ഗവ. എൽ പി എസ് പാറക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിനു പിന്നിൽ
അതിജീവനത്തിനു പിന്നിൽ
" കൊറോണ വൈറസ് : രാജ്യം ഭീതിയിൽ. ടിവിയിലും പത്രത്തിലും നോക്കിയാൽ ഇതേയുള്ളൂ വിശേഷം . കുറേ ദിവസങ്ങളായി വീട്ടിൽ തന്നെ ഇരിക്കുന്നതു കാരണം മുഷിവു തോന്നി തുടങ്ങി. കൊറോണ കാരണം സ്കൂളും അടച്ചു. ലോക്ക് ഡൗണും പ്രഖ്യാപിച്ചു. അച്ഛനുണ്ടായിരുന്നെങ്കിൽ നല്ല രസമായിരുന്നു". അനന്തുവിന് കൊറോണയോട് കലശലായ ദേഷ്യം തോന്നി. അവന്റെ അച്ഛൻ ഒരു ഡോക്ടറാണ്. കൊറോണ വ്യാപിച്ചതോടെ അച്ഛനു തിരക്കായി. വീട്ടിലേയ്ക്കുള്ള വരവ് കുറഞ്ഞു. വന്നാൽ തന്നെ അനന്തുവിനെ അടുപ്പിക്കുകയോ അവനോടൊപ്പം കളിക്കുകയോ ചെയ്യില്ല. എന്നാലും അച്ഛൻ വരുമ്പോൾ അവന് ആശ്വാസമാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അച്ഛൻ വന്നപ്പോൾ കൊറോണയെ പറ്റി മാത്രമാണ് സംസാരിച്ചിരുന്നത്. എന്തായാലും നമുക്കീ വിപത്തിനെ അതിജീവിക്കാൻ കഴിയും എന്ന ആത്മ വിശ്വാസം അച്ഛനുണ്ടായിരുന്നു. ഇടയ്ക്കിടെ കൈ കഴുകണമെന്നും പുറത്തെങ്ങും കളിക്കാൻ പോകാതെ വീട്ടിൽ തന്നെ ഇരിക്കണമെന്നും അവനോട് അച്ഛൻ പറയുമായിരുന്നു. എല്ലാവരോടും വളരെ സൂക്ഷിച്ചാണ് അച്ഛൻ ഇടപഴകിയിരുന്നത്. ഇപ്പോൾ അച്ഛൻ വീട്ടിൽ വന്നിട്ട് കുറച്ചു ദിവസങ്ങളായല്ലോ എന്ന് അവൻ സങ്കടത്തോടെ ഓർത്തു. അവസാനമായി അച്ഛൻ വീട്ടിൽ നിന്നു പോയപ്പോൾ എന്നത്തേയും പോലെ അനന്തു മുത്തം കൊടുക്കാനായി ഓടി ചെന്നു. അപ്പോൾ മുത്തച്ഛൻ അവനെ തടഞ്ഞു. അച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചു നടന്നകലുന്നത് കണ്ണീരിനിടയിലൂടെ അവൻ കണ്ടു. അച്ഛന്റെ ഈ പെരുമാറ്റം അവന്റെ കുഞ്ഞു മനസിനെ വേദനിപ്പിച്ചു. ഈ കൊറോണയൊക്കെ പോയി കഴിയുമ്പോൾ അച്ഛന് എത്ര മുത്തം വേണമെങ്കിലും കൊടുക്കാമല്ലോ എന്ന് മുത്തച്ഛൻ അവനെ ആശ്വസിപ്പിച്ചു. ഇപ്പോൾ അനന്തുവിന്റെ ആകെയുള്ള ആശ്വാസം മുത്തച്ഛനാണ്. കുറേ സമയമൊക്കെ മുത്തച്ഛനോടൊപ്പം കളിക്കും. മുത്തശ്ശിയാണെങ്കിൽ സദാസമയവും അടുക്കളയിലും പൂജാമുറിയിലുമാണ്. അനന്തുവിന് അമ്മയില്ല. അവൻ കുഞ്ഞായിരുന്നപ്പോൾ തന്നെ മരിച്ചു പോയി. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെയാണ് ജോലിത്തിരക്കിനിടയിലും അച്ഛൻ അവനെ വളർത്തിയത്. അതുകൊണ്ടു തന്നെ അച്ഛനായിരുന്നു അവന്റെ ലോകം. ഉച്ച കഴിഞ്ഞ് ക്ലാസിലിരിക്കുന്ന ഉദാസീനനായ ഒരു കുട്ടിയെ പോലെ അനന്തു ടി വി യിൽ നോക്കിയിരിക്കുകയായിരുന്നു. സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ ജനൽ ചില്ലുകളിലൂടെ അവനെ ചുംബിച്ചു. അരുണകിരണങ്ങൾ പതിച്ചപ്പോൾ അവന്റെ കവിളുകൾ ചെന്താമരപ്പൂ പോലെ തിളങ്ങി. പൂജാമുറിയിൽ നിന്നും മുത്തശ്ശിയുടെ നാമജപം പതിയെ കേൾക്കുന്നുണ്ടായിരുന്നു. അച്ഛൻ വന്നിരുന്നെങ്കിൽ എന്നും ചെയ്തിരുന്നതു പോലെ അച്ഛന്റെ മടിയിൽ തല ചായ്ച്ചു കിടക്കാമായിരുന്നു എന്ന് അവന്റെ കുരുന്നു ഹൃദയം മോഹിച്ചു. പെട്ടെന്നുയർന്നു കേട്ട ഫോണിന്റെ മണിനാദം അവനെ ആലസ്യത്തിൽ നിന്നുണർത്തി. ചാടി എഴുന്നേറ്റ അവൻ, 'അച്ഛൻ' എന്നു വിളിച്ചു കൊണ്ട് ഫോണെടുക്കാൻ ഓടി. ആവേശത്തോടെ അവൻ ഫോൺ കാതോടു ചേർത്തു. മറുതലയ്ക്കൽ ഒരു അപരിചിത ശബ്ദം കേട്ടപ്പോൾ ഫോൺ മുത്തച്ഛനു കൊടുത്തിട്ട് അത്യധികം നിരാശയോടും സങ്കടത്തോടും കൂടി പിന്തിരിഞ്ഞു നടന്നു. അൽപ്പ സമയത്തെ പതിഞ്ഞ സംസാരത്തിനു ശേഷം മുത്തച്ഛൻ വളരെ വിവശനായി അവന്റെ അടുത്തു വന്നിരുന്നു. എന്തുപറ്റി എന്ന അവന്റെ ചോദ്യത്തിന് ഒരു വിതുമ്പലോടെ വിറയാർന്ന കൈകൾ കൊണ്ട് മുത്തച്ഛൻ അവനെ ചേർത്തുപിടിച്ചു. ഒന്നും മനസിലാകാതെ അനന്തു മുത്തച്ഛന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി. ഒരു എട്ടുവയസുകാരനെ അനാഥത്വത്തിലേയ്ക്ക് തള്ളിവിട്ടു കൊണ്ട് രംഗബോധമില്ലാത്ത കോമാളി - മരണം - കൊറോണയെന്ന മഹാ വ്യാധിയുടെ രൂപത്തിൽ അനന്തുവിന്റെ അച്ഛനെയും കവർന്നെടുത്തു. അപ്പോഴും കൊറോണയെന്ന മഹാമാരി ലോകമാകമാനം വിതയ്ക്കുന്ന ഭീതി മാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരുന്നു - ഒപ്പം അനന്തുവിന്റെ അച്ഛനും ....
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ