സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം അനിവാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം അനിവാര്യം

പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന ഏതൊരു വ്യത്യാസവും മനുഷ്യ വർഗ്ഗത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. അതിനാൽ പ്രകൃതിയെ അതിന്റെ നൈസർഗ്ഗികമായ അവസ്ഥയിൽ കഴിയുന്നിടത്തോളം പരിപാലിച്ചു പോരേണ്ടത് പരമപ്രധാനമാണ്. മാനവരാശി എല്ലാ മേഖലയിലും പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോഴും പലവിധ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നിത്യേനയെന്നോണം നേരിടേണ്ടി വരുന്നത്.

തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുുറം അമിതാസക്തി കാരണം മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചതോടെയാണ് പരിസ്ഥിതിക്ക് കോട്ടം വന്നു തുടങ്ങിയത്. അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനയും ,ഭക്ഷണത്തിനും വ്യവസായ വൽക്കരണത്തിനുമായി മനുഷ്യൻ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന വൻതോതിലുള്ള പ്രകൃതി ചൂഷണണവും പരിസ്ഥിതി സന്തുലനം പാടേ തകിടം മറിച്ചിരിക്കുകയാണ്.

പരിസ്ഥിതി മലിനീകരണത്തിനുള്ള കാരണങ്ങൾ അനവധിയാണ്. വായു, ജലം, മണ്ണ്, തുടങ്ങി പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളും കാലദേശഭേദമന്യേ മലിനമാക്കപ്പെടുന്നുണ്ട്. ഈ മലിനീകരണ പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ സ്വാഭാവിക നിലനിൽപ്പിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

പ്ലാസ്റ്റിക് പോലെ മണ്ണിൽ അഴുകി ചേരാതെ കിടക്കുന്ന ഖരമാലിന്യങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് പ്രധാന കാരണമാകുന്നു. ഇവ മനുഷ്യർക്ക് സൃഷ്ടിക്കുന്ന തലവേദനയ്ക്ക് പുറമേ കരയിലേയും കടലിലേയും ജീവജാലങ്ങൾക്ക് വരുത്തുന്ന ഭീഷണി വേറെ. കൃത്രിമ വളങ്ങളും കീടനാശിനികളും മണ്ണു മാത്രമല്ല ജലവും വായുവും മലിനമാക്കുന്നു.

നമ്മുടെ നാട്ടിൽ ഒരു പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾക്ക് കാരണമാകുന്നത് ആ പ്രദേശത്തെ വയലുകളിലും നീർത്തടങ്ങളിലും ഉള്ള വെള്ളമാണ്. വയലുകൾ നികത്തുന്നത് കിണറുകളിലെ ജലം വർധിച്ച തോതിൽ കുറയാൻ കാരണമാകുന്നു. ഇതിനു പുറമേ നീർത്തടങ്ങളിൽ മാത്രം കാണുന്ന പലതരം ജീവജാലങ്ങളും ഇവ‍ തേടിവരുന്ന പക്ഷികളും ഇല്ലാതാകുന്നു. വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്നതിന്റെ പ്രധാന കാരണവും വയൽ നികത്തൽ തന്നെ.

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വായുമലിനീകരണം. ശ്വസിക്കാൻപോലും ശുദ്ധമായ വായു ലഭ്യമല്ലാത്ത അവസ്ഥയിലാണ് നമ്മുടെ പല പ്രധാന നഗരങ്ങളും . വന നശീകരണവും വാഹനങ്ങളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമുള്ള പുകയും, വിഷവാതകങ്ങളും അന്തരീക്ഷവായു വിഷമയമാക്കുന്നു. അതിനാൽ നമ്മുടെ വായു ശുദ്ധമായി സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയായി കരുതണം.

വായുമലിനീകരണത്തിൻറെ ഭാഗമായുണ്ടാകുന്ന ഏറ്റവും ഭീകരമായ പാരിസ്ഥിതിക പ്രശ്നമാണ് ആഗോളതാപനം. ഭൗമാന്തരീക്ഷത്തിൽ കാർബൺഡയോക്‌സയിഡിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതാണ് ആഗോളതാപനത്തിന് കാരണമാകുന്നത്. കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിച്ച് ഒരു പാളിയായി പ്രവർത്തിക്കുകയും സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന താപത്തിന്റെ നല്ലൊരളവ് അന്തരീക്ഷത്തിനു പുറത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തുകയും ചെയ്യുന്നു. ഇത് ഭൂമിയിലെ താപനില വർദ്ധിക്കുവാൻ കാരണമാകുന്നു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാമാറ്റങ്ങളും ആഗോളതാപനത്തിന്റെ ഫലമാണ്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞ്, ഹിമാനികൾ എന്നിവ ഉരുകി സമുദ്രജലനിരപ്പ് ഉയരാനും, ദ്വീപുകളും താഴ്ന്ന തീരപ്രദേശങ്ങളും വെള്ളത്തിനടിയിലാവാനും ആഗോളതാപനം കാരണമാകുന്നു.

ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺപാളിയ്ക്ക് ഉണ്ടാകുന്ന വിള്ളലും പരിസ്ഥിതി മലിനീകരണത്താലാണ് ഉണ്ടാകുന്നത്. ഓസോൺ പാളിയിലെ വിള്ളലുകൾവഴി അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കാനിടവരുന്നു. ഈ രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് മനുഷ്യനിലും മറ്റു ജന്തുക്കളിലും തിമിരം, ത്വക്ക് ക്യാൻസർ എന്നിവ ഉണ്ടാക്കാൻ ഇത് കാരണമായേക്കും. ചില ജീവികളുടെ വംശനാശത്തിന് തന്നെയും ഇത് ഇടയാക്കുന്നു. റഫ്രിജറേറ്റർ, എയ്റോ സോൾ, അഗ്നിശമന പദാർഥങ്ങൾ മുതലായവയിൽ നിന്നും പുറത്തുവരുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ, ബ്രോമോ ഫ്ലൂറോ കാർബണുകൾ എന്നിവയാണ് ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്നത്.

ആണവ വികിരണങ്ങൾ, പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളും വളരെ വലുതാണ്. ഇവയൊക്കെ സമയബന്ധിതമായും കർശനമായും നിയന്ത്രിച്ചില്ലെങ്കിൽ വിവരണാതീതവും പരിഹരിക്കാനാകാത്തതുമായ പരിസ്ഥിതി പ്രശ്നങ്ങളാകും നമ്മൾ നേരിടേണ്ടി വരിക. അത് ചിലപ്പോ മനുഷ്യവർഗ്ഗത്തിന് നേരിടാൻ പറ്റാത്തത്ര ഭീകരവും ആയിരിക്കും.

കൃഷ്ണേന്ദു കെ. വി.
7 എഫ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം