എസ് ഡി വി എച്ച് എസ് പേരാമംഗലം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
🔥 സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം
*ശ്രീ ദുർഗാ വിലാസം സ്കൂൾ* 🔥
പേരാമംഗലം
...............................................
🇮🇳 *ശ്രീ ദുർഗയിൽ വർണാഭമായി, സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം.* 🇮🇳
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വർഷം രാഷ്ട്രം അമൃത മഹോത്സമായി കൊണ്ടാടിയപ്പോൾ അതേ പൊലിമയോടെ .. പകിട്ടോടെ ശ്രീ ദുർഗാവിലാസം സ്കൂളും പങ്കു കൊണ്ടു. ആഗസ്റ്റ് പത്താം തീയ്യതി മുതൽ ആരംഭിച്ച അർത്ഥവത്തായ ആഘോഷ കാര്യക്രമങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിൽ ദേശാഭിമാനവും രാഷ്ട്ര സ്നേഹവും ഉണർത്തുന്നതായിരുന്നു.
✒️ *സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ്* ✒️
ആഘോഷ പരിപാടികളുടെ ആരംഭ ദിവസമായ ആഗസ്റ്റ് 10ന് വിദ്യാലയം ഒരുക്കിയ വിശാലമായ കാൻവാസിൽ സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് ഓരോ വിദ്യാർത്ഥിയും പങ്കുചേർന്നു. രണ്ടായിരത്തിൽ പരം വിദ്യാർത്ഥികളുടെ കൈയ്യൊപ്പുകൾ പതിഞ്ഞ കാൻവാസ് മൃതിയില്ലാത്ത - അമൃതമായ സ്വതന്ത്രതയുടെ പ്രതീകമാകുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യവുമാണെന്ന ഉത്തരവാദിത്വബോധം കുഞ്ഞുങ്ങളിലുണർത്താൻ വഴിയൊരുക്കി.
🌳 *അമൃത സ്വാതന്ത്ര്യത്തണലേകാൻ ഗാന്ധിമരം*🌳
ആഗസ്റ്റ് പതിനൊന്നാം തീയ്യതി ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയാങ്കണത്തിൽ ഗാന്ധി മരം നട്ടു . സത്യവും അഹിംസയും ജീവിതാദർശമാക്കിയ രാഷ്ട്രപിതാവിൻ്റെ നാമധേയത്തിൽ മരം നടുമ്പോൾ വിദ്യാർത്ഥി മനസ്സിൽ മുളച്ചുയരേണ്ടത് അതേ സത്യനിഷ്ഠയും അഹിംസാ ബോധവും നിശ്ചയദാർഢ്യവും കർമ കുശലതയും സമർപ്പണവും സംഘാടനാ പാടവവുമാണ്. അങ്ങനെ ഉത്തമരായ രാഷ്ട സേവകരാകാൻ മാർഗദർശനം നൽകുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ പ്രവർത്തനത്തിലൂടെ വിദ്യാലയം സാക്ഷാത്കരിച്ചത്. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിൻറു ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ പി. ആർ ബാബു, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ എം. എസ് . രാജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഗാന്ധി മരത്തിൻ്റെ പരിപാലനം ഗാന്ധിദർശൻ ക്ലബ് നിർവഹിക്കും .
🇮🇳 *ഭാരതാംബയ്ക്ക് ജയഭേരി മുഴക്കി ത്രിവർണ പ്രഭയോടെ ഘോഷയാത്ര* 🇮🇳
ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൻ്റെ വീരസ്മരണകൾ തൊട്ടുണർത്തുന്ന ധീര ദേശാഭിമാനികളുടെ വേഷപ്പകർച്ചകൾ ഭാരതാംബയുടെ പിന്നിൽ അണിനിരന്നു കൊണ്ട് ഭാരതാംബയ്ക്ക് ജയഭേരികൾ മുഴക്കി വിദ്യായത്തിലെ യു പി വിഭാഗം കുട്ടികളുടെ *ഘോഷയാത്ര* ആഗസ്റ്റ് പന്ത്രണ്ടാം തീയ്യതി നടന്നു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കെ. എം. ലെനിൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു . സ്കൂൾ മാനേജർ ശ്രീ എം. വി. ബാബു , പ്രധാനാധ്യാപകൻ ശ്രീ പി. ആർ. ബാബു , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ എം. എസ്. രാജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. .. തുടർന്ന് ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ *സൈക്കിൾ റാലി* യും നടന്നു. സ്കൂൾ മാനേജർ ശ്രീ എം. വി. ബാബു ഫ്ലാഗ് ഓഫ് ചെയ്തു .
നാടൊന്നാകെ ദേശാഭിമാനത്തിൻ്റെയും ദേശസ്നേഹത്തിൻ്റെയും അലകൾ തീർത്തു കൊണ്ട് നടന്ന ഘോഷയാത്രയും സൈക്കിൾ റാലിയും തങ്ങൾ ഈ നാടിനെ ഉദ്ബോധിപ്പിക്കേണ്ടവരാണെന്ന നേതൃബോധം കുഞ്ഞു മനസ്സിൻ്റെ ബോധമണ്ഡലത്തിൽ ഉണർത്താനുതകുന്നതായിരുന്നു.
💥🙏🇮🇳 *എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം - അമൃത മഹോത്സവം*🇮🇳🙏💥
ഭാരതധ്വജപ്രഭ തിളക്കമേറ്റിയ ശ്രീ ദുർഗയാണ് സ്വാതന്ത്ര്യ ദിനത്തിൽ കുഞ്ഞു മക്കളെ വരവേറ്റത്. ത്രൈവർണ്യ ശോഭ കൊണ്ട് അലംകൃതമായ വിദ്യാലയാങ്കണത്തിലെ ധ്വജ സ്തംഭത്തിൽ സ്കൂൾ മാനേജർ ശ്രീ എം. വി. ബാബു പതാകാരോഹണം ചെയ്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗം പി. ടി. എ. പ്രസിഡൻ്റ് ശ്രീ കെ. വി. ഷാജു. അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ സതീഷ് ചന്ദ്രൻ കെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്‌കൂൾ മാനേജർ ശ്രീ എം. വി. ബാബു , എൽ. പി. വിഭാഗം പ്രസിഡൻ്റ് ശ്രീ ദിനേഷ് എം ഡി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ. സ്മിത സ്വാഗതവും എൽ പി വിഭാഗം പ്രധാനാധ്യാപകൻ ശ്രീ കെ. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു. ശിശുമന്ദിരം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള കുട്ടികളുടെ ദേശഭക്തി ജനകങ്ങളായ നിരവധി പരിപാടികൾ അരങ്ങേറി . മുഴുവൻ കുട്ടികൾക്കും മധുര പലഹാരം നൽകിയതിന് ശേഷം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് സമാപനമായി.