സെന്റ് മേരീസ് യു. പി. എസ്. പുല്ലിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മണ്ണാർക്കാട് നഗരത്തിൽനിന്നും 4 km അകലെയാണ് സെന്റ്.മേരീസ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗതാഗത സൗകര്യങ്ങളോ വാഹന സൗകര്യങ്ങളോ ഇല്ലാത്ത ഈ ഗ്രാമപ്രദേശത്ത് 1953ലാണ് ഈ സ്കൂൾ സ്ഥാപിതമാവുന്നത്. കാവുങ്ങൽ മാധവൻ നായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. തുടക്കത്തിൽ നാലാം ക്ലാസ് വരെ മാത്രം ഉണ്ടായിരുന്ന ഈ സ്കൂൾ 1960ലാണ് യു.പി. സ്കൂളായി ഉയർത്തപ്പെട്ടത്. ആദ്യകാലത്ത് ഓലപ്പുരയായിരുന്ന ഈ സ്കൂൾ  ഓട്ടുപുരയിലേക്കും പിന്നീട് കോൺക്രീറ്റ് കെട്ടിടത്തിലേക്കും മാറുകയുണ്ടായി. മാധവൻ നായർക്ക് ശേഷം കൊറ്റിയോട് ബാലകൃഷ്ണ പണിക്കരും അദ്ദേഹത്തിന്റെ കാലശേഷം ഡോ.രാധാകൃഷ്ണനും ഈ സ്കൂൾ ഏറ്റെടുത്തു. 1999  ൽ അസ്സീസ്സി സഭ ഏറ്റെടുത്തതോടെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി. മികച്ച ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ ഒഴിവാക്കി വിശാലമായ ക്ലാസ്സ്മുറികളോടെ ഇരുനില കെട്ടിടം നിർമ്മിക്കുകയുണ്ടായി. കംപ്യൂട്ടർലാബ്,സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, വിശാലമായ ലൈബ്രറി - റീഡിങ് റൂം, കളിസ്ഥലം ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

  സി. ലിലിയ മരിയ ആളൂക്കാരൻ, സി. പൗളിറ്റ ചാണ്ടി, സി. ലൂസി കളപ്പുരയ്ക്കൽ, സി. ലിസ്സ തോമസ് എന്നിവരായിരുന്നു മുൻ മാനേജർമാർ. സി. ആൻസെലിൻ ആണ് നിലവിലെ മാനേജർ. രാമൻകുട്ടി ഗുപ്തൻ, ഗോവിന്ദൻകുട്ടി മാസ്റ്റർ, നാണിക്കുട്ടി കെ വി, ശാരദാമ്മ പി, പി ബാലസുബ്രഹ്മണ്യൻ എന്നിവർ ഈ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരാണ്. നിലവിൽ സി. ഷാന്റി ഫ്രാൻസിസ് ആണ് പ്രധാനാധ്യാപിക. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയായി 1143 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ - പാഠ്യേതര രംഗത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച ഈ വിദ്യാലയം കല- കായിക രംഗത്തും ജില്ലയിൽ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. പുല്ലിശ്ശേരി എന്ന ഈ ഗ്രാമപ്രദേശത്തിലെ ഏക പൊതുവിദ്യാലയമെന്ന നിലയിൽ നാട്ടുകാരുടെ അറിവിൻ വിളക്കുമാടമായി ഈ വിദ്യാലയം പ്രകാശിച്ചു നിൽക്കുന്നു. 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം