സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1953 ലെ ഒരു തണുത്ത പ്രഭാതം . ഒരു തിങ്കളാഴ്ച ദിവസം . ഒരു യുവ അധ്യാപകനായ പി.സി.തോമസ് സാർ ഒരു വിവാഹ ചടങ്ങിനായി പുൽപ്പള്ളിയിൽ നിന്ന് മുള്ളൻകൊല്ലിയിലേക്ക് വരുന്ന വഴി കുറേ കുട്ടികൾ പഠിച്ചു നടക്കേണ്ട പ്രായത്തിൽ കളിക്കുന്നത് കണ്ട് മുള്ളൻകൊല്ലിയിലെ പൗരമുഖ്യരെ കണ്ട് സംസാരിച്ചു. മധ്യതിരുവിതാംകൂറിൽ നിന്ന് വന്നവരായിരുന്നതിനാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിഞ്ഞിരുന്ന അവർ അതിനായുള്ള സാഹചര്യമില്ലായ്മ ആ അധ്യാപകനുമായി പങ്കുവച്ചു.

            തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നത്തെ സ്കൂൾ ഇരിക്കുന്ന സ്ഥലത്തിന് മുൻഭാഗത്തായി ശ്രീമാൻ വെള്ളിലാംതടത്തിൽ പൈലി ചേട്ടന്റെ സ്ഥലത്ത് കച്ചി മേഞ്ഞ ഷെഡിൽ 1953 നവംബർ 16 ന് പി.സി തോമസ് സാറിന്റെ മാനേജ്മെന്റിൽ സെന്റ് തോമസ് എലിമെന്ററി സ്കൂൾ ആരംഭിച്ചു.

      പടിഞ്ഞാറേടത്ത് പി.ജെ ജോസഫ് ഒന്നാം നമ്പറുകാരനായി സ്കൂൾ പ്രവേശനം തുടങ്ങി. ഒന്നും രണ്ടും ക്ലാസുകളിലായി മൊത്തം 50 കുട്ടികൾ . അവരെ പഠിപ്പിക്കാൻ മഠത്തിൽ ശ്രീ എം.ഡി. ജോസഫ് സാർ . അങ്ങനെ മുള്ളൻകൊല്ലിയിൽ വിദ്യയുടെ ആദ്യാക്ഷരം കുറിക്കപ്പെട്ടു.

1954 ജനുവരി 1 ന് സ്കൂൾ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അന്ന് ഈ പ്രദേശം മദിരാശി സർക്കാരിന്റെ അധീനതയിലുള്ള  പ്രദേശത്തായിരുന്നു. അന്നത്തെ മലബാർ മേഖല ഡെപ്യൂട്ടി ഡയറക്ടർ  സ്കൂൾ സന്ദർശിച്ച് സംതൃപ്തി രേഖപ്പെടുത്തി. 1954 ഫെബ്രുവരിയിൽ ചാത്തുമാസ്റ്റർ ആദ്യ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. ആ വർഷം കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും അധ്യാപകരുടെ എണ്ണം ഒന്നിൽ നിന്ന് മൂന്നിലേക്ക് ഉയർന്നു.

           പാടിച്ചിറ, മരക്കടവ്, പെരിക്കല്ലൂർ, ശശിമല എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ സ്കൂളിലേക്ക് വരാൻ തുടങ്ങി. പിന്നീട് സ്കൂൾ മാനേജ്മെന്റ് മുള്ളൻകൊല്ലി പള്ളിക്ക് കൈമാറി. 1964 - 65 കാലഘട്ടത്തോടെ സ്കൂൾ UP സ്കൂളായി ഉയർത്തപ്പെട്ടു. 2500 ഓളം കുട്ടികൾ 55 ഓളം അധ്യാപകരുമായി സ്കൂൾ വളരുകയും 1976 ൽ ഹൈസ്കൂളും 1992 ൽ ഹയർ സെക്കന്ററിയുമായി ഉയർത്തപ്പെടുകയും ചെയ്തു.

       കുടിയേറ്റ ജനതയുടെ ആത്മവിശ്വാസം ഒരു പ്രദേശത്തിന്റെ നന്മക്കും വളർച്ചക്കും സഹായകമായി.

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌ന‌സാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.

ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM)യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളൻകൊല്ലിയിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.