Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിലൂടെ നേരിടാം
ഒരു ദീർഘ നിശ്വാസത്തിനായി മാനവരാശി ഒന്നടങ്കം പ്രത്യാശയുടെ നുറുങ്ങു വെളിച്ചത്തിൻ കിഴിലാണ് . കൊറോണ എന്ന ഈ മഹാമാരിക്ക് , ലോകത്തിനു നേരിടേണ്ടി വന്ന രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തം എന്ന പട്ടം ചാർത്തപ്പെട്ടു . ലോകം ഒന്നടങ്കം പ്രാത്ഥനയുടെ, പ്രത്യാശയുടെ, അതിലുപരി 'പ്രതിരോധത്തിന്റെ മാർഗേണ കൊറോണക്കെതിരായ പോരാട്ടത്തിൻറെ പാതയിൽ ആണ്.
കൊറോണക്കെതിരായ കൂട്ടായ്മ 'കൂട്ടം ചേരൽ ഒഴിവാക്കുക, നിശ്ചിത അകലം പാലിച്ചു രോഗത്തെ തടയുക' എന്ന യുക്തിപൂർവ്വമായ മാർഗത്തിലൂടെ ആണ് കടന്നു പോകുന്നത്.
ഈ അവസരത്തിൽ അത്യധികം പ്രാധാന്യം അർഹിക്കുന്ന മൂന്ന് വിഷയങ്ങൾ ആണ് 'പരിസ്ഥിതി', 'ശുചിത്വം', 'രോഗപ്രതിരോധം'. ഇവ മൂന്നും വിരൽ ചൂണ്ടുന്നത് ഒരൊറ്റലക്ഷ്യത്തിലേക്കാണ്; കൊറോണയെ അതിജീവിക്കുക .
കൊറോണയിൽ നിന്നും അതിജീവനം എന്ന പരമ ലക്ഷ്യത്തിലേക്കുള്ള ആദ്യ കവാടം ശുചിത്വം തന്നെ ആകുന്നു . ശുചിത്വം എന്നുദ്ദേശിക്കുമ്പോൾ അത് കേവലം വ്യക്തി ശുചിത്വത്തിന്റെ ചട്ടകൂടിനുള്ളിൽ ഒതുക്കി നിർത്തേണ്ടതല്ല, മറിച്ചു പരിസര ശുചിത്വവും പ്രാധാന്യം അർഹിക്കുന്നു. വ്യക്തി ശുചിത്വത്തിൽ നാം മുൻപന്തിയിൽ ആണെങ്കിലും പരിസര ശുചിത്വത്തിൽ ഏറെ പിന്നിൽ ആണ്. രോഗം പടർന്നു പിടിക്കാൻ ഉള്ള ഓരോ പഴുതും സസൂഷ്മം അടക്കുക വഴി നാം സ്വയം സുരക്ഷിതരാകുക മാത്രമല്ല സാമൂഹിക സുരക്ഷ കൂടിയാണ് ഉറപ്പാക്കുന്നത്.
ഒരു മാസ കാലയളവിൽ നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ കാലം ജനങ്ങൾക്ക് കുറച്ചധികം ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളും തീർക്കുന്നുണ്ട് ; എന്നിരുന്നാലും അത് കർശനമായി പാലിച്ചുകൊണ്ട് ജനങ്ങൾ മുന്നേറുകയാണ്. ജനങ്ങൾ സ്വന്തം ആഗ്രഹങ്ങളെ, ശീലങ്ങളെ പാടെ മാറ്റിയും ഒതുക്കിയും എല്ലാം അതിജീവനത്തിന്റെ , പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു .
കൊറോണ കാലത്തു എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടെ ആണ് പെരുമാറുന്നത്. എന്നിരുന്നാലും നാം കൈകൂപ്പി നിൽക്കത്തക്കവണ്ണമുള്ള പ്രവർത്തങ്ങളിലൂടെ തങ്ങളുടെ കർത്തവ്യം വിശ്രമമില്ലാതെ നിർവഹിക്കുന്ന രണ്ട് വിഭാഗം ആരോഗ്യ രംഗവും പോലീസ് രംഗവും ആണ്. കൊറോണ കാലത്തു ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചുകൊണ്ട് ഈ മഹാമാരിയെ തൂത്തെറിയാൻ ഉള്ള തത്രപ്പാടിൽ രാപ്പകൽ ഭേദമന്യേ ഉള്ള നെട്ടോട്ടത്തിലാണ് ഈ രണ്ട് വിഭാഗങ്ങളും .
ഈ അവസരത്തിൽ കോവിഡ് 19 എന്ന ഈ വൈറൽ രോഗത്തെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ലോകം സ്വയമേവ ഒരു രക്ഷാ കവചം പടുത്തുയർത്തുകയാണ് .
കൊറോണക്കെതിരായ ഈ മഹായുദ്ധത്തിൽ പ്രാർത്ഥനയിലൂടെ മാത്രം വിജയം സാധ്യമല്ല. മറിച്ച് മനസിനെയും ശരീരത്തെയും സുരക്ഷിതമായ പാതയിലൂടെ നടത്താൻ ശ്രമിക്കുകയാണ് വേണ്ടത് .
മാസ്ക്കുകൾ ധരിച്ചും , തുമ്മുമ്പോൾ തൂവാലകൾ കൊണ്ട് മറച്ചും , കൈകൾ ഇടക്കിടെ കഴുകിയും , മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴുവാക്കിയും , ഏകദേശം 100 മീറ്റർ അകലം മറ്റുള്ളവരിൽ നിന്നും പാലിച്ചും സ്വയരക്ഷയും പരിരക്ഷയും ഉറപ്പാക്കേണ്ടതിൻറെ ആവശ്യകത അത്യധികം വർധിച്ചിരിക്കുന്നു .
ഈ കൊറോണ കാലത്തു സ്വാർത്ഥത പോലും മാറ്റിവെച്ചു നിരാശ്രയരായവർക്ക് ആശ്രയമേകി അവരെയും രോഗത്തിന്റെ കൈപ്പിടിയിൽ നിന്നും മാറ്റി നിർത്താനുള്ള മനസ് നമുക്ക് ഉണ്ടായി. ഈ കുറഞ്ഞ കാലത്തിനുള്ളിൽ നാം മാനവിക മൂല്യങ്ങളോട് കൂടിയ മനുഷ്യരായിമാറ്റപെട്ടു . ഈ മാനവികത തന്നെ ആകട്ടെ കോവിഡ് 19 എന്ന ഈ മഹാമാരിയെ പിഴുതെറിയാനുള്ള തുറുപ്പുചീട്ട് .
കർഫ്യൂ ദിനങ്ങളിൽ ശബ്ദ കാഹളങ്ങൾ മുഴക്കിയും ദീപങ്ങളാൽ ശോഭപരത്തിയും കൊറോണക്കെതിരായ പോരാട്ടം നാം ഓരോരുത്തരും രേഖപ്പെടുത്തി . ഈ ആവേശമാണ് , ഊർജ്ജമാണ് നമുക്ക് വേണ്ടത്. കേവലം ഒരു രോഗത്തിനും മുന്നിൽ പതറി നിലം പതിക്കുന്നതല്ല മാനവരാശിയുടെ പാരമ്പര്യം എന്ന് ഉറക്കെ ആർത്തു കൊണ്ട് നമുക്ക് പോരാടാം .
രോഗബാധയും മരണനിരക്കും മാത്രം കേട്ട് നിരാശനാകാതെ ചികിൽസിച്ച് രോഗം ഭേദമാക്കപ്പെട്ടു വീട്ടിലേക്ക് ചേക്കേറുന്നവരെ കണ്ടു ആത്മവിശ്വാസത്തെ വീണ്ടെടുക്കുകയാണ് വേണ്ടത്. ലോകം ഒന്നടങ്കം ഈ മഹാമാരിയെ നേരിടുകയാണ് ഈ കൂട്ടായ്മക്കു മുന്നിൽ നിശ്ചയദാർഢ്യത്തിനു മുന്നിൽ , നിസ്വാർത്ഥതക്ക് മുന്നിൽ ചങ്കുറപ്പിനുമുന്നിൽ ഏതൊരുവിപത്തും അടി ഇടറുക തന്നെ ചെയ്യും .
പരിസ്ഥിതി ശുചിത്വം , രോഗപ്രതിരോധം എന്നീ ഘടകങ്ങളുടെ പ്രാധാന്യത്തെ ഉൾകൊണ്ട് സുരക്ഷയുടെ കവചം പടുത്തുയർത്താൻ നാം ഏവർക്കും കൈകോർക്കാം. ഒരു ദീർഘ നിശ്വാസത്തിനായുള്ള ഈ കാത്തിരിപ്പ് ആത്മ വിശ്വാസത്തോടെ നമുക്ക് തുടരാം....., കോവിഡ് 19 എന്ന ഈ മഹാമാരിയെ പ്രതിരോധം എന്ന മറുമരുന്നിലൂടെ നമുക്ക് അകറ്റാം.........
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|