ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/2. ഗൗരിയുടെ ശുചിത്വലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഗൗരിയുടെ ശുചിത്വലോകം

.............................. ആകസ്മികമായി വന്നു ചേർന്ന അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ആറാം ക്ലാസ്സുകാരിയായ ഗൗരി. പരീക്ഷയൊക്കെ മാറ്റി വച്ചതിൻ്റെ സന്തോഷം പറയാനുണ്ടോ ! മാത്രമല്ല കുറേ നാളുകൂടി അമ്മയേയും അച്ഛനേയും ഒത്തിരി നേരം കളിക്കാൻ കൂടെ കിട്ടുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിൽ ലാബ് അസിസ്റ്റൻ്റായ പ്രതീപിൻ്റെയും ശോഭന ടീച്ചറുടെയും ഒറ്റ മകളായ ഗൗരിയുടെ കളിക്കൂട്ടുകാരനാണ് അയൽപക്കത്തെ അഞ്ചാം ക്ലാസുകാരൻ അപ്പു.അവൻ പലപ്പോഴും കൃഷിക്കാരനായ അച്ഛനെ സഹായിക്കുന്ന തിരക്കിലായിരിക്കും.

പഴയ കഥാപുസ്തകത്തിൻ്റെ താളുകൾ മറിച്ചും മണപ്പിച്ചും നോക്കി കൊണ്ടിരിക്കെ ഗൗരിയുടെ അമ്മയുടെ വിളി വന്നു: "ഗൗരീ ദാ ഉച്ച ഭക്ഷണം റെഡി".പിന്നാലെ അതാ അച്ഛൻ്റെ ശബ്ദവും. " ഗൗരി ഹാൻഡ് വാഷിട്ട് കൈ നന്നായി കഴുകണേ" നല്ല ഓറഞ്ചിൻ്റെ നിറവും മണവും ഉള്ള പുതിയ ഹാൻഡ് വാഷ് പൈപ്പിൻ്റെ അരികിൽ സ്ഥാനം പിടിച്ചിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. കൈകൾ നന്നായി കഴുകി ഭക്ഷണവും എടുത്ത് അവൾ ടിവിയുടെ അരികിലേക്ക് ഓടി. ഉച്ചഭക്ഷണത്തിനു ശേഷം അവൾ അച്ഛൻ്റെ മുറിയിലേക്ക് ചെന്നു. വാട്ട്സാപ്പിലെ പുതിയ വിശേഷങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ട് കട്ടിലിൽ കിടക്കുകയാണ് അച്ഛൻ. " അച്ഛാ എനിക്ക് ഒരു കഥ പറഞ്ഞ് തരാമോ?", അച്ഛൻ്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് ഗൗരി ചിണുങ്ങി. "മോളേ ,നീ വാർത്തകൾ ശ്രദ്ധിക്കുന്നുണ്ടോ? കോവിഡ് - 19 എന്ന അസുഖം ലോകമാകെ പടരുകയാണ്. ഇന്ന് കേരളത്തിൽ മാത്രം 12പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. " അച്ഛൻ ആശങ്കയോടു കൂടി ഫോണിൽ തന്നെനോക്കിക്കൊണ്ടിരുന്നു. " അതിന് നമുക്കെന്താഅച്ഛാ." കൊറോണഅവൾക്ക് സമ്മാനിച്ച സന്തോഷകരമായ നിമിഷങ്ങളെ ആലോചിച്ച് കൊണ്ട് അവൾ കിടന്നു. "മോളെ നീ ഇത് കണ്ടോ" ഫോണിലെ കൊറോണയുടെ ചിത്രത്തിലേക്ക് അച്ഛൻ അവളുടേ ശ്രദ്ധ ക്ഷണിച്ചു. കളിക്കുടുക്കയിലെ Mr. കീടാണുവിനെയാണ് അവൾക്ക് അപ്പോൾ ഓർമ്മ വന്നത്. "എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസ്. ഒരു ജീവകോശത്തിനുള്ളിൽ മാത്രമേ അവക്ക് ജീവിക്കാൻ കഴിയൂ. നമ്മുടെ ആരോഗ്യവും ശുചിത്വവും പ്രതിരോധ ശേഷിയും കൊണ്ട് മാത്രമേ ഇത്തരം സൂക്ഷ്മാണുക്കളെ നേരിടാൻ പറ്റൂ. ആദ്യമായ് നമുക്ക് വേണ്ടത് വ്യക്തിശുചിത്വമാണ്. കൈകൾ എപ്പോഴും നമ്മൾ വൃത്തിആയി സൂക്ഷിക്കണം." വിവിധ രീതിയിൽ കൈ കഴുകുന്ന ചിത്രങ്ങൾ അച്ഛൻ ഫോണിൽ കാട്ടികൊടുത്തു . "ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും വായും കൈകളും ശുചിയാക്കണം .നഖങ്ങൾ വളരാൻ അനുവദിക്കരുത്. കഴുകി ഉണക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിന് വെളിയിൽ ഇറങ്ങുമ്പോൾ ചെരുപ്പുകൾ ധരിക്കണം. പുറത്തെവിടെയെങ്കിലും യാത്ര പോകുമ്പോൾ ഒരു തൂവാല കയ്യിൽ പിടിക്കണം. അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കണം. നമ്മുടെ അപ്പുവിൻ്റെ കാര്യം തന്നെ നോക്കൂ. ചെരുപ്പിടാതെ കക്കൂസിലും തൊഴുത്തിലും വീട്ടിനകത്തും കേറി ഇറങ്ങി നടക്കുന്നു. വൃത്തി ആയി വസ്ത്രം ധരിക്കുന്നതിലും കൈകാലുകൾ വൃത്തി ആക്കുന്നതിലും അവൻ ശ്രദ്ധ കൊടുക്കാറേ ഇല്ല. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മാതാപിതാക്കൾ വേണം കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താൻ ." 'ജലദോഷവും ശ്വാസംമുട്ടും അവൻ്റെ കൂടെപ്പിറപ്പാണ് ' എന്ന അവൻ്റെനഅമ്മയുടെ സ്ഥിര ഡയലോഗ് ഗൗരിക്ക് ഓർമ്മ വന്നു. " അപ്പൊ അപ്പുവിനെ കൊറോണ പിടിക്കുമോ?" ഗൗരി ഭയപ്പോടെ ചോദിച്ചു. " എന്നല്ല ഗൗരീ .വൃത്തി ഇല്ലായ്മ നമ്മുടെ പ്രതിരോധ ശേഷി കുറക്കും. അങ്ങനെയുള്ളവരെയാണ് പലപ്പോഴും പകർച്ചാവ്യാധികൾ പിടികൂടാറ്. വ്യക്തി ശുചിത്വം മാത്രം പോരാട്ടോ പരിസര ശുചിത്വവും വേണം. എന്നും വീടിൻ്റെ അകവും പുറവും വൃത്തി ആക്കണം . മലിന ജലം കെട്ടികിടക്കുന്നത് തടയണം. നനഞ്ഞ വസ്ത്രങ്ങൾ വെയിലത്ത് നന്നായി ഉണക്കണം. പ്ലാസ്റ്റിക്കുകളും മറ്റ് ചപ്പു ചവറുകളും വലിച്ചെറിയരുത്.".......

പരിസര ശുചിത്വത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഗൗരി ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. അവൾക്ക് ചുറ്റും വൈറസും ബാക്റ്റീരിയകളും മറ്റും തുള്ളികളിക്കുകയായിരുന്നു. അവൾക്ക് സുപരിചിതമായ സ്ഥലമായിരുന്നു അത്. എങ്കിലും അവിടുത്തെ മാലിന്യങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തി. വഴിയരികിൽ കെട്ടികിടക്കുന്ന മലിന ജലത്തിലും വഴിയാത്രക്കാർ കാർക്കിച്ച് തുപ്പുന്ന കഫക്കെട്ടുകളിലും ചായക്കടയിൽ തുറന്നു വച്ച പലഹാരങ്ങളിലും കീടാണുക്കൾ പെറ്റു പെരുകിക്കൊണ്ടിരുന്നു. ക്രമേണ അവ വായുവിൽ ഉയർന്ന് ഒരു പന്തിൻ്റെ ആകൃതി കൈവരിച്ചു. അവക്ക് ചുറ്റാകെ കിരീടം പോലെ മുള്ളുകൾ മുളച്ചു വന്നു. പകർച്ചവ്യാധികൾ പടർത്തി മനുഷ്യ വംശത്തെ തന്നെ ഇല്ലാതാക്കാൻ വന്ന പടയാളികളെപ്പോലെ അവ ഗൗരിക്കു നേരെ പാഞ്ഞടുത്തു. ഒരു ചൂലെടുത്ത് ഹാൻഡ് വാഷിലും സാനിറ്റൈസറിലും മുക്കി, കാർട്ടൂണിലെ സൂപ്പർ ഹീറോയെപ്പോലെ ഗൗരി കീടാണുക്കളുടെ നേർക്ക് എടുത്ത് ചാടി. അവളുടെ പുറകെ അപ്പുവും മറ്റു കുട്ടുകാരും മാസ്കുകൾ ധരിച്ച് അണി ചേർന്ന് കീടാണുക്കളെ തുരത്താൻ തുടങ്ങി. 'ശുചിത്വ കേരളം സുന്ദരകേരളം' എന്ന പ്ലക്കാർഡും പിടിച്ചു കൊണ്ടായിരുന്നു അവരുടെ വരവ്. കീടാണുക്കളെല്ലാം എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. ജാക്കിയുടെ കുര കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ആഗ്രഹിച്ചതു പോലെ സുന്ദരമായൊരു കേരളം കാണാൻ കഴിഞ്ഞു. തൂവാല മറച്ച് തുമ്മുന്ന ആളുകൾ; പലഹാരങ്ങൾ സൂക്ഷിക്കാൻ ചില്ലലമാരകൾ ഉള്ള കടകൾ; ചപ്പുചവറുകളെല്ലാം ചവറ്റുക്കുട്ടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. താനെന്തോ വല്ല്യ കാര്യം ചെയ്ത പോലെ ഗൗരിക്ക് തോന്നി. അവൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് കൊണ്ട് ജാക്കി അവളെ നോക്കി കുരക്കുന്നുണ്ടായിരുന്നു. ജാക്കിയുടെ ശബ്ദം ഉച്ചത്തിലായി.അവൾ ഞെട്ടിയുണർന്നു. ഇതെല്ലാം ഒരു സ്വപ്നമാണെന്ന് അവൾ തിരിച്ചറിഞ്ഞു. ജാക്കിയുടെ കുര വെളിയിൽ അപ്പോഴും കേൾക്കാമായിരുന്നു. പുറത്ത് നിന്നാരോ മുറ്റത്ത് വന്നു കാണും. സൂക്ഷ്മാണുക്കളുമായുള്ള പോരാട്ടവും വിജയവുമൊക്കെ ഒന്നു കൂടി ഓർത്തെടുക്കാനവൾ ശ്രമിച്ചു. സാനിറ്റൈസറിൻ്റെ ഗന്ധം അവളുടെ മുറിയാകെ നിറഞ്ഞു നിന്നു. അവൾ പതുക്കെ എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു. ഗൗരിയുടെ അച്ഛനും സുഹൃത്തും കൂടി സാനിറ്റൈസർ ഉണ്ടാക്കുന്നതിൻ്റെ തിരക്കിലാണ്. പരിഷത്ത് പ്രവർത്തിക്കുന്ന ചന്ദ്രൻ ഗൗരിയുടെ അച്ഛനെ സാനിറ്റൈസർ ഉണ്ടാക്കാൻ പഠിപ്പിക്കുകയായിരുന്നു. ഗൗരി വളരെ കൗതുകത്തോടെ അത് നോക്കി നിന്നു. ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റിൽ ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ (75ml.), ഗ്ലിസറോൾ (10ml.), ഹൈഡ്രജൻ പെറോക്സൈഡ് (5ml.) ഡി സ്റ്റിൽഡ് വാട്ടർ (10ml.) എന്നിവ ഒഴിച്ച് അച്ഛൻ നന്നായി ഇളക്കി. എന്നിട്ട് ഇഞ്ചി പുൽത്തൈലം, ഓറഞ്ച് ഫ്ളേവർ, ലെമൺ ഫ്ളേവർ എന്നിവയിൽ അച്ഛനിഷ്ടപ്പെട്ട ഓറഞ്ച് ഫ്ളവേർ എടുത്ത് അച്ഛൻ ഓറഞ്ചിൻ്റെ നിറവും മണവും ആ സാനിറ്റൈസറിന് നൽകി. സമീപത്തുള്ള 10 വീടുകളിൽ സാനിറ്റൈസർ ഉണ്ടാക്കി കൊടുക്കാനുള്ള ചുമതല അച്ഛനെ ഏൽപ്പിച്ചിട്ട് ചന്ദ്രൻ മാമൻ പോയി.

	ശുചീകരണ പ്രവർത്തനത്തിന് തയ്യാറായിരിക്കുന്ന രാസവസ്തുക്കളുടെ കിറ്റുകൾ ഗൗരിക്ക് വീണ്ടും ഊർജ്ജം പകർന്നു. അച്ഛനെ പോലെ തന്നെ തനിക്കും നമ്മുടെ പ്രദേശത്തെ ശുചീകരിക്കാനും കുറച്ചു പേരിലെങ്കിലും ശുചിത്വ ബോധം വളർത്താനും വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അവൾ ഉറപ്പിച്ചു. ഉടൻ തന്നെ ഒരു ബോട്ടിൽ സാനിറ്റൈസർ എടുത്ത് കൊണ്ട് അവൾ അപ്പുവിൻ്റെ വീടിനു നേരെ പാഞ്ഞു. തൻ്റെ സ്വപ്നത്തിൽക്കണ്ട മലിന പ്രദേശം പോലെ തോന്നി അപ്പുവിൻ്റെ വീടും പരിസരവും. തൊഴുത്തിന് ചുറ്റും ഗോമൂത്രം കെട്ടി കിടന്നിരുന്നു. തെങ്ങിൻതോപ്പിൽ ഒരു ട്രൗസറ് മാത്രം അണിഞ്ഞ് പശുവിനെ കുളിപ്പിക്കാൻ സഹായിക്കുകയായിരുന്നു അപ്പു.  നിലത്ത് നിരത്തിയിട്ട പച്ചക്കറികൾ അഴുക്കുപുരണ്ട ചാക്കിലേക്ക് അരിഞ്ഞിട്ടുകൊണ്ട് അടുക്കളയിൽ ഇരിക്കുകയാണ് അപ്പുവിൻ്റെ അമ്മ. ഗൗരിയെ കണ്ടപ്പോൾ തന്നെ ഒലിച്ചിറങ്ങിയ മൂക്കള ട്രൗസറിൽ തേച്ചു കൊണ്ട് അവൻ ഗൗരിയുടെ അടുത്തേക്ക് ഓടി വന്നു. അവൻ്റെ ദേഹത്തെ ചാണകത്തിൻ്റെ നാറ്റം ഗൗരിയെ അസ്വസ്ഥയാക്കി. ഗൗരിയുടെ കയ്യിലെ കുപ്പിയിൽ അവൻ കൗതുകത്തോടെ നോക്കി.
	"ഗൗരി ചേച്ചീ.. എന്താ ഇത്? നല്ല മണം!"

"ഇതാണ് സാനിറ്റൈസർ. ഇത് കീടാണുക്കളെ തടയും. പിന്നെ ഈ വൃത്തിയില്ലായ്മ നിൻ്റെ പ്രതിരോധ ശേഷി കുറയ്ക്കും.അതുകൊണ്ട് നീ ഇനിമേലിൽ വൃത്തി ഇല്ലാതെ നടക്കരുത്. വീടിന് വെളിയിൽ ഇറങ്ങുമ്പോൾ ചെരുപ്പുകൾ നിർബന്ധമായും ധരിക്കണം. പിന്നെ ,ഈ പൊട്ടിയ പാത്രങ്ങളിലും മറ്റും വെള്ളം കെട്ടികിടക്കുന്നത് തടയണം കേട്ടോ ".... ഇങ്ങനെ ഓരോ തെറ്റുകളും ചൂണ്ടി 'കാണിച്ച് അവൾ അവനെ ഉപദേശിച്ചു. അവൾ കണ്ട സ്വപ്നം അവനെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അവനും ഒരു ഹീറോ ആയതു പോലെ തോന്നി. അവളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് തൻ്റെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ അവൻ തീരുമാനിച്ചു. ചെരുപ്പിട്ടു, ഗോമൂത്രം കെട്ടിക്കിടക്കുന്നത് തടയണമെന്ന് അവൻ അച്ഛനോട് ആവശ്യപ്പെട്ടു. അവൻ അച്ഛനോടും അമ്മയോടും ഗൗരിയുടെ വാക്കുകൾ പങ്കിട്ടു.

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ അപ്പുവിന് നൽകിയ നിർദേശങ്ങളും സാനിറ്റൈസർ ഉണ്ടാക്കുന്ന വിധവും തൻ്റെ കൂട്ടുകാർക്കെല്ലാം വാട്സാപ്പ് ചെയ്യണമെന്ന് ഗൗരി മനസ്സിൽ ഉറപ്പിച്ചു. ഉമ്മറത്തെത്തിയപ്പോൾ തറയിൽ നിരത്തി വച്ച സാനിറ്റൈസർ കുപ്പികൾ അവളെ നോക്കി അഭിമാനത്തോടെ ചിരിക്കുന്നുണ്ടായിരിന്നു. അഭിനന്ദനം അർപ്പിക്കുകയാണെന്ന പോലെ ജാക്കി അവളെ നോക്കി കുരച്ചു. താനൊരു ഇമ്മിണി വല്ല്യ കാര്യമാണ് ചെയ്തതെന്ന് അവൾക്ക് തോന്നി............"ജാഗ്രത" അവൾ സ്വയം പറഞ്ഞു.

സാഹിതി. ബി. എസ്
6 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ