സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/വീണ്ടും വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും വസന്തം

കാർ നിരത്തിലൂടെ വളരെവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു, ഒപ്പം മരങ്ങളും. വേനൽച്ചൂടിന്റെ ആധിക്യത്തിലും പ്രകാശകിരണങ്ങളേറ്റ് തിളങ്ങുന്ന ജലകണങ്ങൾ കായലിന്റെ ശോഭ ഒന്നുകൂടി മാറ്റുകൂട്ടുന്നു. തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും ഇളംകാറ്റിൽ നൃത്തം വയ്ക്കുന്ന വൃക്ഷങ്ങൾക്കും ധാരാളം കഥകൾ പറയാനുണ്ടായിരുന്നു. അനേകം കാലമായി തനിക്കുവേണ്ടി കഥകളുമായി കാത്തിരിക്കുന്ന അനേകം ആളുകളെ പോലെ റോൺ അവയെല്ലാം ആസ്വദിച്ചു. റോൺ നാട്ടിൽ വരുന്നത് ഇതാദ്യം. അവൻ ജനിച്ചതും വളർന്നതും സൗദിയിൽ ആണ്. അച്ഛനും അമ്മയും മലയാളികളെങ്കിലും പണത്തിനായുള്ള പരക്കം പാച്ചിലിൽ നാടും നാട്ടുകാരും അവരുടെ ഓർമ്മകളിലെവിടെയോ മറഞ്ഞിരുന്നു. അച്ഛന്റെയും അമ്മയുടെയും അസുഖവും പെട്ടെന്നുള്ള മരണവും അവനെ തളർത്തിയിരുന്നു. ഏകാന്തതയുടെ തടവിൽ ആയിരുന്നപ്പോഴാണ് ആലപ്പുഴയിലുള്ള അമ്മയുടെ വീട്ടിൽ പോകുവാൻ ഉള്ള ആഗ്രഹം ഉദിച്ചത്.

പെട്ടെന്നു കാർ നിന്നു. "സാർ, സ്ഥലം എത്തി", ഡ്രൈവർ ഗൗരവത്തിൽ പറഞ്ഞു.

വളരെ പെട്ടെന്ന് സാധനങ്ങൾ ഇറക്കി കാശും മേടിച്ചു ധൃതി പിടിച്ച് അയാൾ പോയി. തന്റെ അമ്മയുടെ വീടാണിത്. ഞാൻ ഇന്നേവരേ കണ്ടിട്ടില്ലാത്ത ആ വീട്. ശാന്തത മുറ്റിനിൽക്കുന്ന ആ മുറ്റത്ത് നിന്നുകൊണ്ട് അവൻ ഉറക്കെ ചോദിച്ചു , "ആരുമില്ലേ ഇവിടെ?"

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പ്രായമുള്ള ഒരാൾ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. "ആരാ കുട്ടി നീ.. ?" അദ്ദേഹത്തിൻറെ ഇടറിയ ശബ്ദത്തിലും വാത്സല്യം പതിഞ്ഞിരുന്നു. റോൺ തന്നെത്തന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ അദ്ദേഹത്തിൻറെ കണ്ണു നിറഞ്ഞു. സന്തോഷത്തോടെ അയാൾ അകത്തേക്കു നോക്കി വിളിച്ചു. "അന്നമേ, ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്ക്, നമ്മുടെ കൊച്ചുമോൻ റോൺ. സൗദിയിൽ നിന്നു വന്നിരിക്കുവാ". ഓടിപ്പാഞ്ഞുവന്നതിൻറെ കിതപ്പിലും കൊച്ചുമോനെ കണ്ടതിന്റെ സന്തോഷം അവരുടെ മുഖത്തും അലയടിച്ചിരുന്നു. അവർ അവനെ സ്വീകരിച്ചിരുത്തി. തനിച്ചായിരുന്ന ചാച്ചനും അമ്മച്ചിക്കും ഒരു നിധി കിട്ടിയതുപോലെ സന്തോഷം. മണലാരണ്യത്തിൻറെ ഏകാന്തതയിൽ എവിടെയോ കളഞ്ഞുപോയ തന്റെ മനസിന്റെ സന്തോഷവും സമാധാനവും തിരികെ കണ്ടെത്തിയതിൻറെ ആഹ്ളാദം ആയിരുന്നു ആ ചെറുപ്പക്കാരന്റെ മുഖത്ത്. കഥകൾ പറയാൻ ധാരാളം ഉണ്ടായിരുന്നു അവർക്കെല്ലാം. കഥകൾ പറഞ്ഞും കേട്ടും കളിച്ചു ചിരിച്ചു നാളുകൾ കൊഴിഞ്ഞു വീഴുന്നത് അവർ അറിഞ്ഞിരുന്നതേയില്ല.

"ദേ ,നോക്കിയേ റോണിന് ഒരു പനിക്കോളുണ്ട്. ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല ,നിങ്ങളൊന്നു പറ " അമ്മച്ചിക്ക് ആകെയൊരു വിഷമം." ഞാൻ പറഞ്ഞതാ, അവൻ കേൾക്കണ്ടേ. അത് തനിയെ മാറിക്കൊള്ളും എന്നാ അവൻ പറയണേ.നീ ഏതായാലും ലേശം ചുക്ക് കാപ്പി ഉണ്ടാക്കികൊടുക്ക് ഒരാശ്വാസം കിട്ടും.ചെല്ല്".

ചുക്കുകാപ്പി ഉണ്ടാക്കികൊണ്ടു അമ്മച്ചി മുറിയിൽ ചെല്ലുമ്പോൾ റോൺ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. തൊട്ടുനോക്കിയപ്പോൾപൊള്ളുന്നചൂട്. അമ്മച്ചിക്കാകെ ആധിയായി. പെട്ടെന്നുതന്നെ അവർ മുറ്റത്തേക്കിറങ്ങി ഉറക്കെ വിളിച്ചു ."റോബിൻ.....റോബിൻ...ഒന്ന് വേഗം വാടാ". അവരുടെ വീടിനടുത്ത് ഒരു കൊച്ചുകൂരയുണ്ട് അവിടെയാണ് റോബിനും അവൻറെ അമ്മയും കഴിഞ്ഞിരുന്നത്. അവൻറെ 'അമ്മ ഈ കഴിഞ്ഞ ഇടയാണ് ഒരു അപകടത്തിൽ മരിച്ചത്. ചാച്ചനും അമ്മച്ചിക്കും ഒരാവശ്യം വരുമ്പോൾ സഹായത്തിനു അവനെ വിളിച്ചിരുന്നു. കുറച്ചു പൈസയും കൊടുക്കുമായിരുന്നു. "എന്താ അമ്മച്ചി എന്നാ പറ്റി?" "നീ പോയി ഒരു ഓട്ടോ വിളിച്ചുകൊണ്ടുവാ, റോൺ മോനെ ആശുപത്രിയിൽ കൊണ്ടുപോകണം"

റോബിൻ കാറ്റുപോലെ പാഞ്ഞു.ഓട്ടോസ്റ്റാൻഡിൽ അകെ ഉണ്ടായിരുന്ന ഓട്ടോയുടെ അടുത്തുചെന്നു വിവരം ധരിപ്പിച്ചപ്പോൾ അയാളൊരു നോട്ടം. "കണ്ട രോഗം പിടിച്ചതിനെയെല്ലാം വലിച്ചുകൊണ്ടുപോയിട്ടുവേണം ഇനി നമുക്കുകൂടി വരാൻ. പോ ചെക്കാ അവിടുന്ന്". അയാൾ കൈയൊഴിഞ്ഞു.

റോബിൻ ചായക്കടയിൽ കയറി സാബുചേട്ടനോട് കാര്യം പറഞ്ഞു. അയാളൊരു നല്ല മനുഷ്യനായിരുന്നതുകൊണ്ട് ആരോഗ്യ വകുപ്പിന്റെ സെൽ നമ്പറിൽ വിളിച്ചു കാര്യം അറിയിച്ചു. റോബിൻ തിരികെയോടി ."അമ്മച്ചി ഇപ്പം വണ്ടി വരും. ഓട്ടോ വരുന്നതും നോക്കിയിരുന്നപ്പോൾ പാഞ്ഞുവരുന്ന ആംബുലൻസ് കണ്ടു അമ്മച്ചി ഒന്ന് ഞെട്ടി. ആരോഗ്യ പ്രവർത്തകർ വേഗം എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോൺ വൈറസ് ബാധയെ തുടർന്ന് ഏറ്റവും മോശം അവസ്ഥയിൽ എത്തി ചേർന്നിരുന്നു. ചാച്ചനും അമ്മച്ചിക്കും രോഗം പടർന്നിരിക്കുമെന്നും സംശയം ഉണ്ടായിരുന്നു. ചികിത്സ തേടാൻ ഇത്ര വൈകിയത് പ്രീതികൂലമായി ബാധിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് റോണിന്റെ അവസ്ഥ വഷളാവുകയും രണ്ടുമൂന്നു ദിവസത്തിനുളിൽ മരണം സംഭവിക്കുകയും ചെയ്തു. കൊച്ചുമോനെ അവസാനം ഒന്ന് കാണാൻ പോലും ചാച്ചനും അമ്മച്ചിക്കും കഴിഞ്ഞില്ല. രോഗിയുമായി അടുത്തിടപഴകിയവരായിരുന്നതിനാൽ അവരെയും വീട്ടിൽ നിരീക്ഷണത്തിൽ ആക്കി. ഇതറിഞ്ഞ അവരുടെ അയൽക്കാരും മറ്റും അവരെ അവഗണിക്കാൻ തുടങ്ങി. ഏകന്തതയുടെയും ഒറ്റപ്പെടലിന്റെയും ക്രൂരത അവരെ വല്ലാതെ ബാധിച്ചു. എല്ലാവരും മാറി നിന്നപ്പോഴും റോബിൻ അവരോടൊത്തുണ്ടായിരുന്നു. റോബിൻ അവരോടൊന്നിച്ചു കഴിഞ്ഞു. വീട്ടിൽ കൃഷി ചെയ്തിരുന്നതിനാൽ ഭക്ഷണത്തിനൊന്നും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചേനയും ചേമ്പും കപ്പയും അവർ കൃഷി ചെയ്തു തുടങ്ങി. റോബിൻ ഇതിനെല്ലാം അവരുടെ കൂടെ കൂടി. ഒരു ചെറു ജലദോഷം വന്നെങ്കിലും അത് അവൻ അത്ര കാര്യമാക്കിയില്ല</.p align=justify>

ആദ്യ ഘട്ടത്തിൽ രോഗത്തിൻറെ ലക്ഷണങ്ങൾ കാണിച്ചിരുന്നെങ്കിലും പിന്നീട് അത് അപ്രത്യക്ഷമായത് അത്ഭുതം !"നിങ്ങൾക്കു കുഴപ്പമൊന്നുമില്ല അസുഖം മാറി എന്ന ആരോഗ്യ പ്രവർത്തകന്റെ വാക്കുകൾ ഒരു ചെറു ചിരിയോടെയാണ് അവർ വരവേറ്റത്. അവരുടെ കൂടെയിരുന്നു അവരെ ശുശ്രുഷിച്ച റോബിന് രോഗമുണ്ടോ എന്നതു പരിശോധിക്കാനായി അവർ ഇതിനുമുമ്പ് വന്നപ്പോൾ സാമ്പിൾ ശേഖരിച്ചിരുന്നു. ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോൾ സന്തോഷം."കൈകൾ വൃത്തിയായി കഴുകണം. ആവശ്യമില്ലാതെ പുറത്തൊന്നും പോകരുത്. മാസ്ക് ധരിക്കണം. വ്യക്‌തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം" എന്നിങ്ങനെ ആരോഗ്യപ്രവർത്തകൻ നിർദ്ദേശങ്ങൾ ആവർത്തിക്കാൻ തുടങ്ങി. ചാച്ചൻ ഒന്ന് പുഞ്ചിരിച്ചു.

"മോനെ,ഞങ്ങൾക്കൊന്നും ഈ വൈറസിനെ കുറിച്ചോ ഇതിൻറെ ചികിത്സാരീതികളെകുറിച്ചോ ഒന്നുമറിയില്ല. പക്ഷെ ഒന്നുണ്ട്. നമ്മുടെ മണ്ണിൽ വിളയിച്ച വിഭവങ്ങളായ കപ്പയും ചക്കയും മാങ്ങയും ചേനയും ചേമ്പും കാച്ചിലും ഒക്കെ കഴിക്കണം. ഇവയൊക്കെത്തന്നെയും മരുന്നുകളല്ലേ. ആവി പിടിക്കണം. ചുമ വന്നാൽ തേനും മഞ്ഞളും ചാലിച്ചു കഴിക്കണം. ഇങ്ങനെയെന്തെല്ലാം ഉണ്ട്. പ്രകൃതിയോട് ചേർന്നു നില്ക്കു, പ്രതിരോധശേഷിയെ വളർ ത്തിയെടുക്ക്. പിന്നെ ഏതു വൈറസാണ് നമ്മെ ആക്രമിക്കുക.പ്രതിരോധമല്ലേ ചികിത്സയേക്കാൾ മികച്ചത്."ചാച്ചന്റെ വാക്കുകളിലെ കഴമ്പ് എല്ലാവരുംമാനസിലാക്കി കഴിഞ്ഞിരുന്നു. ഇതിനോടുചേർന്ന് കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും അങ്ങനെ ഒന്നിച്ചു പോരാടാനുള്ള വലിയ ആവേശത്തോടെയാണ് ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അവിടെനിന്നു മടങ്ങിയത്.

ഇന്ന് റോബിൻ ,ഡോക്ടർ റോബിനാണ്. ആപത്തുകാലത്തു തങ്ങളോടൊപ്പം നിന്ന അവനെ ആ വൃദ്ധ മാതാപിതാക്കൾ കൊച്ചുമകനായി കണ്ടു പഠിപ്പിച്ചു .അവൻ അവർക്കു തണലായി ഇന്ന് ആയിരങ്ങൾക്ക് സേവനം ചെയുന്നു.



ജെയിംസ് മാനുവൽ
9 A സെൻറ്‌ ജോൺ എൻ എച് എസ് എസ് കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കഥ