ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പഴയ കെട്ടിടം

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം കൊട്ടാരക്കരയുടെ പ്രൗഢമായ പ്രശസ്തി കിരീടം ചൂടി നിന്നു കാലം എന്ന് വിശേഷിപ്പിക്കാം കഥകളിയുടെ കേളികൊട്ട് ചക്രവാളത്തിൽ പ്രതിധ്വനി ഉണർത്തി. ബ്രിട്ടീഷ് അധിനിവേശവും നാട്ടുരാജ്യവാഴ്ചകളും ദേശത്തിന്റെ സിരാധമനിയുടെ പരിഷ്കാരങ്ങളുടെ സ്പന്ദനമുണ്ടാക്കി. ചൂഷണ പരിവേശം ഉണ്ടായിരുന്നെങ്കിലും നാടിനെ സമ്പന്നമാക്കാൻ വെള്ളക്കാർ നടത്തിയ പരിശ്രമങ്ങളെ മറക്കാനാകില്ല.

തിരുവിതാംകൂർ വനമേഖലയിലെ കാർഷിക തോട്ടങ്ങളും ജനപഥങ്ങളിൽ സ്ഥാപിച്ച വാണിജ്യ വ്യവസായ ശാലകളും പണിശാലകൾ പണ്ടകശാല നാടിനു സംഭാവനകളായി. അതോടൊപ്പം ജനക്ഷേമ പദ്ധതികൾക്ക് തുടക്കമിട്ടു.  ആരോഗ്യ-സുരക്ഷ,വിദ്യാഭ്യാസം എന്നിവയ്ക്കായി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. വിദ്യാഭ്യാസത്തിനായി നൽകിയ സംഭാവനകൾ ശ്ലാഘനീയമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി ഒട്ടേറെ വിദ്യാ സമ്പന്നരെ അവർക്ക് ആവശ്യമായിരുന്നു. ഇംഗ്ലീഷിന് പ്രചുരമായ പ്രചാരണം നൽകുന്നതിനൊപ്പം പെൺകുട്ടികളെ വിദ്യാഭ്യാസ ധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർ ലക്ഷ്യമിട്ടിരുന്നു. പഴയ തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു കൊട്ടാരക്കര. പെറ്റി ഷുഗർ അവരുടെ അധിനിവേശ താൽപര്യങ്ങളെ സാധ്യമാക്കുന്ന ഭൂമിയാണ് കൊട്ടാരക്കര എന്ന് കണ്ടെത്തി. മണ്ണറിഞ്ഞ് അവർ ഇവിടെ വിത്തിട്ടു. ഫലമോ കൊട്ടാരക്കരയിൽ 1894 ഇംഗ്ലീഷ് സ്കൂൾ എന്ന ഒരു വിദ്യാലയം സ്ഥാപിതമായി.

ഇംഗ്ലണ്ടിലെ സ്കൂളുകളുടെ കെട്ടും മട്ടും പ്രാദേശിക മുഖങ്ങൾ നൽകി ഇവിടെ സ്ഥാപിച്ചു. സായിപ്പിന്റെ ബംഗ്ലാവ് എന്ന ഒറ്റനോട്ടത്തിൽ പ്രതീതി തരുന്ന സ്ഥാപിത വിദ്യാലയ മന്ദിരം ഒട്ടേറെ നിർമ്മാണ ശൈലികളുടെ ഒത്തുചേരലാണ്. മേച്ചിൽ ഓടും തറയോടു സിലോണി ൽ നിന്നും കൊണ്ടുവന്നവയാണ്. മേൽക്കൂരയിൽ വിന്യസിച്ചിരിക്കുന്ന റൂഫ്ഡ്രസ്സ് സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പഠന വിധേയമാക്കാം. അപൂർവമായ സാങ്കേതികവിദ്യകൾ രൂപകല്പനയിലും നിർവഹണത്തിലും പ്രയോഗിച്ചിട്ടുണ്ട്. നടുക്കളത്തിലെ വലിയ ഹാളും അനുബന്ധ മുറികളും പുറത്ത് വരാന്തകളും അവിടേക്ക് തുറക്കുന്ന വാതായനങ്ങൾക്ക് മുന്നിലായി ഒരുക്കിയിരിക്കുന്ന അലങ്കാര കമാനകളും ഇരുവശവുമായി നിൽക്കുന്ന തൂണുകളും അവയുടെ തലപ്പാവുകളും കൗതുകം തരുന്നവയായിരുന്നു. സ്ഥാപക മന്ദിരത്തെ കൂടാതെ ചുരുക്കം കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എച്ച് ആകൃതിയിൽ സെൻട്രൽ ഹാൾ ഉൾപ്പെട്ട കെട്ടിടവും വഴികൾ ചുറ്റുമുള്ള കെട്ടിടവും തെക്കേഅറ്റത്തെ നീളൻ കെട്ടിടവും മുകളിലെ ഒരു ചെറു കെട്ടിടവും സ്ഥലം ഏറ്റെടുത്തപ്പോൾ അതിലുണ്ടായിരുന്നു വീടും കുട്ടികൾക്ക് കളിക്കാനായി ഒരു പ്രത്യേക കെട്ടിടവുമായാൽ സ്കൂൾ ആയി. കളിവീട് എന്നും ആനക്കൊട്ടിൽ എന്നും കുട്ടികൾ വിളിച്ചിരുന്ന കെട്ടിടം അടുത്തകാലത്ത് പൊളിച്ചുമാറ്റി.

അൻപതുകളിൽ ഇന്നത്തെ ഓഫീസ് സ്ഥിതിചെയ്യുന്ന കോമേഴ്സ് ഹാളും ലബോറട്ടറി കെട്ടിടവും വന്നു. ഹയർസെക്കൻഡറിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകി പണിപൂർത്തിയാക്കിയ ബഹുനില മന്ദിരവും കിഴക്കുമാറി എംപി ഫണ്ട് ചെലവഴിച്ച പണിതുയർത്തിയ ഹാളും, കിഫ്‌ബി ഫണ്ടും എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണിതുയർത്തിയ കെട്ടിടങ്ങൾ നവാഗതരാണ്. റോഡിനു പുറത്തായി കാണുന്ന കളിസ്ഥലം ഒരു സിനിമ തിയേറ്റർ നിന്നിരുന്ന സ്ഥലമാണ്, തീയേറ്റർ പൊളിച്ചു താഴെ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചതാണ് സ്കൂൾ ഓഡിറ്റോറിയം.

ക്ലാസ് മുറികളിലെ ഫർണിച്ചറുകൾ ഏറെയും നാടിന് അപരിചിത ങ്ങളായിരുന്നു. തേക്കിൽ തീർത്ത ബെഞ്ചും ഡെസ്കും.  ബെഞ്ചുകൾ ക്ക് ചാരുകളും ഉണ്ടായിരുന്നു. ഡെസ്ക് കളുടെ ടോപ്പുകൾ ചരിഞ്ഞ അതും പുസ്തകങ്ങൾ വയ്ക്കാൻ ക്രമീകരണങ്ങളുള്ളവയുംമായിരുന്നു. കടഞ്ഞ കാലുകളുള്ള മേശകളും കസേരകളും കറങ്ങുന്ന ബ്ലാക്ക് ബോർഡുകളും ക്ലാസ്സ് മുറികളുടെ അഭംഗിയും പ്രായോഗികതയും ഉൾക്കൊള്ളുന്നവയായിരുന്നു.

ഫുട്ബോൾ വോളിബോൾ ബാസ്കറ്റ് ബോർഡ് ബാഡ്മിന്റൺ എന്നീ വൈദേശിക കളികൾ അഭ്യസിക്കാൻ ഉതകുന്ന പ്രത്യേകം കോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഏതെങ്കിലും ഒരു കളി അറിയുക നിർബന്ധമായിരുന്നു. കളികളും കളിക്കളങ്ങളും ഒന്നുപോലെ പുത്തൻ അനുഭവമായി. പച്ച പുൽത്തകിടികൾ പുതച്ച കോട്ടുകൾ നാടിന് എല്ലാതരത്തിലും സ്റ്റൈലൻ കാഴ്ചകളായി. ഇറക്കുമതിചെയ്ത ലാബ് ഉപകരണങ്ങൾ ലബോറട്ടറി കളെ പ്രദർശനശാലകളലാക്കി. ഇവിടെ സമാഹരിച്ചവയെല്ലാം കോളേജ് നിലവാരമുള്ള ലബോറട്ടറി കളുടെ നിലവാരം ഉള്ളവയായി. വിദേശ നിർമ്മിതമായ ഭൂപടങ്ങൾ ചാർട്ടുകൾ ബ്ലോഗുകൾ ഗണിത ശാസ്ത്ര പഠന ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. ഇംഗ്ലീഷ് സംസ്കൃതം മലയാളം ഗദ്യ പദ്യ ശാഖകളിലെ ലോകോത്തര കൃതികളുടെ വൻശേഖരം ലൈബ്രറിയിലുണ്ടായിരുന്നു. ഒരു സർവ്വകലാശാലയെന്ന് സമാഹാരങ്ങളെ പറയാം. അറിവിന്റെ അക്ഷര ലോകത്തേക്ക് കുട്ടികളെ ആനയിക്കാൻ ഇത് ഉപകരിച്ചു.

സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ഫൈൻ എന്ന സായിപ്പ് ആയിരുന്നു. കോട്ടും സ്യൂട്ടും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. കോടതികളിലെ നീതി പാലകർക്ക് മാത്രം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന ചാരും ഉയരവുമുള്ള കസേര ഹെഡ്മാസ്റ്റർക്ക് നൽകി. യൂണിഫോം ധരിച്ച് അതിനുമുകളിൽ ക്രോസ് ബെൽറ്റ് മുദ്രയും അണിഞ്ഞ ശിപ്പായി ഓഫീസിന് കാവലാളായി നിന്നിരുന്നു. മുണ്ടും കോട്ടും ആയിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും വേഷം. ക്ഷേത്രപരിസരത്തും അക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങൾ താമസിച്ചിരുന്നു. ഇവിടെനിന്നും ബ്രാഹ്മണ ബാലൻ മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായി പുതിയ സ്കൂളിൽ പഠിക്കാൻ എത്തിയിരുന്നു.

അധ്യാപകർ ഏറെയും ബഹുഭാഷ പണ്ഡിതന്മാരായിരുന്നു. ശാസ്ത്ര വിഷയങ്ങളിൽ ഉന്നത ബിരുദം ഉള്ളവരും ഉണ്ടായിരുന്നു. അധ്യായത്തിൽ ഇവർ പ്രകടിപ്പിച്ച പ്രാഗത്ഭ്യം പ്രശസ്തരെ വാർത്തെടുക്കുന്നതിന് സഹായകരമായി.

മൂന്നു വശങ്ങളും റോഡുകളായി ചുറ്റപ്പെട്ട സ്കൂൾ ഗ്രൗണ്ട് ടൗണിലെ ഹൃദയഭാഗത്ത് ആയിരുന്നു ഇവിടേക്ക് പ്രവാഹം പോലെ ഒഴുകി വരുന്ന കുട്ടികളുടെ നീണ്ടനിര പ്രഭാതങ്ങളിൽ പതിവുകാഴ്ചയായിരുന്നു. പോയ കാലത്തിന്റെ സമൃദ്ധികൾക്ക് വിരാമം ഉണ്ടായി. ജനകീയ ഭരണം തുടങ്ങിയിരുന്നു. സമസ്തമേഖലകളിലും മാറ്റങ്ങളുണ്ടായി. ദേശീയ തലത്തിൽ വിദ്യാഭ്യാസം ഉടച്ചുവാർത്തു. പുത്തൻ സ്കൂളുകൾ സാധ്യതാപഠനം കൂടാതെ നാടെങ്ങും സ്ഥാപിക്കപ്പെട്ടു. കൊട്ടാരക്കരയിലെ പഴയ സ്കൂളിൽ നിന്നും പെൺകുട്ടികളെ ഒഴിവാക്കി ബോയ്സ് സ്കൂൾ ആക്കി. പുതുതായി ഗേൾസ് സ്കൂൾ നിലവിൽ വന്നു.

ദേശീയ അടിസ്ഥാനത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അംഗീകരിക്കപ്പെട്ടു. അതിന്റെ ഫലമായി നൂതനമായ ആശയങ്ങൾക്ക് എന്നും മുന്നിട്ടു നിന്നിട്ടുള്ള കേരളത്തിലും പദ്ധതി നടപ്പാക്കാൻ നടപടികളായി. കൊട്ടാരക്കര ബോയ്സ് സ്കൂളിന്റെ കവാടത്തിൽ ഒരു പുതിയ ബോർഡ് വന്നു. "വൊക്കേഷനൽ ഹയർസെക്കൻഡറി എജുക്കേഷൻ" അഗ്രികൾച്ചർ പഠനം കോഴ്സിന്റെ വിഷയമായി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ തങ്കപ്പൻ പിള്ളയാണ് തുടക്കങ്ങൾ ക്ക് നേതൃത്വം നൽകിയത്. ബോയ്സ് സ്കൂൾ ഇൻ ഒപ്പം ഹയർസെക്കൻഡറി എജുക്കേഷനും പ്രവർത്തനസജ്ജമായി.

കോളേജ് തലത്തിൽ നിന്നും പടിയിറങ്ങിയ ഹയർ സെക്കൻഡറി വിദ്യാഭ്യാസം തുടർന്ന് സ്കൂളിലെത്തി. ഹയർസെക്കൻഡറി സ്കൂൾ എന്ന മറ്റൊരു ബോർഡ് കൂടി ഇവിടെ പ്രത്യക്ഷമായി. മൂന്നു തലത്തിൽ ബി എച്ച് എസ്, വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ ചുരുക്കെഴുത്തുകൾ ഒന്നിച്ചപ്പോൾ വിദ്യാഭ്യാസത്തിനും ഒരു ത്രിവേണിസംഗമം ഇവിടെ ഒരുക്കപ്പെട്ടു. രണ്ടായിരത്തി പത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2019 പി  ടി എ മുൻകൈയ്യെടുത്ത് നഗരസഭ വഴി ഗവൺമെന്റിന് നൽകിയ നിവേദനത്തിന് അടിസ്ഥാനത്തിൽ പെൺകുട്ടികളെ സ്കൂളിന്റെ ഔദ്യോഗിക കണക്കിന്റെ ഭാഗമായി. 2020 ജൂൺ ഒന്നുമുതൽ സ്കൂളിന്റെ പേര് ബോയ്സ് എന്ന പദം ഒഴിവാക്കി ഗവൺമെന്റ് എച്ച് എസ് എസ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര എന്ന് പുനർനാമകരണം ചെയ്തു