സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/എന്റെ ഗ്രാമം
ചരിത്രപരമായി വരെ പ്രധാനപ്പെട്ട സ്ഥലമാണ് കല്ലോടി. കല്ലോടി കല്ല്മൊട്ടൻകുന്ന് ചോരൻകുന്ന് അങ്കകളരി എന്നിങ്ങനെ പേരുകളുള്ള കുന്നും സ്ഥലങ്ങളും ഉൾക്കൊള്ളുന്ന പ്രദേശമാണ്. ചോരൻകുന്ന് എന്ന സ്ഥലം തസ്കരസങ്കേതങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രമായിരുന്നെന്നും മെതിയറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അങ്കകളരി എന്ന മൈതാന സ്ഥലം പഴശ്ശി മ്പുരാന്റെ കാലത്ത് അദ്ദേഹത്തിന്റെ കാലാൾപടയായിരുന്ന നായർ പടയാളികൾക്കും കുറിച്യ പടയാളികൾക്കും ആയുധ പരിശീലനം നടത്തിയ സ്ഥലമായിരുന്നു എന്നും ഐതിഹ്യങ്ങൾ പറഞ്ഞു കേൾക്കുന്നു.
കോഴിക്കോട്. തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പക്രംതളം ചുരം
വഴിയാണ് ജനങ്ങൾ നാട്ടിലെത്തിയിരു ന്നത്. കാൽനടയാത്രക്കാരെ കള്ളൻമാർ കൊള്ളയടിക്കുക പതിവായിരുന്നു.കള്ളന്മാരെ തുരത്താൻ യാത്രക്കാർ കൈയിൽ കല്ലുമായി ഓടുകയായിരുന്നു ചെയ്തത്. കല്ലുമായി ഓടിയിരുന്നത് കൊണ്ട് കല്ലെടുത്തോടി എന്ന പേര് വിളിക്കുകയും അത് ലോപിച്ച് കല്ലോടി എന്ന പേര് ലഭിച്ചുവെന്നും പഴമക്കാർ പറയുന്നു. വെള്ളക്കാർക്കെതിരായ പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു എടച്ചന കുങ്കൻ. 'ഒരു തരത്തിലും വഴങ്ങാത്ത ലഹള തലവൻ 'എന്ന് ബ്രിട്ടീഷുകാർ പോലും വിശേഷിപ്പിച്ച കുങ്കനും പഴശ്ശി പടയുടെ നായകൻമാരിൽ ഒരാളായിരുന്നു.എടവക അംശം കല്ലോടി എടച്ചന നായർ തറവാടായ മീത്തലെ ഇടത്തിൽ ആയിരുന്നു കുങ്കന്റെ ജനനം എടവക,വേമം, നല്ലൂർനാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന എള്ളോനാട് സ്വരൂപത്തിന്റെ ഭരണാധികാരം എടച്ചന നായന്മാർക്ക് ആയിരുന്നു. രാജകുടുംബവുമായി അടുത്ത ബന്ധം ഇവർക്കുണ്ടായിരുന്നു.
വീര പഴശ്ശിരാജയുടെ പോരാട്ടകഥകളിലെല്ലാം കുങ്കന്റെ വീരസാന്നിധ്യമുണ്ട്. 1796 ൽ ലഫ്റ്റ്നൻഡ് ജെയിംസ് ഗോൾഡന്റെ നേതൃത്വത്തിലുള്ള കമ്പനി പട്ടാളം ആക്രമിച്ചതോടെ പഴശ്ശിരാജാവിനെ വയനാട്ടിലേക്ക് ആനയിച്ചത് എടച്ചന കുങ്കനായിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു. എടച്ചന കുങ്കനും തലയ്ക്കൽ ചന്തുവും ആയിരുന്നു പഴശ്ശിപ്പടയുടെ നട്ടെല്ല്. 1802 ഒക്ടോബർ 11ന് പനമരം കോട്ട പിടിച്ചെടുത്തതും ചന്തുവും കുങ്കനും നേതൃത്വം നൽകിയ പടയായിരുന്നു. ബ്രിട്ടീഷ് പടക്ക് സ്ഥിരം ശല്യം ആയതോടെ കുങ്കനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇദ്ദേഹത്തെ പിടിച്ചു കൊടുക്കുന്നവർക്ക് പ്രത്യേക സമ്മാനം വാഗ്ദാനം ചെയ്യുകയും ചെയ്തു.
തലയ്ക്കൽ ചന്തു ശിരച്ഛേദം ചെയ്യപ്പെട്ടപ്പോൾ "തന്റെ വലം കൈ നഷ്ടപ്പെട്ടു" എന്നാണത്രേ എടച്ചന കുങ്കൻ പ്രതികരിച്ചത്. പഴശ്ശിരാജയും വധിക്കപ്പെട്ട തോടുകൂടി എടച്ചന കുങ്കൻ മാനസികമായി തളർന്നു.എങ്കിലും ഈ ധീരൻ ബ്രിട്ടീഷുകാർക്ക് പിടി കൊടുത്തില്ല. ബ്രിട്ടീഷ് പടക്ക് പിടി കൊടുക്കാൻ മനസു കാണിക്കാത്ത അദ്ദേഹം തന്റെ സന്തതസഹചാരിയുടെ വാളുപയോഗിച്ച് സ്വയം കുത്തി വീരാഹുതി പ്രാപിച്ചു.
ഇംഗ്ലീഷ് കമ്പനി പട്ടാളത്തെ ഗറില്ലാ യുദ്ധത്തിലൂടെ വട്ടംചുറ്റിക്കുകയും നൂറുകണക്കിന് ഇംഗ്ലീഷ് പട്ടാളക്കാരെ കൊന്നൊടുക്കുകയും ചെയ്ത എടച്ചന കുങ്കന്റെ ജന്മഗൃഹം എടവക പഞ്ചായത്തിലെ എടച്ചന ഗ്രാമത്തിലാണ്. പടയോട്ടങ്ങൾക്കും പരിശീലനങ്ങൾക്കും സാക്ഷ്യം വഹിച്ച ആ പഴയ വീട് ഇന്നില്ല. പുല്ല് മേഞ്ഞ കെട്ടിടത്തിനു പകരം ഓടിട്ട ഒരു ചെറിയ വീട് അവിടെ ഉയർന്നിരിക്കുന്നു. കുങ്കന്റെ കുടുംബത്തിലെ ആളുകളാണ് ആ വീട്ടിൽ താമസിക്കുന്നത്. വീടിനു മുൻപിൽ കുങ്കൻ സ്ഥാപിച്ച കൽവിളക്കും പരദേവതയുടെ മണ്ഡപവും ക്ഷേത്രവും ഇന്നുമുണ്ട്.
കണ്ണൂർ മേലേചൊവ്വ ഭാഗത്തുനിന്നും എടത്തിൽ ഗോപാലൻ നായരും കുടുംബവും ഒരപ്പ് ഭാഗത്ത് താമസമാക്കി. അദ്ദേഹം ഈ പ്രദേശത്തിന് അധികാരിയായി തീർന്നു. അവരുടെ കുടുംബപ്പേരായ എടത്തിൽ എന്നതിൽ നിന്നുമാണ് എടവക എന്ന പേരുണ്ടായതെന്നും, ഫലപുഷ്ടിയുടെ കാര്യത്തിൽ ഈ പ്രദേശത്തെ മണ്ണ് മേൽത്തരവുമല്ല കീഴ്ത്തരവുമല്ല ഇടത്തരമാണ്. ഈ പ്രദേശത്തെ മണ്ണ് ഇടത്തരം ആയതിനാൽ ഇടത്തരം എന്നത് ലോപിച്ച് എടവക എന്നായി മാറിയെന്നും ചിലർ അഭിപ്രായപ്പെടുന്നു.