കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും.
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം..
അമ്മയാംവിശ്വപ്രകൃതിയീ നമ്മൾക്കും
തന്നസൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചൂ നമ്മൾ
നന്മ മനസ്സിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയാക്കണം
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ
നൊത്തൊരുമിച്ചവർ നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചൂ
കാതരചിത്തമന്നെത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു..
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ
വൻമരച്ചില്ലകൾതോറും
പൂത്തുനിന്നോരുശതകാല സൗരഭ്യ-
പൂരിത വർണ്ണ പുഷ്പങ്ങൾ
ഇന്നിനി ദുർല്ലഭം -മാമരച്ചില്ലക
ളൊന്നാകെ നാം വെട്ടിവീഴ്ത്തി
എത്രകുളങ്ങളെ മണ്ണിട്ടു മൂടിനാ-
മിത്തിരി ഭൂമിക്കുവേണ്ടി.
എത്രയായാലും മതിവരാനില്ലാത്തൊ-
രത്യാഗ്രഹികളെപ്പോലെ
വിസ്മയംകാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം, മാലിന്യ-
ക്കണ്ണുനീർ പ്പൊയ്കകളത്രെ...
പച്ചപ്പരിഷ്കാരത്തേൻകുഴമ്പുണ്ടു നാം
പുച്ഛിച്ചു മാതൃദുഗ്ദത്തെ...............