ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഭൂമിക്ക് ഒരു കുട ചൂടാം..

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്ക് ഒരു കുട ചൂടാം..
 ശ്യാമ സുന്ദരമാണ് നമ്മുടെ ഭൂമി. ധാരാളം വനങ്ങളും, പുഴകളും, സമുദ്രങ്ങളുമൊക്കെയായി വൈവിധ്യങ്ങളുടെ കലവറ തന്നെയാണിത്. എന്നാൽ ഭൂമി രൂപീകൃതമായപ്പോൾ ഇങ്ങനെയായിരുന്നില്ല. സൂര്യനിൽ നിന്നും പൊട്ടിത്തെറിച്ചുണ്ടായ ഒരു ഭാഗമാണ് ഭൂമിയായി രൂപാന്തരപ്പെട്ടത് എന്ന് വിശ്വസിക്കുന്നു. ഭാരമുള്ളതും പാറകൾ നിറഞ്ഞതും ചൂടുള്ളതുമായ പ്രദേശം.അതിൽ നിരന്തരമായി മഴ പെയ്തതിൻ്റെ ഫലമായി ഭൂമി തണുത്ത് ജീവജാലങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ പ്രദേശമായി മാറി. ആ കറുത്ത .രൂപത്തിൽ നിന്നും വർണ്ണാഭമായ ഇപ്പോഴുള്ള ഭൂമിയായി അതിന് മാറ്റം സംഭവിച്ചു. ഓരോരോ ജീവജാലങ്ങൾ രൂപപ്പെട്ടു.പ്രധാന കണ്ണിയായി മനുഷ്യനും.മനുഷ്യൻ്റെ വളർച്ചകളോടൊപ്പം ഭൂമിയുടെ നാശവും ആരംഭിച്ചു. വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി വനങ്ങൾ നശിപ്പിക്കുക ,പ്ലാസ്റ്റിക് കത്തിക്കുക ,നദികളേയും ജലാശയങ്ങളേയും മലിനമാക്കുക തുടങ്ങിയ പ്രവൃത്തികളിൽ മനുഷ്യൻ മുഴുകി. ഭൂമിയുടെ മുഖചിത്രംതന്നെ മാറ്റിയെഴുതി. ഇപ്പോൾ ഓരോ നിമിഷവും ഭൂമി നാശത്തിൻ്റെ വക്കിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യം വച്ചു കൊണ്ടാണ് ഭൗമദിനാചരണം നിലവിൽ വന്നത്.1969ൽ ജോൺ മെക്കോണൽ ആണ് ഭൗമദിന ആചരണം എന്ന ആശയം മുന്നോട്ട് വച്ചത്.1970 ഏപ്രിൽ 22 ന് അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യമായി ഭൗമദിനം ആചരിക്കുന്നത്. അതിനു ശേഷം 141 രാജ്യങ്ങളിലായി ഇത് വ്യാപിച്ചു.

    ആഗോള താപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനമാണ് ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ ഒന്ന്. മാനുഷിക പ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിത ഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്’, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു. സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് എത്തുന്ന ചൂടിൻ്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.ഇൻ്റർ ഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റിക് ചയിഞ്ചിൻ്റെ നിഗമനങ്ങൾ പ്രകാരം ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ ഉണ്ടായ ആഗോള താപ വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യ നിർമ്മിതമായ ഹരിത ഗൃഹ വാതകങ്ങളുടെ അളവിലുണ്ടായ വർദ്ധനയാണ്.ഇത് ഹരിത ഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിൻ്റെ പ്രതല പാളികളിലും താഴ്ന്ന പാളികളിലുമുള്ള താപനില ഉയർത്തുന്നു. മനുഷ്യ പ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് ഇതിനു കാരണം.അനിമൽ അഗ്രിക്കൾച്ചർ ,മീഥൈൽ നൈട്രസ് ഓക്സൈഡ് ഇവയുടെ വർദ്ധനവ് മറ്റൊരു പ്രധാന കാരണം. മാംസാഹാരം, പാൽ ഉത്പാദനം എന്നിവയിലൂടെ വളരെയേറെ ദോഷകരമായ അവസ്ഥയാണ് ആഗോളതലത്തിൽ വരുന്നത്.ഇതിനു വേണ്ടിയുള്ള മൃഗങ്ങളുടെ എണ്ണം തന്നെയാണ് വില്ലൻ. 60 ശതമാനത്തോളം ബയോ മസ് മാംസത്തിനും പാലിനും തോലിനും വേണ്ടി മനുഷ്യൻ ക്രിത്രി മമായി സൃഷ്ടിച്ച മൃഗങ്ങളുടേതാണ്. പുതിയ ഫാസ്റ്റ് ഫുഡ് സംസ്കാരം ഇതിനെ പ്രോത്സാഹിപ്പിക്കുന്നു.

   ആഗോള താപനത്തിൻ്റെ രൂക്ഷമായ പ്രത്യാഘാതങ്ങളിൽ ഒന്ന് സൃഷ്ടിച്ചത് വ്യാവസായിക വിപ്ലവമാണ്. ഇതിനകം ഒരു ഡിഗ്രി സെൻ്റി ഗ്രൈഡിൻ്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഇത് സൃഷ്ടിച്ച താളപ്പിഴ നിസ്സാരമല്ല. ഈ നൂറ്റാണ്ടിൻ്റെ അവസാനത്തിൽ 4° വരെ ഉയരാൻ സാധ്യതയുണ്ട്. വനങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ അന്തരീക്ഷത്തിൽ തിങ്ങിനിറഞ്ഞ കാർബൺ അവ വലിച്ചെടുക്കുമായിരുന്നു. കേരളം നിലവിൽ വന്നപ്പോൾ ഇവിടെ 44% വനമുണ്ടായിരുന്നു. ഇപ്പോൾ അത് 28% ആയി കുറഞ്ഞു. നമ്മുടെ ജലസ്രോതസുകൾ വറ്റാനിടയായി. ഭൂഗർഭ ജലനിരപ്പ് താഴ്ന്നു പോയി. ആഗോള താപനത്തിൻ്റെ ഫലമായി ഉയരുന്ന ചൂടിൻ്റെ 80% വും ആഗിരണം ചെയ്യുന്നത് സമുദ്രമാണ്. ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാറ്റിനു കാരണമാകുന്നു.കൂടാതെ ധ്രുവങ്ങളിൽ മഞ്ഞുരുകുന്നു. ഓരോ വർഷവും 1.8 മിലീമീറ്റർ സമുദ്രനിരപ്പ് ഉയരുന്നുണ്ട്.തുടർച്ചയായ ഈ ജലനിരപ്പ് ഉയരൽ ഇപ്പോൾ മനുഷ്യർ താമസിക്കുന്ന ഇടങ്ങളെ മുക്കിക്കളയും. അത് ഭൂമിയിലെ പല സമുദ്രതീര നഗരങ്ങളേയും ദ്വീപുകളേയും മുക്കിക്കളയും.    ആഗോള താപ വർദ്ധനവ് ഓസോൺ ശോഷണത്തിനും കാരണമാകും. ഭൂമിക്കു ചുറ്റുമുള്ള വാത കാവരണമാണ് ഓസോൺ പാളി.അന്തരീക്ഷത്തിൽ സ്ട്രാറ്റോസ്ഫിയറിലാണ് ഇത്. ഭൂമിയിലേക്ക് വരുന്ന അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന ഒരു കുടയാണിത്. എന്നാൽ മനുഷ്യനിർമ്മിതമായ ചില തൻ മാത്രകൾ അവിടെ എത്തി ഓസോൺ ശോഷണത്തിന് ആക്കം കൂട്ടുന്നു.     1985 മെയ് മാസത്തിൽ ബ്രിട്ടീഷ് അൻ്റാർട്ടിക് സംഘം അൻ്റാർട്ടിക്കയ്ക്കു മുകളിൽ ഓസോൺ പാളിയിൽ സുഷിരങ്ങൾ വീണതായി കണ്ടെത്തി.1990 ൽ 20 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഭൂപ്രദേശം ഓസോൺ പാളിക്കു താഴെ നിലകൊണ്ടു.1998 ആയപ്പോഴേക്കും വിസ്തൃതി വർദ്ധിച്ച് ജനവാസ മേഖലകളിലേക്കു വ്യാപിച്ചു. ഓസോൺ ദ്വാരത്തിലൂടെ ഭൂമിയിൽ എത്തുന്ന അൾ ട്രാവയലറ്റ് രശ്മികൾ മൂലം ത്വക്ക്യാൻസർ, തിമിരം, സൂര്യാഘാതം, അകാല ജര, രോഗപ്രതിരോധ ശക്തിയുടെ കുറവ് ഇങ്ങനെ പല രോഗങ്ങളും ഉണ്ടാകുന്നു. കാർഷിക വിളകൾക്ക് നാശങ്ങൾ ഉണ്ടാകുന്നു. സസ്യ വളർച്ച, പ്രകാശസംശ്ശേഷണം, പൂവിടൽ ഇവയെ ബാധിക്കുന്നതിനാൽ കാർഷിക ഉത്പാദനം കുറയും. CFC യുടെ ഉത്പാദനം കുറയ്ക്കേണ്ട നടപടികൾ അന്താരാഷ്ട്ര തലത്തിൽ സ്വീകരിച്ചിട്ടുണ്ട്.’     അന്തരീക്ഷ താപ വർദ്ധനവ് നിയന്ത്രിക്കാൻ അടിയന്തിര  നടപടികൾ സ്വീകരിക്കണം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണം, വനനശീകരണം ഇല്ലാതാക്കണം, ആമസോൺ കാടുകളിലെ കൃഷി നിർത്തണം, പുതിയ തൈകൾ വച്ചുപിടിപ്പിക്കണം, പ്ലാസ്റ്റിക്കിൻ്റെ ഉത്പാദനവും ജ്വലനവും ഇല്ലാതാക്കണം, AC റഫ്രിജറേറ്റർ തുടങ്ങിയവയിൽ CFC ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. ഭൂമിക്ക് നാശം വിതക്കുന്ന മാനുഷിക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ഭൗമ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം