സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൂന്നിലവിലും സമീപപ്രദേശങ്ങളിലും അറിവിന്റെ പ്രഭ വിതറി വിരാജിച്ചു നിൽക്കുന്ന സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ തുടക്കം 1942-ൽ സെന്റ് സെബാസ്റ്റ്യൻസ് കേംബ്രിഡ്ജ് സ്കൂൾ എന്ന പേരിൽ ആയിരുന്നു. അന്നത്തെ സ്ഥലനാമം 'കറുത്തകുന്ന്' എന്ന വിളിപ്പേരിൽ ആയതിനാൽ സ്കൂളും കറുത്തകുന്ന് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.ഇന്നത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മാതൃകയിൽ യു.പി. സ്കൂളിന് സമാന്തരമായി നടത്തിയിരുന്ന സ്വാശ്രയ സ്ഥാപനമായിരുന്നു കേംബ്രിഡ്ജ് സ്കൂൾ.

ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയോടുകൂടി സ്വകാര്യ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി.വാകക്കാട് പള്ളി വികാരി ബഹുമാനപ്പെട്ട സിറിയ ക് മുതുകാട്ടിൽ അച്ചന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ ഫലമായി വലിയ കുമാരമംഗലത്ത് മിഡിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം 1948 ജനുവരി 23 ന് തിരുവിതാംകൂർ ഗവൺമെന്റ് പുറപ്പെടുവിച്ചു. അതേ വർഷം ജൂൺ 28 ന് അഞ്ചാം ക്ലാസ് ആരംഭിച്ചു. കേംബ്രിഡ്ജ് സ്കൂൾ കെട്ടിടം യു.പി.സ്കൂളിനായി ഉപയോഗിച്ചു.

വലിയ കുമാരമംഗലം മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തുവാൻ നാട്ടുകാർ തീവ്രമായി ആഗ്രഹിച്ചു. മുഖ്യമന്ത്രി ശ്രീ എ. ജെ.ജോൺ പൂഞ്ഞാർ എംഎൽഎ ആയിരുന്നു. മൂവാറ്റുപുഴ,തൊടുപുഴഎം.എൽ.എ.മാർ, മീനച്ചിൽ എം.പി ശ്രീ പി. റ്റി.ചാക്കോ, കോൺഗ്രസ് നേതാവ് കുമ്പളത്ത്‌ ശങ്കുപിള്ള എന്നിവരും മറ്റ് നിരവധി നേതാക്കളും ഹൈസ്കൂൾ അംഗീകാരത്തിനായി തീവ്രമായി പരിശ്രമിച്ചു.1953 - ജൂൺ 1 ന് സെന്റ് പോൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.1953 - 54 വർഷത്തിൽ മിഡിൽ സ്കൂളിലും ഹൈസ്കൂളിലുമായി 143 ആൺകുട്ടികളും 139 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.2003 ൽ ഈ വിദ്യാലയം സുവർണ്ണ ജൂബിലിയുടെ നിറവിലെത്തി. 2014 ജൂലൈ മാസത്തിൽ സയൻസ്,കൊമേഴ്സ് ബാച്ചുകളോട് കൂടിയ ഹയർസെക്കൻഡറി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തിക്കൊണ്ട് മൂന്നിലവിലും സമീപപ്രദേശങ്ങളിലും ഉള്ള കുട്ടികൾക്ക് അറിവിന്റെ പൊൻവെളിച്ചം കൈമാറുവാൻ ഈ സ്ഥാപനം എന്നും നിതാന്ത ജാഗ്രത പുലർത്തുന്നു.