സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ്
കൊറോണ എന്ന കോവിഡ്
ഇത് മാർച്ച് മാസക്കാലം. കുട്ടികളായ ഞങ്ങൾ ഉത്സാഹത്തോടെ ഞങ്ങളുടെ വാർഷിക പരീക്ഷയ്ക്കു തയാറെടുക്കുന്ന മാസം. ചൂട് ഓരോ ദിവസവും കൂടി കൂടി വരുന്നെങ്കിലും അത് ഞങ്ങളുടെ പഠിത്തത്തെ ഒട്ടും തന്നെ സ്വാധീനിക്കുന്നില്ല. സ്വാധീനിക്കാൻ നോക്കിയാൽ തന്നെ ഞങ്ങളുടെ ടീച്ചർമാർ അതിനു സമ്മതിക്കുകയുമില്ല. പരീക്ഷയ്ക്കുള്ള സിലബസ് നേരത്തെ തീർത്ത് ഞങ്ങളെ പരീക്ഷയ്ക്ക് വേണ്ടി ഒരുക്കുന്ന തിരക്കിലാണവർ. കണക്ക്, മലയാളം, പരിസ്ഥിതി പഠനം... അങ്ങനെ നീളുന്നു ഞങ്ങളുടെ പഠനങ്ങൾ..... പഠനത്തിന്റെ തിരക്കിനിടയിലും ഈ മാസം കൂടി കഴിയുമ്പോൾ കുറച്ച് നാളത്തേയ്ക്ക് എങ്കിലും പ്രിയ കൂട്ടുകാരെ പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന ചിന്ത ചിലപ്പോഴൊക്കെ എന്നെ വിഷമിപ്പിച്ചിരുന്നു. നിമ്മിയുടേയും അൽനയുടേയും ഒക്കെ കൂടെയിരുന്ന് ക്ലാസ്സിൽ നടത്തിയ ചെറിയ ചെറിയ കുസൃതികൾ, പി.റ്റി പീരിയഡുകൾ, ഞങ്ങളുടെ പഠനയാത്ര, ക്രിസ്തുമസ് ഓണാഘോഷങ്ങൾ, വ്യക്തിത്വ വികസന ക്യാമ്പ്, ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചറായ പൗളിൻ ടീച്ചറിന് ഞങ്ങൾ കൊടുത്ത യാത്രയപ്പ്, ഞങ്ങളുടെ വാർഷിക ആഘോഷങ്ങൾ......... അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് ഈ വർഷം ഞങ്ങൾക്ക് ഓർത്ത് വെയ്ക്കാനുള്ളത്. ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം എന്റെ കാതിൽ മുഴങ്ങി. "ലിനിയാ... ബോർഡിൽ എഴുതിയിട്ട ചോദ്യത്തിന്റെ ഉത്തരം എഴുതി കഴിഞ്ഞോ? " ദൈവമേ ! ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ജസ്റ്റിൻ സാറിന്റെ ശബ്ദമായിരുന്നു അത്. പെട്ടെന്ന് ഉത്തരം എഴുതി കാണിച്ചു ഞാൻ തടി തപ്പി. അങ്ങനെ അങ്ങനെ ഞങ്ങളുടെ റിവിഷൻ ക്ലാസ്സുകൾ പൊടിപൊടിച്ചു കൊണ്ടിരുന്നു. അന്ന് രാത്രിയിൽഎന്റെ അപ്പായുടെയും അമ്മയുടെയും സംസാരത്തിൽ നിന്ന് "നമ്മുടെ നാട്ടിൽ എന്തോ ഒരു പകർച്ച വ്യാധി പരക്കുന്നതായി" എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ഇടാൻ തുടങ്ങിയപ്പോൾ അമ്മ എന്നോട് പറഞ്ഞു "മോളെ ഇന്ന് സ്കൂൾ അവധി ആണ്” . അമ്മയുടെ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. കാരണം ഇന്ന് ഒരു ദിവസം എനിക്ക് എന്റെ ചേട്ടന്റെയും അനിയത്തിയുടെയും കൂടെ വീട്ടിലിരുന്നു കളിക്കാമല്ലോ. പക്ഷെ അവധി കിട്ടിയതിന്റെ കാരണം അറിഞ്ഞപ്പോൾ ചെറിയ ഭയവും സങ്കടവും എന്റെ മുഖത്തു നിഴലിച്ചു. അങ്ങനെ ഒരു ദിവസം ഞങ്ങൾ വീട്ടിലിരുന്നു അവധി ആഘോഷിച്ചു. എന്നാൽ അടുത്ത ദിവസം മുതൽ ടിവിയിലേയും പത്രത്തിലേയും വാർത്തകൾ എന്നെ സങ്കടപ്പെടുത്തി തുടങ്ങി. 'കോവിഡ് 19' എന്ന വൈറസ് അണുബാധ ലോക രാജ്യങ്ങളെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്നുള്ള വാർത്ത എന്റെ മനസിൽ ഞെട്ടലുളവാക്കി. ഇരുപത്തിയൊന്ന് ദിവസം എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്നാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി തന്നെ പറയുന്നത്! ദൈവമേ! എന്തൊരു വിധിയാണിത്. വാർഷിക പരീക്ഷയൊക്കെ കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ സ്കൂളിൽ നിന്ന് പിരിയുന്ന ഈ മാർച്ച് മാസത്തിൽ തന്നെ ഇത് സംഭവിക്കുന്നല്ലോ. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ. ഞങ്ങളുടെ പരീക്ഷ പോലും മാറ്റി വെച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ഞാൻ കേട്ടത്. എങ്കിലും ഇതൊക്കെ എന്റെയും എന്നെ സ്നേഹിക്കുന്നവരുടെയും നന്മയ്ക്ക് വേണ്ടിയാണെന്നുള്ള ചിന്ത എന്റെ മനസിൽ രൂപപ്പെട്ടു തുടങ്ങി. വാഹനങ്ങൾ ഒന്നും ഓടുന്നില്ല. കടകൾ തുറക്കുന്നില്ല. ഓഫീസുകൾ എല്ലാം അടച്ചിടുന്നു. ഇന്റർനെറ്റിന്റെ മാസ്മരിക വലയത്തിൽ ഒറ്റ ഗ്രാമമായിത്തീർന്ന ലോകം. ഈ ലോകം മുഴുവൻ ഒരു വൈറസിനെ പേടിച്ച് വിറങ്ങലിച്ചു നില്ക്കുന്ന കാഴ്ച്ച! എന്തൊരു ദയനീയമാണ് ഈ അവസ്ഥ! കോവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ ലോകം ഒന്നടങ്കം പരിശ്രമിക്കുകയാണ്. ചൈന എന്ന രാജ്യത്തിലെ മൽസ്യമാർക്കറ്റിലെ അഴുകിയ മാലിന്യങ്ങളിൽ നിന്നാണ് “കോവിഡ് 19” എന്ന വൈറസ് അണുബാധ ഉണ്ടായതെന്നു പിന്നീട് എനിക്ക് അറിയാൻ കഴിഞ്ഞു. മാത്രമല്ല ഈ വൈറസ് പെട്ടെന്ന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമെന്നും എനിക്ക് മനസിലായി. അതുകൊണ്ട് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഓരോ ദിവസവും ടിവിയിലൂടെയും പത്രത്തിലൂടെയും പറഞ്ഞു തരുന്ന കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ മനസിലാക്കാൻ തുടങ്ങി. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിയ്ക്കുവാൻ ഞങ്ങൾ വളരെയേറെ ശ്രദ്ധിച്ചു. സർക്കാരിന്റെ നിർദേശമനുസരിച്ചു ഒരു ദിവസം ഞങ്ങൾ വീട് മുഴുവൻ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. വീടിനു ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരവും വൃത്തിയാക്കി. എന്റെ അപ്പ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയാൽ തിരിച്ചു വന്ന ഉടനെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകയും ദേഹ ശുദ്ധി വരുത്തി വീട്ടിൽ തന്നെ ഇരിക്കുന്നതുമായ കാഴ്ച അതിശയത്തോടെയാണ് ഞാൻ കണ്ടത്. ഞങ്ങളുടെ കുടുംബം മുഴുവൻ കോവിഡിനെ പ്രതിരോധിക്കുന്ന തിരക്കിലാലാണിപ്പോൾ. എങ്കിലും എന്റെ കൂട്ടുകാർ... എന്റെ ടീച്ചർമാർ... അവരെയൊക്കെ വീണ്ടും കാണണമെന്നുള്ള ആഗ്രഹം എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു. പക്ഷെ അതൊന്നും ഇപ്പോൾ സാധിക്കുകയില്ലല്ലോ? പിന്നെ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെയാണ് ഞങ്ങൾ ഇപ്പോൾ പരസ്പരം ആശയങ്ങൾ കൈമാറുന്നതും പഠനപ്രവർത്തങ്ങൾ നടത്തുന്നതും. പണ്ട് മൊബൈൽ ഉപയോഗിച്ചാൽ വഴക്ക് പറയുമായിരുന്ന ഞങ്ങളുടെ മാതാപിതാക്കളും അദ്ധ്യാപകരും ഇപ്പോൾ ഞങ്ങൾക്ക് മൊബൈൽ ഉപയോഗിക്കാൻ അനുവാദം തരുന്നതും ഈ കൊറോണ കാലത്തിന്റെ ഒരു പ്രത്യേകതയാണ്. എങ്കിലും ‘കോവിഡ്’ എന്ന മഹാമാരി നമ്മുടെ നാട്ടിൽ നിന്നും എത്രയും വേഗം മാറിപോകണമെന്നാണ് എന്റെ ഇപ്പോഴത്തെ പ്രാർത്ഥന. എങ്കിൽ അല്ലേ എനിക്ക് എന്റെ സ്കൂൾ ജീവിതം തിരിച്ചു കിട്ടൂ........ ഞങ്ങൾക്ക് വീടിന് പുറത്ത് പോകാനും ബന്ധുക്കളെ സന്ദർശിക്കാനും സാധിക്കൂ........ ഇതിനായി അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും നിയമപാലകർക്കും സർക്കാരിനും ഒത്തിരി സ്നേഹത്തോടെ നന്ദിയർപ്പിച്ചു കൊണ്ട് തൽക്കാലം നിർത്തട്ടെ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം