തിന്റെ  പൊള്ളുന്ന  ഫലങ്ങൾ അനുഭവിക്കാൻ ഒരുങ്ങുകയാണ് ഭൂമിയിലെ ജീവജാലങ്ങൾ. ഇതിന് പ്രധാനമായ കാരണമായി വർത്തിക്കുന്നത് വനനശീകരണമാണ്.  വർഷങ്ങൾ കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ശുദ്ധജലം ആയി മാറും.
         ഇന്ന് പരിസ്ഥിതി  സംരക്ഷണ ബോധം കൂടുതൽ ആൾക്കാരിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.   ഡോക്യൂമെന്ററികളും  ഫീച്ചറുകളും ജനങ്ങളെ പരിസ്ഥിതിബോധത്തിലേക്കും  പ്രകൃതി സ്നേഹത്തിലേക്കും തിരിച്ചുവിടുന്നുണ്ട്.
         ഓരോ മരങ്ങളും പ്രകൃതിയുടെ ശുദ്ധീകരണ ശാലകൾ ആണ്.വിഷവാതകങ്ങളെ വലിച്ചെടുക്കാനും പ്രാണ വായു പുറത്തേക്ക് കൊടുക്കുവാനും അവർക്ക് കഴിയും. പൂർണ്ണവളർച്ചയെത്തിയ ഒരു വൃക്ഷത്തിന് 136 വർഷം ഒരാൾക്ക് ഓക്സിജൻ നൽകാൻ കഴിയും. ഭൂമിക്ക് അനുഗ്രഹമായി മണ്ണിലേക്കുതിരുന്ന ഓരോ മഴത്തുള്ളിയെയും  മണ്ണിലേക്ക് തന്നെ ലയിപ്പിക്കുവാൻ മരങ്ങൾ കുടിയേതീരു. മണ്ണൊലിപ്പ് തടയുന്നതിനും, പ്രകൃതിക്ക് ആർദ്രത പകരുവാനും, മരങ്ങൾ ഉണ്ടാകണം. എന്തിനേറെ പറയുന്നു മനുഷ്യരാശിയെ ഞെട്ടിപ്പിച്ച  സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങൾ ക്കെതിരെ ചിറകെട്ടി നിൽക്കുവാൻ മരങ്ങൾക്കു  മാത്രമേ കഴിയുകയുള്ളൂ. 
         ഓരോ മരത്തെയും മുറിപ്പെടുത്തുമ്പോൾ,അതിന്റെ  പ്രാണൻ എടുക്കുമ്പോൾ നാം നശിപ്പിക്കുന്നതു അതിനെ  ആശ്രയിച്ചു നിൽക്കുന്ന ആവാസവ്യവസ്ഥയെ കൂടിയാണ് . വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്, നശിപ്പിക്കേണ്ടത് അല്ല. 'ഹരിതഭൂമി സുന്ദരഭൂമി ' അതാകട്ടെ  നാമോരോരുത്തരുടെയും ലക്ഷ്യം. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന വിധം ഈ  ഉദ്യമത്തിൽ നമുക്കോരോരുത്തർക്കും ഭാഗമാകാം.
         
ലാലികുട്ടി കെ.
UPST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം