ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പ്രകൃതിയുടേ സമതുലിതാവസ്ഥയിൽ ഉണ്ടാകുന്ന ആരോഗ്യപരമല്ലാത്ത മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണി ആകുമെന്ന തിരിച്ചറിവ് മനുഷ്യ രാശിക്ക് വേണ്ടത് വളരെ അത്യാവശ്യമാണ് . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കാനുള്ള അവസരമായി ഓരോവർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു . സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം വളരെ പ്രധാനമാണ് . വികസനത്തിനുള്ള പ്രവർത്തനങ്ങൾ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് . മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ മാത്രമല്ല ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാക്കും . ഭൂമിയിലെ ചൂടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ശുദ്ധജലക്ഷാമം ,തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് .പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും, വെള്ളപ്പൊക്കവും ,മണ്ണൊലിച്ചിലും ഭൂമിയുടെ ഫലപുഷ്‌ടിയെ നശിപ്പിക്കുന്നു . വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം . വനനശീകരണം തടയുകയും മരങ്ങൾ വെച്ച് പിടിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യയിലും കേരളത്തിലും കണ്ടുവരുന്ന വനപ്രദേശത്തിന്റെ വിസ്തൃതിക്കുറവ് എന്ന പ്രശ്നത്തിന് പരിഹാരം ആകു . വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺഡയ്ഓക്‌സൈഡ് സ്വീകരിച്ചു താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു . വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു .അമിതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിര്ബന്ധിതരാകുകയും ചെയ്യുന്നു . ജലമലിനീകരണം , വനനശീകരണം , മണ്ണിടിച്ചിൽ , മണ്ണൊലിപ്പ് ,പേമാരി , വരൾച്ച ,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു . തുറസ്സായ സ്ഥലത്തെല്ലാം കഴിയുന്നത്ര മരങ്ങൾ നട്ടുപിടിപ്പിച്ചാൽ പരിസ്ഥിതിയേയും ജൈവ വൈവിധ്യത്തേയും സംരക്ഷിക്കാൻ ഒരു പരിധിവരെ നമുക്ക് കഴിയും .മാനവരാശിയുടെ നിലനിൽപ്പിനു സഹായകമായ ഇത്തരം പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനാചരണങ്ങൾ പ്രചോദനമാകട്ടെ .

ബിബിൻ ബി
3 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം